മലയാള സിനിമ സംഘടനകൾക്ക് സംസ്ഥാന സർക്കാരിന്റെ കത്രിക പൂട്ട് !! സിനിമാമേഖലയിലെ സമസ്തമേഖലകളും ഇനിമുതൽ സർക്കാർ നിയന്ത്രണത്തിൽ !! വിലക്കാനുള്ള സംഘടനകളുടെ അവകാശം ഇനിമുതൽ നിയമവിരുദ്ധം…

വമ്പൻ വിവാദങ്ങൾ, ഗുരുതര ആരോപണങ്ങൾ, വിലക്കുകൾ, സംഘടനാ പോര് അങ്ങനെ നീളുന്നു മലയാളസിനിമയുടെ പ്രശ്നങ്ങൾ. സമീപകാലത്തായി മലയാള സിനിമയിൽ അരങ്ങേറിയ വിവാദങ്ങൾ തികച്ചും ലജ്ജാകരവും അപക്വവും ആണെന്നാണ് ചില സാമൂഹിക നിരീക്ഷകരുടെ വിലയിരുത്തൽ. കൃത്യമായ നിയമസംവിധാനങ്ങളോ ചട്ടക്കൂടുകളെ ഇല്ലാതെ സംഘടനകളുടെ തീരുമാനത്തിന്റെ ബലത്തിൽ മാത്രം പ്രവർത്തിക്കുന്ന മലയാള സിനിമയ്ക്ക് സംസ്ഥാന സർക്കാരിന്റെ കത്രിക പൂട്ട് വീഴുന്നു.നിലവിൽ പ്രതിസന്ധിയായി നിലനിൽക്കുന്ന എല്ലാ പ്രശ്നങ്ങളിലും കൃത്യമായ നിയമ സംവിധാനങ്ങളോടുകൂടിയ ഇടപെടലാണ് സർക്കാർ നടത്താൻ പോകുന്നത്. ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ പൂർണമായും സർക്കാർ ഏറ്റെടുക്കാനുള്ള കരട് നിയമം തയ്യാറായിക്കഴിഞ്ഞു. താരങ്ങളെയും മറ്റും വിലക്കാൻ പാടില്ല, സിനിമാപ്രവർത്തകർ തമ്മിലുള്ള തർക്കങ്ങൾ പരിഹരിക്കാൻ ഉള്ള റെഗുലേറ്ററി അതോറിറ്റി രൂപീകരിക്കും. സിനിമാ രജിസ്ട്രേഷൻ സർക്കാർ സംവിധാനം വഴിയാക്കും സംഘടനകളുടെ രജിസ്ട്രേഷന് ഇതോടെ പ്രാബല്യം ഉണ്ടാവുകയില്ല.
വിലക്കാണ് കടുത്ത ശിക്ഷ എന്ന് പറഞ്ഞു ഭയപ്പെടുത്തുന്ന സംഘടനകളുടെ വലിയ അധികാരം പൂർണമായും ദുർബലപ്പെടുത്താൻ തന്നെയാണ് സംസ്ഥാന സർക്കാരിന്റെ നീക്കം.
സർക്കാർ രൂപീകരിക്കുന്ന റെഗുലേറ്ററി അതോറിറ്റി നിലവിൽ വരുന്നതോടെ തർക്കങ്ങളും പരാതികളും സിനിമാമേഖലയിലെ സംഘടനകൾ കൈകാര്യം ചെയ്യുന്നത് നിയമവിരുദ്ധമാകും.

കർശനമായ നടപടിയുടെ ഭാഗമായി സിനിമാ സംഘടനകൾ നടത്തിവരാറുള്ള വിലക്കുകൾ
നടത്താനുള്ള അവകാശം ഇനിമേൽ സംഘടനകൾക്ക് ഉണ്ടാകുന്നതല്ല. അഭിനേതാക്കൾക്ക് പുറമേ നിർമ്മാണം, വിതരണം എന്നിവ ഉൾപ്പെടെയുള്ള സിനിമയിലെ സമസ്ത മേഖലയിലെ എല്ലാ പരാതികളും സർക്കാർ അതോറിറ്റിയിൽ ഇനിമുതൽ നൽകേണ്ടതാണ്. ജില്ലാ ജഡ്ജി ആയിരിക്കും അതോറിറ്റിയുടെ അധ്യക്ഷൻ കൂടാതെ ചലച്ചിത്ര രംഗത്ത് നിന്നും മുതിർന്ന ഒരാളും സാമ്പത്തിക രംഗത്തിൽ നിന്നും മുതിർന്ന ഒരാളും അംഗമാകുന്നതായിരിക്കും.
ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് സേവനങ്ങൾ ഇനിമുതൽ സർക്കാർ നിയന്ത്രണത്തിൽ ഉൾപ്പെടുത്തുമെന്നാണ് മറ്റൊരു സുപ്രധാനമായ തീരുമാനം. നിലവിൽ ഓൺലൈൻ ടിക്കറ്റ് ബുക്കിംഗ് 90 ശതമാനവും സ്വകാര്യ കമ്പനിയുടെ ആപ്പ് വഴിയാണ് പ്രവർത്തിക്കുന്നത്.

എന്നാൽ ഇനി മുതൽ ബുക്കിംഗ് സംവിധാനങ്ങൾ സർക്കാർ നിയന്ത്രണത്തിൽ വരുന്നതോടെ പ്രേക്ഷകന് ടിക്കറ്റ് ചാർജിൽ ഗണ്യമായ കുറവ് അനുഭവിക്കാനാവും. സംഘടനാ പ്രശ്നങ്ങൾ മൂലം മലയാളസിനിമയെ അപകീർത്തിപ്പെടുത്തുന്ന തരത്തിലുള്ള വിവാദപരമായ വാർത്തകളാണ് ദേശീയതലത്തിൽ വരെ വലിയ രീതിയിൽ ശ്രദ്ധിക്കപ്പെട്ടത്. ഈ പ്രശ്നങ്ങൾക്കെല്ലാം കൃത്യമായ അവസാനം കണ്ടെത്താൻ സംസ്ഥാനസർക്കാരിന്റെ കാർക്കശ്യത്തോടെയുള്ള ഇടപെടലുകൾക്ക് സാധിക്കുമെന്ന് തന്നെയാണ് നിയമവിദഗ്ധരുടെ അഭിപ്രായം.