“വെളുത്ത ശരീരമുള്ളവരെ മാത്രമെ പരിഗണിക്കൂ…? ഉടല്‍ ഒരു കെണിയാണ്, ചതിയും” ഈ ചതിയെ ജനം തിരിച്ചറിയുമോ?

വര്‍ഷങ്ങള്‍ക്ക് മുമ്പ് ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തില്‍ മോഹന്‍ലാലിനൊപ്പം തുള്ളിച്ചാടി നടന്നഭിനയിച്ച ആ നിഷ്‌കളങ്കനായ ബാലനെ മലയാളികള്‍ അത്ര പെട്ടെന്ന് മറക്കാനിടയില്ല. ആദ്യ ചിത്രത്തിലൂടെ തന്നെ ബാലതാരത്തിനുള്ള സംസ്ഥാന സര്‍ക്കാര്‍ പുരസ്‌കാരം സ്വന്തമാക്കിയ മണി ഇപ്പോള്‍ കൊച്ചു കുട്ടിയല്ല. മണിയെ നായകനാക്കി ആഷിഖ് അബു അവതരിപ്പിക്കുന്ന ഉടലാഴം എന്ന ചിത്രം ഡിസംബര്‍ ആറിനാണ് തിയേറ്ററുകളിലെത്തുന്നത്.

ഇത് മണിയുടെ രണ്ടാം വരവ് കൂടിയാണ്. 13 വര്‍ഷത്തിന് ശേഷമുള്ള മണിയുടെ ഈ തിരിച്ചുവരവ് പ്രേക്ഷകരെ നിരാശപ്പെടുത്തില്ല. കാരണം ഉടലാഴം പ്രദര്‍ശനത്തിനെത്തും മുമ്പേ നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു. അന്താരാഷ്ട്ര വേദികളില്‍ അംഗീകാരം നേടിയ ഉടലാഴം തിയേറ്ററുകളിലെത്തുന്നു. പതിനാലാം വയസ്സില്‍ ഗോത്രാചാരപ്രകാരം വിവാഹം ചെയ്ത ഗുളികന്‍ എന്ന ട്രാന്‍സ്‌ജെന്‍ഡറിന്റെ ശരീരത്തെ കുറിച്ചുള്ള തിരിച്ചറിവാണ് ഉടലാഴം.

ഈ ചിത്രത്തിലൂടെ ഒരു ആദിവാസി യുവാവ് ആദ്യമായി നായകനാവുകയാണ്. ആദിവാസിയായ ട്രാന്‍സ് ജെന്‍ഡറുടെ വേഷത്തിലാണ് മണി ചിത്രത്തിലെത്തുന്നത്. സിനിമയിലെ കഥാപാത്രമാകുന്നതിനായി മണി ട്രാന്‍സ്‌ജെന്‍ഡറുകളുടെ ജീവിതം തന്നെ പഠിച്ചു. ഇതിനായി ചെന്നൈയ്ക്ക് സമീപം നടക്കുന്ന കുവാഗത്തെ അവരുടെ ഉത്സവം നേരില്‍ കാണുകയും ചെയ്തു. ശരീരത്തിന്റെ രാഷ്ട്രീയം പച്ചയായി അനുഭവിപ്പിക്കുന്ന ചിത്രം കൂടിയാണിത്.

പച്ച ജീവിതം എങ്ങനെ മനുഷ്യനെ അനുഭവിപ്പിക്കാനാകും എന്ന അന്വേഷണമാണ് ചിത്രം. ശരീര ശാസ്ത്രത്തിന് പകരം പ്രതിഭയല്ലേ ഒരാളുടെ സ്വത്വമാകേണ്ടതെന്ന ചോദ്യവും സിനിമ മുന്നോട്ടു വെയ്ക്കുന്നുണ്ട്. വെളുത്ത ശരീരമുള്ളവരെ സമൂഹം നന്നായി പരിഗണിക്കുന്നുവെന്നാണ് ചിത്രത്തിലെ നായകന്‍ കരുതിയിരിക്കുന്നത്. ‘ഉടല്‍ ഒരു കെണിയാണ്, പലപ്പോഴും ചതിയാണ്’- ഉടലാഴത്തിലെ ഒരു കഥാപാത്രത്തിന്റെ വാക്കുകളാണിത്. ഈ സമൂഹത്തില്‍ ഉടല്‍ എങ്ങനെയാണ് ചതിയും കെണിയുമാകുന്നതെന്ന് അന്വേഷിക്കുന്നുണ്ട്. ഉടലാഴം ഗോത്രജീവിതം മാത്രമല്ല, ഗുളികനിലൂടെ മറ്റ് ശരീരങ്ങളിലേയ്ക്കുള്ള കാഴ്ച്ച കൂടിയാണ്.

ഉണ്ണികൃഷണന്‍ ആവള സംവിധാനം ചെയ്ത ചിത്രം ആഷിഖ് അബുവാണ് അവതരിപ്പിക്കുന്നത്. ഉണ്ണിക്കൃഷ്ണന്‍ ആവള തന്നെയാണ് രചനയും നിര്‍വഹിക്കുന്നത്. മണിയെ കൂടാതെ അനുമോള്‍, രമ്യ വല്‍സല, ഇന്ദ്രന്‍സ്, ജോയ് മാത്യു, സജിത മഠത്തില്‍, നിലമ്പൂര്‍ ആയിഷ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നു. നിലമ്പൂര്‍, കോഴിക്കോട്, ചെന്നൈ, വയനാട് എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. സ്വാഭാവിക വെളിച്ചവും ശബ്ദവും ഉപയോഗിച്ചായിരുന്നു ചിത്രീകരണം.

ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ ഡോ.മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്നാണ് നിര്‍മ്മാണം. എ.മുഹമ്മദാണ് ഛായാഗ്രഹണം. സിതാര കൃഷ്ണകുമാറും മിഥുന്‍ ജയരാജും ചേര്‍ന്ന് സംഗീത സംവിധാനവും ബിജിപാല്‍ പശ്ചാത്തല സംഗീതവും ഒരുക്കുന്നു. സൗണ്ട് ഡിസൈന്‍ രംഗനാഥ് രവിയും എഡിറ്റിംഗ് അപ്പു ഭട്ടതിരിയും നിര്‍വ്വഹിക്കുന്നു. ’72 ഫിലിം കമ്പനി’ യാണ് ചിത്രം തിയേറ്ററുകളിലെത്തിക്കുന്നത്. റിലീസിന് മുന്നോടിയായി നിയമസഭാ സാമാജികര്‍ക്കും മാധ്യമ പ്രവര്‍ത്തകര്‍ക്കുമായി ഒരു പ്രത്യേക പ്രിവ്യൂ ഷോ ഇന്ന് (നവംബര്‍ 13) വൈകിട്ട് ആറ് മണിക്ക് തിരുവനന്തപുരം കലാഭവന്‍ തിയേറ്ററില്‍ വെച്ച് നടത്തും.