കളവ് പോയ ബാഗിലെ സര്‍ട്ടിഫിക്കറ്റ് വിഷ്ണുവിന് തിരികെ കിട്ടിയപ്പോള്‍ ജര്‍മന്‍ കപ്പലിലെ ജോലി സ്വപ്‌നം കണ്ട വിഷ്ണുവിന് കരഞ്ഞു കൊണ്ട് ഒന്നേ പറയാനുള്ളൂ….

തൃശൂര്‍: ഏഴ് വര്‍ഷത്തെ സാധാരണ ജോലിക്ക് ശേഷം ജര്‍മന്‍ കപ്പലിലെ നല്ല ശമ്പളമുള്ള ജോലി ലഭിച്ച ഗൂഡല്ലൂര്‍ സ്വദേശി വിഷ്ണുപ്രസാദിന്റെ കൈയ്യില്‍ നിന്ന് ഒര്‍ജിനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ അടങ്ങിയ ബാഗ് കഴിഞ്ഞ ദിവസം മോഷണം പോയിരുന്നു. തൃശൂരില്‍ നിന്നും കൊച്ചിയിലേയ്ക്ക് പോകുന്നതിനായി റെയില്‍വേ സ്‌റ്റേഷനില്‍ ഇരിക്കുമ്പോഴാണ് വിഷ്ണുവിന്റെ ബാഗ് ചോരന്‍ തട്ടിയെടുത്തത്. ജര്‍മന്‍ കപ്പലിലെ ജോലിക്കായി ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കാന്‍ പോകുന്നതിനിടെയായിരുന്നു സംഭവം. ഒടുവില്‍ വിഷ്ണുവിന് തന്റെ സര്‍ട്ടിഫിക്കറ്റ് തിരികെ ലഭിച്ചു. കൈവിട്ട് പോയെന്ന് കരുതിയ ജീവിതം വിഷ്ണുവിന് തിരികെ ലഭിച്ചു. ചോരന്‍ കൊണ്ട് പോയ ബാഗ് വടക്കുംനാഥ ക്ഷേത്രത്തിന് അടുത്ത് നിന്നാണ് വിഷണുവിന് തിരികെ ലഭിച്ചത്. കഴിഞ്ഞ ദിവസമാണ് വിഷ്ണുവിന് സര്‍ട്ടിഫിക്കേറ്റുകള്‍ അടങ്ങിയ ബാഗ് നഷ്ടമായത്. തന്റെ വസ്ത്രങ്ങളും ഫോണും ചോരന്‍ കൊണ്ടു പോയാലും സര്‍ട്ടിഫിക്കറ്റുകള്‍ ദയവായി തിരികെ നല്‍കണമെന്നപേക്ഷിച്ച് വിഷ്ണു സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ച പോസ്റ്റ് വൈറലായിരുന്നു.

കരഞ്ഞു കൊണ്ടാണ് വിഷ്ണുപ്രസാദിന് പോസ്റ്റ് പങ്കുവെച്ചത്. ആ ബാഗിലെ ഫോണും വസ്ത്രങ്ങളും ചോരന്‍ എടുത്തോട്ടേ. ഇരുപതു വര്‍ഷത്തോളം പഠിച്ചുണ്ടാക്കിയ സര്‍ട്ടിഫിക്കറ്റുകള്‍ തിരികെ വേണം. ഉപേക്ഷിക്കപ്പെട്ട ബാഗില്‍ സര്‍ട്ടിഫിക്കറ്റുകള്‍ കണ്ടാല്‍ ട്രെയിന്‍ യാത്രക്കാര്‍ തൃശൂര്‍ റയില്‍വേ പൊലീസിനെ അറിയിക്കണമെന്നായിരുന്നു വിഷ്ണുവിന്റെ അഭ്യര്‍ഥന. ആ സര്‍ട്ടിഫിക്കറ്റുകള്‍ കിട്ടിയില്ലെങ്കില്‍ സാധാരണ ഹോട്ടലിലെ സപ്ലൈയര്‍ ആയി ജോലി ചെയ്യേണ്ടി വരും. ട്രെയിന്‍ യാത്രയില്‍ ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ കൊണ്ടുപോകാറില്ല. ജര്‍മന്‍ കപ്പല്‍ കമ്പനി ഒറിജിനല്‍ കാണണമെന്ന് ആവശ്യപ്പെട്ടതിനാല്‍ കൊണ്ടുപോയതാണ്. ഇങ്ങനെയായിരുന്നു വിഷണുവിന്റെ പോസ്റ്റ്.

വീടിന്റെ പ്രതീക്ഷയായിരുന്നു വിഷ്ണുവിന് കിട്ടിയ ജോലി. പ്രതിമാസം 85,000 രൂപ ശമ്പളത്തില്‍ ജര്‍മന്‍ കപ്പലില്‍ അസോസിയേറ്റ് തസ്തികയില്‍ നിയമനം. ഒറിജനല്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഹാജരാക്കിയാല്‍ മാത്രമേ നിയമന ഉത്തരവ് കിട്ടൂ. അതിനുള്ള യാത്രയിലാണ് എല്ലാം നഷ്ടപ്പെട്ടത്. ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. തൃശൂര്‍ റയില്‍വേ സ്റ്റേഷനില്‍ കാത്തിരിപ്പുമുറിയില്‍ ഇരിക്കുകയായിരുന്നു വിഷ്ണു. അല്‍പം മയങ്ങിപ്പോയി. ഉണര്‍ന്നപ്പോള്‍ മടിയിലിരുന്ന ബാഗ് കാണാനില്ല. ഉടനെ, തൊട്ടടുത്തുള്ള റയില്‍വേ സ്റ്റേഷനില്‍ വിവരം അറിയിച്ചു. സ്റ്റേഷന്‍ പരിസരം നന്നായി തിരയാനായിരുന്നു പൊലീസിന്റെ നിര്‍ദ്ദേശം. രാവുംപകലും തിരഞ്ഞെങ്കിലും ബാഗ് കിട്ടിയില്ല. പാസ്‌പോര്‍ട്ട്, കപ്പലില്‍ യാത്ര ചെയ്യാനുള്ള അനുമതി പത്രം തുടങ്ങി വിലപ്പെട്ട രേഖകളെല്ലാം നഷ്ടപ്പെട്ടിരുന്നു. ഹോട്ടല്‍ മാനേജ്‌മെന്റാണ് യോഗ്യത. വിവിധ ആഡംബര ഹോട്ടലുകളില്‍ ജോലി ചെയ്തതിന്റെ പരിശീലന സര്‍ട്ടിഫിക്കറ്റുകളും ബാഗിലുണ്ടായിരുന്നു. ബാഗ് തിരിച്ചു കിട്ടിയില്ലെങ്കില്‍ ജീവിതം മുന്നോട്ടു പോകില്ലെന്ന് വിഷ്ണു പറഞ്ഞിരുന്നു. വിഷ്ണുവിന് വേണ്ടി അഭ്യര്‍ഥിച്ചുകൊണ്ട് നിരവധി ചലച്ചിത്രതാരങ്ങളും രംഗത്തെത്തിയിരുന്നു.