മണിക്കൊപ്പം ഇന്ദ്രന്‍സ് മാനറിസങ്ങളുമായി ഉടലാഴം തിയേറ്ററുകളിലേയ്ക്ക്

നിരവധി അന്താരാഷ്ട്ര ചലച്ചിത്ര മേളകളില്‍ പ്രേക്ഷക പ്രശംസ നേടിയ ഉണ്ണികൃഷ്ണന്‍ ആവളയുടെ ഉടലാഴം ഡിസംബര്‍ ആറിന് തിയേറ്ററുകളിലെത്തുന്നു. സംവിധായകന്‍ ആഷിഖ് അബുവാണ് ഉടലാഴം തിയേറ്ററുകളിലെത്തിക്കുന്നത്. മണി, അനുമോള്‍, ഇന്ദ്രന്‍സ് തുടങ്ങിയവരാണ് ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങള്‍. രമ്യ, വല്‍സല, അനുമോള്‍ എന്നിവരാണ് ചിത്രത്തിലെ നായികമാര്‍.

ഗുളികന്‍ എന്ന ആദിവാസി ട്രാന്‍സ് യുവാവിന്റെ കഥ പറയുന്ന ചിത്രമാണ് ഉടലാഴം. ഫോട്ടോഗ്രാഫര്‍ എന്ന ചിത്രത്തിലൂടെ സംസ്ഥാന അവാര്‍ഡ് നേടിയ മണിയാണ് ഉടലാഴത്തിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ ഗുളികനായി വേഷമിടുന്നത്. ഓടിയോടി നഗരത്തിലെത്തുന്ന ഗുളികന് ലഭിക്കുന്ന സ്‌നേഹത്തിന്റെ ഒരു പച്ചത്തുരുത്താണ് മൂര്‍ത്തിയേട്ടന്‍. ചിത്രത്തില്‍ ഇന്ദ്രന്‍സ് എന്ന അതുല്യ നടന്‍ പ്രത്യേക മാനറിസത്തോടെ തന്റെ റോള്‍ വേറിട്ടതാക്കിയിരിക്കുന്നു.

കഴിഞ്ഞ വര്‍ഷം കേരള രാജ്യാന്തര ചലച്ചിത്രമേളയിലേയ്ക്കും ഉടലാഴം തിരഞ്ഞെടുക്കപ്പെട്ടിരുന്നു. മുംബൈ ഫിലിം ഫെസ്റ്റിവലില്‍ ഇന്ത്യന്‍ പ്രീമിയറായി പ്രദര്‍ശിപ്പിക്കപ്പെട്ട ചിത്രം കൂടിയാണിത്. ഡോക്ടേഴ്‌സ് ഡിലമയുടെ ബാനറില്‍ ഡോ.മനോജ്.കെ.ടി, ഡോ.രാജേഷ് എം.പി, ഡോ.സജീഷ് എം എന്നിവര്‍ ചേര്‍ന്നാണ് ഉടലാഴം നിര്‍മ്മിച്ചിരിക്കുന്നത്. മുഹമ്മദ് എ ഛായാഗ്രഹണം നിര്‍വ്വഹിക്കും. സിത്താര കൃഷ്ണകുമാര്‍, മിഥുന്‍ ജയരാജ് എന്നിവരാണ് സംഗീതം.