“തട്ടത്തിന്‍ മറയത്ത് ഇല്ലായിരുന്നേല്‍ ഒരു പക്ഷേ….” അജുവിനെ വിവാഹം കഴിക്കാനുള്ള കാരണം വ്യക്തമാക്കി ഭാര്യ

ഹാസ്യസാമ്രാട്ടുകള്‍ അരങ്ങുവാഴുന്ന വെള്ളിത്തിരയില്‍ തന്റേതായൊരിടം കണ്ടെത്തി പ്രക്ഷക മനസ്സില്‍ ഇടംപിടിച്ച താരമാണ് അജു വര്‍ഗീസ്. മലര്‍വാടി ആര്‍ട്‌സ് ക്ലബ്ബിലൂടെയാണ് അജു വെള്ളിത്തിരയിലെത്തുന്നത്. അജു ഇപ്പോള്‍ നടന്‍ മാത്രമല്ല നിര്‍മ്മാതാവ് കൂടിയാണ്. അജുവിന്റേത് പ്രണയ വിവാഹമായിരുന്നു. ആ പ്രണയത്തിന് കാരണമായ രഹസ്യം തുറന്നു പറയുകയാണ് ഭാര്യ ടീന (ആഗസ്റ്റിന). അടുത്തിടെയാണ് ടീന ‘ടൂല ലൂല’ എന്ന ബ്യൂട്ടീക്ക് തുടങ്ങിയത്. ഇരട്ടകളെ നോക്കുന്നതിനിടെ ഇത്തരമൊരു സംരംഭം തുടങ്ങിയതിനെ കുറിച്ചും ടീന പറയുന്നു. മമ്മൂട്ടിയുള്‍പ്പെടെ നിരവധി താരങ്ങള്‍ ടീനയുടെ ഈ പുതുസംരഭത്തിന് ആശംസകള്‍ നേര്‍ന്നിരുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ടീന ഇക്കാര്യം വ്യക്തമാക്കിയത്.

അജു വര്‍ഗീസ്-ടീന ദമ്പതികള്‍ അടുത്തിടെ ഒരു ബ്യൂട്ടിക് തുടങ്ങിയിരുന്നു. ടീനയ്ക്ക് ഡിസൈനിംഗിലെ താത്പര്യം മുമ്പേ ഉണ്ടായിരുന്നു. അനിയത്തിക്കൊപ്പം വര്‍ക്കിനായി പോയപ്പോള്‍ താനാണോ ഡിസൈനറെന്ന് പലരും ചോദിച്ചിരുന്നതായി ടീന പറയുന്നു. എം.കോം പഠനത്തിനിടയിലാണ് കൂട്ടുകാരിക്കൊപ്പം ചേര്‍ന്ന് ഓണ്‍ലൈന്‍ ഡിസൈന്‍ ഷോപ്പ് തുടങ്ങിയത്. ഓര്‍ഡറുകള്‍ക്കനുസരിച്ച് ഡിസൈന്‍ ചെയ്ത് അളവെടുത്ത് തയ്പ്പിച്ചു നല്‍കാവുന്ന സംരംഭമായിരുന്നു.

ഇതിനിടെയായിരുന്നു ടീനയുടെ ജീവിതത്തില്‍ വലിയ ട്വിസ്റ്റ് സംഭവിച്ചത്. തട്ടത്തിന്‍ മറയത്ത് എന്ന സിനിമയുടെ പ്രമോഷനായി അജു വര്‍ഗീസിനും നിവിന്‍ പോളിക്കും കൂര്‍ത്തി ഡിസൈന്‍ ചെയ്യാനുള്ള അവസരം ലഭിച്ചിരുന്നു. അന്ന് ചെയ്ത ഡിസൈന്‍ അജുവിന് നന്നായി ഇഷ്ടപ്പെട്ടിരുന്നു. അതോടെ ആ പരിചയം ദൃഡപ്പെടുകയും ചെയ്തു. പിന്നീടാ പരിചയം പ്രണയമായി മാറി. ഒട്ടും വൈകാതെ തന്നെ ആ പ്രണയം വിവാഹത്തിലും എത്തിച്ചു. ഒരുപക്ഷേ തട്ടത്തിന്‍ മറയത്ത് എന്ന ചിത്രം സംഭവിച്ചില്ലായിരുന്നെങ്കില്‍ ഇരുവരും ഒരുക്കലും കണ്ടുമുട്ടിയെന്ന് വരില്ലായിരുന്നു.

വിവാഹം കഴിഞ്ഞ്് അധികം വൈകാതെ തന്നെ ഇരുവര്‍ക്കും ഇവാനും ജുവാനും പിറന്നു. തന്റെ കുടുംബത്തില്‍ ഇരട്ടക്കുട്ടികളുടെ പാരമ്പര്യമുണ്ടെന്നും ടീന പറഞ്ഞു. ഇവാനും ജുവാനും മൂന്ന് വയസ്സ് തികയുന്നതിനിടെയാണ് ഇവര്‍ക്ക് ജാക്കും ലൂക്കും ജനിച്ചത്. നേരത്തെ മറ്റവരെ നോക്കിയതിനാല്‍ ബുദ്ധിമുട്ടുണ്ടായിരുന്നില്ലെന്നും ആവശ്യം വരുമ്പോള്‍ സഹായിക്കാന്‍ ഇഷ്ടം പോലെ ആളുണ്ടായിരുന്നെന്നും ടീന പറഞ്ഞു.

എന്നാല്‍ ഇതിനിടയില്‍ തങ്ങളുടെ സ്ഥാപനം നിന്നു പോയിരുന്നതായും ടീന പറഞ്ഞു. കുട്ടികള്‍ക്കായുള്ള ഡ്രസിന് വേണ്ടി ഒരുപാട് അലഞ്ഞ് തിരിയേണ്ടി വന്നപ്പോഴാണ് ബ്യൂട്ടിക് തുടങ്ങുന്നതിനെ കുറിച്ച് ആലോച്ചിത്. അജുവിനോട് പറഞ്ഞപ്പോള്‍ ശക്തമായ പിന്തുണയായിരുന്നു നല്‍കിയത്. അങ്ങനെയാണ് ടൂല ലൂല പിറന്നതെന്നും ടീന പറഞ്ഞു.