“മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. ‘വി.എ ശ്രീകുമാര്‍’ എന്ന് അറിയപ്പെട്ടാല്‍ മതി”

“പ്രിയമുള്ളവരേ, കുട്ടിക്കാലം മുതല്‍ ജാതി ചിന്തകൾക്ക് അതീതമായി വളര്‍ന്ന വ്യക്തിയാണ് ഞാന്‍. എന്റെ ആത്മമിത്രങ്ങളും സുഹൃത്തുക്കളുമായി അടുത്തുണ്ടായിരുന്നത് വീടിനോട് ചേര്‍ന്നുള്ള അമ്പലക്കാട് ദളിത് കോളനിയിലെ സഹോദരങ്ങളാണ്. ഇന്നും എന്റെ ജീവിതത്തിന്റെ ഭാഗമാണ് ആ കോളനിയിലെ ഓരോ വീടും ജീവിതവും. അതേസമയം, എന്റെ പേരിന് ഒപ്പമുള്ള ജാതിവാല്‍ എന്നെക്കുറിച്ചും ഞാന്‍ വിശ്വസിക്കുന്ന മൂല്യങ്ങളെ കുറിച്ചും തെറ്റായ ധാരണ പരത്തുന്നുവെന്ന് കുറച്ചു നാളുകളായി ബോധ്യപ്പെടുന്നുണ്ട്. അടുത്ത കാലത്തായി സമൂഹത്തില്‍ നടക്കുന്നതും ഇന്നലെ നടന്നതുമായ സംഗതികള്‍ എന്നെ വല്ലാതെ അലോസരപ്പെടുത്തുന്നു. പേരിനൊപ്പമുള്ള ജാതിവാല്‍ എന്നെ വല്ലാതെ പൊള്ളിക്കുന്നു. ആ ജാതിവാല്‍ തിരിഞ്ഞു നിന്ന് എന്നെത്തന്നെ ചോദ്യം ചെയ്യുന്നു. എസ്എസ്എല്‍സി ബുക്കിലോ, കോളജ് പഠനകാലത്തോ എന്റെ പേരിനൊപ്പം ജാതിവാല്‍ ഉണ്ടായിരുന്നില്ല. അരവിന്ദാക്ഷ മേനോന്‍ എന്നാണ് അച്ഛന്റെ പേര്. സിനിമയില്‍ ഒരുപാട് ശ്രീകുമാര്‍മാർ ഉള്ളതിനാല്‍ അച്ഛന്റെ പേരിലുള്ള മേനോന്‍ ചേര്‍ക്കാന്‍ ചിലര്‍ ഉപദേശിച്ചത് അന്ന് അംഗീകരിച്ചതിൽ ഖേദിക്കുന്നു. ഇന്നലെ പാലക്കാട് മെഡിക്കല്‍ കോളജില്‍ നടന്‍ ബിനീഷ് ബാസ്റ്റ്യനു നേരെ നടന്ന അതിക്രമവും അദ്ദേഹത്തിന്റെ പ്രതികരണവും എന്നെ ശക്തമായ ഒരു തീരുമാനത്തിലേയ്ക്ക് ഇപ്പോള്‍ എത്തിച്ചിരിക്കുന്ന വിവരം ഞാന്‍ എല്ലാവരേയും അറിയിക്കുകയാണ്- ‘മേനോന്‍ എന്ന ജാതിവാല് ഞാന്‍ എന്റെ പേരില്‍ നിന്നും ഇതിനാല്‍ ഉപേക്ഷിക്കുന്നു. ഇനി വി.എ ശ്രീകുമാര്‍ മേനോന്‍ എന്നു വേണ്ട. ‘വി.എ ശ്രീകുമാര്‍’ എന്ന് അറിയപ്പെട്ടാല്‍ മതി”സ്നേഹപൂർവ്വം, വി.എ ശ്രീകുമാര്‍. “

പ്രശസ്ത സംവിധായകൻ വി.എ ശ്രീകുമാറിന്റെ
വാക്കുകളാണിത്. തന്റെ പേരിനൊപ്പമുള്ള ജാതിപ്പേര് ഒഴിവാക്കിയതായി അദ്ദേഹം പ്രഖ്യാപിച്ചിരിക്കുകയാണ്. അദ്ദേഹം തന്നെ ഫേസ്ബുക്ക് പേജ് വഴിയാണ് ഈ കാര്യം സമൂഹത്തെ അറിയിച്ചത്. കഴിഞ്ഞദിവസം ബിനീഷ് ബാസ്റ്റിന് പാലക്കാട് മെഡിക്കൽ കോളേജിൽ വെച്ച് നേരിടേണ്ടിവന്ന സംഭവത്തെ തുടർന്നും അതേതുടർന്ന് ഉണ്ടായ വിവാദ പരമ്പരകളെയും കണക്കിലെടുത്ത് ആത്മശോധന നടത്തി അദ്ദേഹം തന്റെ പേരിനൊപ്പമുള്ള ജാതിപ്പേര് ഉപേക്ഷിച്ചിരിക്കുകയാണ്.

വലിയ പിന്തുണയാണ് ശ്രീകുമാറിന് സമൂഹ മാധ്യമങ്ങളിൽ നിന്ന് ലഭിച്ചുകൊണ്ടിരിക്കുന്നത്. തലമുറകൾക്ക് മാതൃകയാകുന്ന പ്രവർത്തി തന്നെയാണ് അദ്ദേഹം ചെയ്തിരിക്കുന്നതെന്നാണ് ബഹുഭൂരിപക്ഷം അഭിപ്രായപ്പെടുന്നത്. സമാനമായ രീതിയിൽ തന്നെ മുൻപ് പാർവതിയും തന്റെ പേരിനൊപ്പമുള്ള ജാതി പേര് മാറ്റിയിരുന്നു. പാർവതി തിരുവോത്ത് എന്നാണ് ഇപ്പോൾ പാർവ്വതിയുടെ ഔദ്യോഗികമായ പേര്. ആധുനിക കേരളത്തിലെ നവോത്ഥാന മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുന്ന ഇത്തരത്തിലുള്ള സിനിമാപ്രവർത്തകരുടെ നടപടികൾ പൊതുസമൂഹത്തിന് വലിയ പ്രതീക്ഷയാണ് നൽകുന്നത്.