ഒരുകാലത്ത് മലയാള സിനിമയില്‍ സൂപ്പര്‍ ഹിറ്റുകള്‍ മാത്രം സമ്മാനിച്ച സംവിധായകനാണ് വിനയന്. മലയാള സിനിമയിലേയ്ക്ക് നിരവധി യുവപ്രതിഭകളെ സമ്മാനിച്ച സംവിധായകന് കൂടിയാണ് വിനയന്. ആകാശഗംഗ, വാസന്തിയും ലക്ഷ്മിയും പിന്നെ ഞാനും, കല്യാണ സൗഗന്ധികം, രാക്ഷസരാജാവ്, വെള്ളിനക്ഷത്രം, ഇന്‍ഡിപെന്‍ഡന്‍സ് ഡേ തുടങ്ങീ നിരവധി സിനിമകളിലൂടെ അദ്ദേഹം മലയാളികളുടെ പ്രിയ സംവിധായകനായി മാറി. അപ്രതീക്ഷിതമായിട്ടായിരിക്കും അദ്ദേഹത്തിന്റെ പല സിനിമകളും പിറക്കുന്നത്. അത്തരത്തിലൊരു അനുഭവം അദ്ദേഹം തുറന്നു പറയുകയാണ്. അടുത്തിടെ ഒരു മാധ്യമത്തിന് നല്കിയ അഭിമുഖത്തിലാണ് വിനയന് ഇക്കാര്യം വ്യക്തമാക്കിയത്.
വിനയന്റെ വാക്കുകളിലേയ്ക്ക്-
‘ഇഷ്ടം പോലെ സബ്ജക്ടുകള്‍ എന്റെ കൈയിലുണ്ടായിരുന്നു. എനിക്ക് ഇപ്പോഴും ഓര്‍മ്മയുണ്ട്. ദാദാ സാഹിബ് കഴിഞ്ഞിട്ട് നില്ക്കുമ്പോള് മമ്മൂക്കയ്ക്ക് ഷാജി കൈലാസിന്റെ പടമായിരുന്നു അടുത്തത്. മോഹന്‍ലാലിന്റെ ഏതോ ഡേറ്റ് വന്നപ്പോള്‍ ഷാജി അങ്ങോട്ട് മാറി. മമ്മൂക്കയ്ക്ക് ദേഷ്യമായി. മമ്മൂക്ക എന്നോടു ചോദിച്ചു, വിനയന് അടുത്ത പടം ചെയ്യാന്‍ പറ്റോ? ആ സമയത്ത് കരുമാടിക്കുട്ടന് നടക്കുവാണ്.
മമ്മൂക്ക, എന്റേല് കഥയില്ല എന്ന് പറഞ്ഞപ്പോള്‍, താന്‍ വിചാരിച്ചാല്‍ കഥയുണ്ടാകും എന്ന മറുപടിയാണ് അദ്ദേഹം പറഞ്ഞത്. എനിക്കും അപ്പോള്‍ ഒരു വാശിയായി. ഓകെ മമ്മൂക്ക രണ്ട് ദിവസത്തിനകം ഞാന്‍ വരാമെന്ന് പറഞ്ഞു. ആ സമയത്ത് ആലുവ കൊലക്കേസ് കിടന്ന് കറങ്ങുന്ന സമയമാണ്. അങ്ങനെ മമ്മൂക്ക ത്രില്ലടിച്ച് കേട്ട് ചെയ്ത പടമാണ് രാക്ഷസരാജാവ്’.
അപ്രതീക്ഷിതമായി പിറന്ന രാക്ഷസരാജാവ് മലയാളികള്‍ക്ക് എക്കാലത്തെയും മികച്ച ചിത്രങ്ങളിലൊന്നായിരുന്നു. 2001ല്‍ മമ്മൂട്ടി, ദിലീപ്, കാവ്യ മാധവന്, കലാഭവന്‍ മണി, മീന, മന്യ എന്നിവര്‍ സുപ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് രാക്ഷസരാജാവ്. വിനയന്, സുനില്‍.കെ.ആനന്ദ് എന്നിവര്‍ ചേര്‍ന്നാണ് കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയത്.

Farsana is an Associate Editor who helps oversee Online Peeps coverage of Entertainment News. She can be reached at [email protected]