വിക്രമിന്റെ റെക്കോര്‍ഡ് തകര്‍ത്ത് വിജയ്

വിക്രമിന്റെ നാല് വര്‍ഷത്തെ റെക്കോര്‍ഡ് തകര്‍ത്ത് ദളപതി വിജയ്. വെറും രണ്ടാഴ്ച്ച കൊണ്ടാണ് വിജയ് വിക്രമിന്റെ റെക്കോര്‍ഡ് മറികടന്നത്. വിജയുടെ ഏറ്റവും പുതിയ ചിത്രമായ ബിഗില്‍ ഇപ്പോഴും തിയേറ്ററുകളില്‍ വിജയകരമായി മുന്നേറുകയാണ്. ദീപാവലി റിലീസായെത്തിയ ചിത്രത്തിന് തമിഴ് നാട്ടിലെന്ന പോലെ കേരളത്തിലും മികച്ച സ്വീകാര്യതയായിരുന്നു തിയേറ്ററുകളില്‍ ലഭിച്ചത്.

അതുപോലെ തന്നെ ബിഗില്‍ കളക്ഷന്റെ കാര്യത്തിലും മുന്നിലാണ്. കഴിഞ്ഞ ദിവസം ബിഗില്‍ 300 കോടി ക്ലബ്ബില്‍ ഇടംപിടിച്ചിരുന്നു. തെറി, മെര്‍സല്‍, ഇപ്പോഴിതാ ബിഗിലും. ഇതോടെ വിജയ്-അറ്റ്‌ലീ കൂട്ടുകെട്ട് ഹാട്രിക് ഹിറ്റാണ് സ്വന്തമാക്കിയിരിക്കുന്നത്. കേരളത്തില്‍ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ തമിഴ് ചിത്രവും ബിഗിലാണ്. നാല് വര്‍ഷം മുമ്പ് വിക്രമിന്റെ ഐ നേടിയ റെക്കോര്‍ഡാണ് രണ്ടാഴ്ച്ച കൊണ്ട് ബിഗില്‍ സ്വന്തമാക്കിയത്.

കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ ലഭിച്ച തമിഴ് ചിത്രങ്ങളില്‍ വിജയുടെ ആറ് ചിത്രങ്ങളുണ്ട്. മെര്‍സല്‍, സര്‍ക്കാര്‍, തെറി, തുപ്പാക്കി, കത്തി എന്നിവയാണ് കൂടുതല്‍ കളക്ഷന്‍ ലഭിച്ച വിജയ് ചിത്രങ്ങള്‍. റിലീസ് ദിനത്തില്‍ 4.5 കോടിയിലധികമായിരുന്നു കേരളത്തില്‍ നിന്ന് മാത്രായി ബിഗില്‍ നേടിയത്. വിജയ്ക്ക് തൊട്ടുപിന്നാലെ രജനികാന്തുമുണ്ട്. എന്തിരന്‍, 2.0, കബാലി തുടങ്ങീ സിനിമകളാണ് കേരളത്തില്‍ നിന്നും ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രജനി ചിത്രങ്ങള്‍.

ദീപാവലിക്ക് കാര്‍ത്തിയുടെ കൈദിക്കൊപ്പമാണ് ബിഗില്‍ തിയേറ്ററുകളിലെത്തിയത്. 180 കോടി ബഡ്ജറ്റില്‍ എജിഎസ് എന്റര്‍ടെയ്ന്‍മെന്റ്‌സാണ് ചിത്രം നിര്‍മ്മിച്ചത്. പൃഥ്വിരാജ് സുകുമാരനാണ് ബിഗില്‍ കേരളത്തില്‍ വിതരണത്തിനെത്തിച്ചത്. ലേഡി സൂപ്പര്‍സ്റ്റാര്‍ നയന്‍താരയാണ് ചിത്രത്തില്‍ വിജയുടെ നായികയായെത്തുനനത്. ജാക്കി ഷറഫ്, വിവേക്, വര്‍ഷ ബൊലമ്മ, യോഗി ബാബു, കതിര്‍, ഇന്ദുജ, ഇന്ദ്രജ ശങ്കര്‍, അമൃത അയ്യര്‍ തുടങ്ങിയവരും ചിത്രത്തില്‍ സുപ്രധാന വേഷങ്ങളിലെത്തിയിരുന്നു.

സ്‌പോര്‍ട്‌സ് ത്രില്ലറായി ഒരുങ്ങിയ ചിത്രത്തിന്റെ ട്രെയിലര്‍ നേരത്തെ തന്നെ സോഷ്യല്‍ മീഡിയകളില്‍ തരംഗമായി കഴിഞ്ഞിരുന്നു. ട്രെയിലറിന് പുറമെ ചിത്രത്തിലെ ഗാനങ്ങളും തരംഗമായിരുന്നു. വിജയ് ഇരട്ടവേഷത്തിലെത്തുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ട്. തെറി, മെര്‍സല്‍ തുടങ്ങിയ ചിത്രങ്ങള്‍ക്ക് ശേഷമാണ് വിജയ്-അറ്റ്‌ലീ കൂട്ടുകെട്ടില്‍ ബിഗില്‍ ഒരുങ്ങിയത്. ചിത്രത്തിന് യു/എ സര്‍ട്ടിഫിക്കറ്റും സെന്‍സര്‍ ബോര്‍ഡ് നല്‍കിയിരുന്നു. തമിഴ് സിനിമാ ചരിത്രത്തിലെ ഏറ്റഴും വലിയ തിയേറ്റര്‍ വിജയം കൂടിയാണ് ബിഗില്‍.