മലയാള സിനിമയില്‍ ആ സ്വഭാവമുള്ള നടന്‍മാരാണ് മമ്മൂട്ടിയും മോഹന്‍ലാലും; തുറന്ന് പറഞ്ഞ് ഷൈന്‍

ജോബി ജോര്‍ജിന്റെ നിര്‍മ്മാണത്തില്‍ നവാഗതനായ ശരത് മേനോന്‍ ഒരുക്കുന്ന വെയില്‍ എന്ന സിനിമയുടെ ചിത്രീകരണവുമായി ബന്ധപെട്ടുട്ടുണ്ടായ വിവാദങ്ങള്‍ ഇതുവരെയും കെട്ടടങ്ങിയില്ല. ആദ്യം നിര്‍മ്മാതാക്കളുടെ സംഘടനയും താര സംഘടനയും ചേര്‍ന്ന് ഒത്തു തീര്‍പ്പാക്കിയ പ്രശ്‌നം കഴിഞ്ഞ ദിവസം വീണ്ടും ഉയര്‍ന്നു വന്നിരുന്നു. യുവതാരം ഷെയിന്‍ നിഗം ചിത്രീകരണവുമായി സഹകരിക്കുന്നില്ലെന്ന് നിര്‍മ്മാതാവും തനിക്കു വിശ്രമം പോലും തരാതെ കഴിഞ്ഞ അഞ്ചു ദിവസങ്ങളായി പണിയെടുപ്പിക്കുകയാണെന്നും ഷെയിന്‍ നിഗമും പറയുന്നു.

എന്നാലിപ്പോള്‍ ഈ വിഷയത്തില്‍ പ്രതികരിച്ചിരിക്കുകയാണ് ഷൈന്‍ ടോം ചാക്കോ. വെയില്‍ എന്ന ചിത്രത്തില്‍ ഷൈന്‍ ടോം ചാക്കോയും അഭിനയിക്കുന്നുണ്ട്. പറഞ്ഞുതീര്‍ക്കാവുന്ന ചെറിയ പ്രശ്‌നങ്ങളാണ് പിന്നീട് വലുതായതെന്ന് ഷൈന്‍ പറയുന്നു. ക്രിയാത്മകമായി ജോലി ചെയ്യേണ്ട ഇടമാണ് സിനിമ എന്നും വിട്ടുവീഴ്ചകള്‍ ഇരുഭാഗത്തു നിന്നും വേണമായിരുന്നുവെന്നും ഷൈന്‍ പറയുന്നു. ആദ്യം പ്രശ്‌നം പറഞ്ഞു തീര്‍ത്തതിന് ശേഷം ജോബി ജോര്‍ജ് അധികം സെറ്റില്‍ വന്നിട്ടില്ലെന്നും സംവിധായകനുമായും ഷെയിന്‍ നിഗം സൗഹൃദപരമായി തന്നെയാണ് ഇടപെടുന്നത് കണ്ടതെന്നും ഷൈന്‍ പറയുന്നു.

ഷെയിന്‍ വളരെ ചെറുപ്പമായതു കൊണ്ടായിരിക്കാം പെട്ടെന്ന് പ്രതികരിക്കുന്നതെന്നും പക്വത ഇല്ലാത്തതിന്റെയോ അല്ലെങ്കില്‍ ഒരു കുടുംബത്തിന്റെ മുഴുവന്‍ ഉത്തരവാദിത്വവും അവന്റെ മേല്‍ ആയതു കൊണ്ടോ ആവാം ഷെയിന്‍ അത്തരത്തില്‍ പ്രതികരിച്ചതെന്നും ഷൈന്‍ പറയുന്നു. നിര്‍മ്മാതാവ് ജോബി ജോര്‍ജിന് ഷെയിന്‍ നിഗമിന്റെ അച്ഛന്റെ പ്രായം ഉണ്ടെന്നും ആ തലമുറ വ്യത്യാസം ഉള്ളത് കൊണ്ട് തന്നെ മുതിര്‍ന്നവരാണ് കുറച്ചൊക്കെ ക്ഷമിക്കേണ്ടതെന്നും ഷൈന്‍ വ്യക്തമാക്കി.

മറ്റുള്ള ജോലി പോലെ അല്ല സിനിമ എന്നത് കൊണ്ട് തന്നെ നമ്മുടെ പല ശാരീരിക, മാനസിക പ്രശ്‌നങ്ങളും മറന്നു ചിലപ്പോള്‍ ജോലി ചെയ്യേണ്ടി വരുമെന്നും തന്റെ അഭിപ്രായത്തില്‍ മലയാള സിനിമയിലെ ഏറ്റവും സഹനശക്തിയുള്ള നടന്‍മാര്‍ മോഹന്‍ലാലും മമ്മൂട്ടിയും ആണെന്നും ഷൈന്‍ പറഞ്ഞു. ഇത്തരത്തില്‍ ഉള്ള പ്രശ്‌നങ്ങള്‍ എല്ലാക്കാലത്തും ഉണ്ടായിട്ടുണ്ടെന്നും അതെല്ലാം സഹിച്ച് സിനിമയില്‍ നിലനില്‍ക്കുന്നവരാണ് അവരെന്നും ഷൈന്‍ പറയുന്നു. തീയില്‍ കുരുത്തവര്‍ വെയിലത്ത് വാടില്ല എന്നതാണ് അവരെ കുറിച്ച് പറയാന്‍ ഉള്ളതെന്നും പറഞ്ഞ ഷൈന്‍, ഇന്നത്തെ തലമുറ അത്രയധികം സഹിക്കാനും ക്ഷമിക്കാനും തയ്യാറാകുന്നില്ല എന്നുമാണ് പറഞ്ഞത്.