തൊട്ടുകൂടായ്‌മയ്‌ക്കും അയിത്തത്തിനും എതിരായിട്ട് പറഞ്ഞ വാക്കുകൾ മാധ്യങ്ങൾ വളച്ചൊടിച്ചതിനു ഞാൻ ബാധ്യസ്ഥനല്ല. ഞാൻ പറയാത്ത കാര്യത്തിന് ഞാൻ ഉത്തരവാദി ആയിരിക്കില്ല: ടോവിനോ തോമസ്

അനിൽ രാധാകൃഷ്ണ മേനോൻ-ബിനീഷ് ബാസ്റ്റിൻ വിവാദം വലിയ ചർച്ചയായ സാഹചര്യത്തിലാണ് ടൊവിനോയുടെ വാക്കുകൾ പുറത്ത് വന്നത്. അത് പല വിധത്തിൽ വ്യാഖ്യാനിക്കപ്പെട്ടു. ഈ സാഹചര്യത്തിലാണ് ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുന്നത്. മലയാള സിനിമയിൽ ജാതി വിവേചനമുണ്ടെന്നത് ഒരു തോന്നൽ മാത്രം ആണെന്നും അപകർഷതാബോധവും അഹംഭാവവും ഒഴിവാക്കിയാൽ പലരുടെയും ഇത്തരം തോന്നലുകള്‍ മാറുമെന്നും നടൻ ടോവിനോ തോമസ് പറഞ്ഞതായി മീഡിയകളിൽ റിപ്പോർട്ടുകൾ വരുകയും ആ റിപ്പോർട്ട് സോഷ്യൽ മീഡിയയിൽ വലിയ രീതിയിൽ ചർച്ചകളാകുകയും ചെയ്തിരുന്നു.

തുടർന്ന് സാമൂഹിക മാധ്യമങ്ങളിൽ അദ്ദേഹത്തിന് നേരേ വിമർശനങ്ങൾ ഉന്നയിച്ച് ചിലർ രംഗത്തെത്തി. ഈ പശ്ചാത്തലത്തിൽ അദ്ദേഹം സംസാരിക്കുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരിക്കുകയാണ്.

ടൊവിനോയുടെ വാക്കുകൾ:

മതം, നിറം എന്നിവ ഒരുപാട് മലയാള സിനിമയിൽ ഉണ്ടെന്ന് എനിക്ക് തോന്നിയിട്ടില്ല. അങ്ങനെയൊന്നും നിലനിൽക്കാൻ പറ്റില്ല ഒരിക്കലും. പഴയ കാലമൊന്നും അല്ല. ഇനിയുമങ്ങനെ തൊട്ടുകൂടായ്മ, അയിത്തം എന്നൊന്നും പറഞ്ഞ് ഇനിയും ജീവിക്കാൻ പറ്റില്ല. 2019 ആണ്. 2020 ആകാൻ പോകുന്നു. ഇവിടെ നമ്മളെല്ലാവരും മനുഷ്യരാണെന്നും ഏത് ജാതിയെക്കാളും മതത്തെക്കാളും രാഷ്ട്രീയത്തെക്കാളുമൊക്കെ വലുത് മനുഷ്യത്വമാണെന്നും നമ്മളെല്ലാവരും മനസിലാക്കിക്കൊണ്ടിരിക്കുന്ന സമയമാണ്. അവിടെ ജാതിവിവേചനത്തിനൊന്നും ഒരു സ്ഥാനവുമില്ല. വിവേചനം വിഡ്ഢിത്തത്തിന് സമമാണ്. അതിൽപരം ഒന്നും പറയാനില്ല- ടൊവിനോ വ്യക്തമാക്കി.

പാലക്കാട് മെഡിക്കൽ കോളേജിലെ കോളേജ് ഡേയ്ക്ക് അതിഥിയായെത്തിയ നടൻ ബിനീഷ് ബാസ്റ്റിനൊപ്പം വേദി പങ്കിടാൻ കഴിയില്ലെന്ന് കോളേജ് മാസിക പ്രകാശനം ചെയ്യാനെത്തിയ സംവിധായകൻ അനിൽ രാധാകൃഷ്ണ മേനോൻ പറഞ്ഞു എന്നതായിരുന്നു വിവാദം. തന്റെ സിനിമയിൽ അവസരം ചോദിച്ച് നടക്കുന്ന ഒരു മൂന്നാംകിട നടനൊപ്പം വേദി പങ്കിടാനാകില്ലെന്ന് സംവിധായകൻ പറഞ്ഞുവെന്നും അതിനാൽ പരിപാടി കഴിഞ്ഞ് വന്നാൽ മതിയെന്ന് കോളേജ് അധികൃതർ ആവശ്യപ്പെട്ടതായും ബിനീഷ് പറഞ്ഞു.പരിപാടി നടക്കുന്നതിനിടെ അനിൽ രാധാകൃഷ്ണ മേനോൻ പ്രസംഗിക്കുന്ന സമയത്ത് വേദിയിലെത്തിയ ബിനീഷ് നിലത്തിരുന്ന് പ്രതിഷേധിച്ച ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ പ്രചരിച്ചതോടെ സംഭവം വലിയ വിവാദമായി.

തുടർന്ന് വിശദീകരണവുമായി അനിൽ രാധകൃഷ്ണ മേനോൻ രംഗത്ത് വന്നു. ബിനീഷിനോട് മാപ്പ് ചോദിച്ച സംവിധായകൻ, ബിനീഷ് ആയതുകൊണ്ടല്ല, പരിപാടിയിൽ താനല്ലാതെ മറ്റാരെങ്കിലും ഉണ്ടെങ്കിൽ തന്നെ ഒഴിവാക്കണമെന്ന് സംഘാടകരോട് ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും പറഞ്ഞു.

കഴിഞ്ഞ ദിവസം നടന്ന യോഗത്തിൽ സംവിധായകരുടെ സംഘടനയായ ഫെഫ്ക വിവാദത്തിൽ ഇടപ്പെട്ടിരുന്നു. പ്രശ്നം ഒത്തു തീർപ്പായി. അനിലും ബിനീഷും തമ്മിലുണ്ടായ പ്രശ്നത്തിൽ ജാതി അധിക്ഷേപം ഉണ്ടായിട്ടില്ല. അനിലിന് ജാഗ്രതക്കുറവ് ഉണ്ടായിട്ടുണ്ട്. അതിൽ അനിൽ ബിനീഷിനോട് ഖേദം പ്രകടിപ്പിച്ചിട്ടുമുണ്ട്. അതല്ലാതെ മറ്റൊരു നടപടിയിലേക്ക് സംഘടന പോകുന്നില്ലെന്നും ഫെഫ്ക വ്യക്തമാക്കി.

മോഡലിംഗ് രംഗത്തുനിന്നും സിനിമയിലെത്തിയ അഭിനേതാവാണ് ടോവിനോ തോമസ്. ഇന്ദുലേഖ ഹെയർ കെയർ ഓയിലിന്റെ പരസ്യമാണ് ടോവിനോയെ ശ്രദ്ധേയനാക്കിയത്.അഡ്വക്കറ്റ് ഇല്ലിയ്ക്കൽ തോമസ്,ഷീല തോമസ് എന്നിവരാണ് ഇരിങ്ങാലക്കുട സ്വദേശിയായ ടോവിനോയുടെ മാതപിതാക്കൾ.ടിംഗ്സ്റ്റൺ,ധന്യ എന്നിവർ സഹോദരങ്ങളും. ഇരിങ്ങാലക്കുട ഡോൺ ബോസ്കോ സ്കൂളിലായിരുന്നു പ്രാഥമിക വിദ്യാഭ്യാസം.തുടർന്ന് തമിൾനാട് കോളേജ് ഓഫ് എഞ്ചിനീയറിംഗിൽ നിന്ന് എലക്ട്രോണിക്സ് എഞ്ചിനീയറിംഗിൽ ബിരുദം നേടി. അഭിനേതാവുന്നതിനു മുൻപ് കോഗ്നിസന്റ് ടെകോളജി സൊലൂഷൻസിൽ സോഫ്റ്റ്വെയർ എഞ്ചിനീയർ ആയിരുന്നു ടോവിനോ തോമസ്സ്.

ജീവൻ അന്തിക്കാടിന്റെ “പ്രഭുവിന്റെ മക്കൾ” ആയിരുന്നു ആദ്യസിനിമ. തുടർന്ന് മാർട്ടിൻ പ്രക്കാട്ടിന്റെ “എ ബി സി ഡി”യിലെ അഖിലേഷ് വർമ എന്ന നെഗറ്റീവ് വേഷം ഏറെ ശ്രദ്ധിയ്ക്കപ്പെട്ടു. അതിനെത്തുടർന്ന്  ശ്രീനാഥ് രാജേന്ദ്രന്റെ മോഹൻലാൽ ചിത്രം “കൂതറ”യിലേയ്ക്കും ടോവിനോ കരാർ ചെയ്യപ്പെട്ടു. രൂപേഷ് പീതാംബരന്റെ “യൂ റ്റൂ ബ്രൂട്ടസ്” എന്ന 2014 സിനിമയിലെ പ്രധാനവേഷക്കാരൻ ടോവിനോ ആണ്.മലയാളം സിനിമയിലെ യുവനിരയിലെ അഭിനേതാക്കളിൽ മുൻപന്തിയിലാണ് ടോവിനോ.

സിനിമയിലെത്തുന്നതിനു മുൻപ് “ഗ്രിസൈൽ” എന്നൊരു ലഖുചിത്രത്തിൽ അഭിനയിച്ചിരുന്നു.കൂടാതെ,രൂപേഷ് പീതാംബരന്റെ “തീവ്രം” എന്ന സിനിമയിൽ അസിസ്റ്റന്റ്  ഡയറക്ടറായിരുന്നു ടോവിനോ.