സൈഡ് ബെഞ്ചിലായി സഞ്ജു സാംസണ്‍; പേസറിന് ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള യോഗ്യത ഇല്ല, രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത്

2020 ലോകകപ്പിന് മുമ്പ് ശക്തമായ ടീമിനെ വാര്‍ത്തെടുക്കാനുള്ള തിരക്കിലാണിപ്പോള്‍ ഇന്ത്യ. ബാറ്റിംങിലും ബൗളിങിലും ഇപ്പോഴും ആശയക്കുഴപ്പങ്ങള്‍ നിലനില്‍ക്കുന്നുണ്ടെങ്കിലും നടക്കാനിരിക്കുന്ന ഏഴ് ട്വന്റി 20 പരമ്പരകള്‍ കൊണ്ട് ഇത് പരിഹരിക്കാനാവുമെന്ന കണക്കുകൂട്ടലിലാണ് ബിസിസിഐ. അടുത്ത ലോകകപ്പില്‍ യുവനിരയ്ക്കായിരിക്കും കൂടുതല്‍ പ്രാമുഖ്യമെന്ന് സെലക്ഷന്‍ കമ്മിറ്റി നേരത്തെ അറിയിച്ചിട്ടുണ്ട്. ബംഗ്ലാദേശിനെതിരായ ട്വന്റി 20 പരമ്പരയില്‍ യുവനിരയെയാണ് എംഎസ്‌കെ പ്രസാദും സംഘവും നിയോഗിച്ചത്. ഈ നിരയില്‍ ഖലീല്‍ അഹമ്മദ്, ദീപക് ചഹാര്‍, ശിവം ദൂബെ, റിഷഭ് പന്ത്, കെ.എല്‍ രാഹുല്‍, വാഷിങ്ടണ്‍ സുന്ദര്‍ തുടങ്ങിയ താരങ്ങള്‍ക്ക് പരമ്പരയില്‍ അവസരം ലഭിച്ചു.

എന്നാല്‍ ആഭ്യന്തര ഐപിഎല്‍ സീസണുകളില്‍ തിളങ്ങിയിട്ടും മലയാളി താരം സഞ്ജു സാംസണിനെ മൂന്ന് കളിയിലും സൈഡ് ബെഞ്ചിലിരുത്തിയ കാഴ്ച്ചയാണ് നാം കാണാനായത്. ബംഗ്ലാദേശിനെതിരെ ഒരവസരം പോലും ലഭിക്കാത്ത സഞ്ജുവിന് അടുത്ത മാസത്തെ പരമ്പരയിലെങ്കിലും കളിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ് ആരാധകര്‍. വെസ്റ്റ് ഇന്‍ഡീസിനെതിരെയാണ് ഇന്ത്യയുടെ അടുത്ത ട്വന്റി 20 പരമ്പര. ഡിസംബര്‍ ആറിന് മുംബൈ വാങ്കഡേ സ്റ്റേഡിയം ആദ്യ മത്സരത്തിന് സാക്ഷിയാവും. എട്ടാം തീയതി തിരുവനന്തപുരം ഗ്രീന്‍ഫീല്‍ഡ് രാജ്യാന്തര സറ്റേഡിയത്തിലാണ് ഇന്ത്യ-വെസറ്റ് ഇന്‍ഡീസ് രണ്ടാം ട്വന്റി 20. 11ന് ഹൈദരാബാദില്‍ വെച്ച് പരമ്പരയിലെ അവസാന മത്സരവും നടക്കും.

ബംഗ്ലാദേശിനെതിരായ ടി20 പരമ്പരയില്‍ ഇന്ത്യന്‍ ടീമിലെ ഏറ്റവും മോശം പ്രകടനം കാഴ്ച്ചവെച്ച യുവ പേസര്‍ ഖലീല്‍ അഹമ്മദിനെതിരെ രൂക്ഷ വിമര്‍ശനം ഉന്നയിച്ച് മുന്‍ ഓപ്പണര്‍ കെ.ശ്രീകാന്ത് രംഗത്തെത്തി. കഴിഞ്ഞ വര്‍ഷം നടന്ന ഏഷ്യാ കപ്പിലെ മികച്ച പ്രകടനത്തോടെയാണ് ഖലീല്‍ ശ്രദ്ധിക്കപ്പെടുന്നത്. എന്നാല്‍ ഈ പ്രകടനം ഇപ്പോള്‍ ആവര്‍ത്തിക്കാന്‍ ഖലീലിന് കഴിഞ്ഞിട്ടില്ല. ബംഗ്ലാദേശിനെതിരെ ഒട്ടേറെ റണ്‍സ് വഴങ്ങിയ ഖലീലിന് വിക്കറ്റെടുക്കുന്നതിലും വീഴ്ച്ചപറ്റി.

ഈ സാഹചര്യത്തിലാണ് ഖലീലിനെതിരെ രൂക്ഷ വിമര്‍ശനവുമായി ശ്രീകാന്ത് രംഗത്തെത്തിയത്. തുറന്നു പറയുകയാണങ്കില്‍ ഈ ഫോര്‍മാറ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനുള്ള യോഗ്യത ഖലീലിനില്ല. സ്വന്തം പ്രകടനം മെച്ചപ്പെടുത്താന്‍ ഖലീലിന് ഇനിയും അവസരമുണ്ട്. എന്നാല്‍ വളരെ വേഗത്തില്‍ തെറ്റ് തിരുത്തി ഖലീല്‍ ഫോം വീണ്ടെടുത്തേ തീരുവെന്ന് ശ്രീകാന്ത് ഒരു ദേശീയ മാധ്യമത്തിന്റെ കോളത്തില്‍ കുറിച്ചു. ടി 20യില്‍ ഒമ്പതാണ് ഖലീലിന്റെ ഇക്കോണമി റേറ്റ്. നിലവിലെ ഇന്ത്യന്‍ പേസ് ബൗളിങിന്റെ നിലവാരവുമായി താരതമ്യം ചെയ്യുമ്പോള്‍ ഖലീലിന്റെ റേറ് ശരാശരിക്കും താഴെയാണ്.

സീനിയര്‍ പേസര്‍മാരുടെ അഭാവത്തില്‍ തന്റെ മികവ് പുറത്തെടുക്കാനുള്ള ഏറ്റവും മികച്ച അവസരമാണ് ഖലീലിന് ബംഗ്ലാദേശിനെതിരെയുള്ള പരമ്പരയില്‍ ലഭിച്ചത്. എന്നാലിത് ഉപയോഗപ്പെടുത്തുന്നതില്‍ പേസര്‍ പരാജയപ്പെടുകുയായിരുന്നു. ഇന്ത്യയ്ക്ക് വേണ്ടി 11 ഏകദിനങ്ങളിലും 12 ടി20 കളികളിലുമാണ് ഖലീല്‍ ഇതുവരെ മത്സരിച്ചിട്ടുള്ളത്. ഏകദിനത്തില്‍ നിന്ന് പതിനഞ്ചും ടി20യില്‍ നിന്ന് പതിമൂന്നും വിക്കറ്റുകളാണ് ഖലീലിന് നേടാനായത്.