ശങ്കര്‍ രാമകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് എന്നോട് തിരക്കഥ ചോദിച്ചു !!! രണ്ട് പേര്‍ ഒഴിച്ച് മറ്റെല്ലാവരും ഭാവനയില്‍ വിരിഞ്ഞത് ;വെളിപ്പെടുത്തലുകളുമായി സജീവ് പിള്ള

ജീവിതത്തിലെ ഏറ്റവും പ്രധാനപ്പെട്ട ഒരു വലിയ സമയം മാമാങ്കം എന്ന ബ്രഹ്മാണ്ഡ ചിത്രത്തിനായി മാറ്റിവച്ച സജീവ് പിള്ളയെ ഈ അവസരത്തില്‍ ഒാര്‍ക്കാതെ വയ്യ. ചിത്രത്തിന്റെ ട്രയിലര്‍ കഴിഞ്ഞ ഒരു മണിക്കൂറായി സോഷ്യല്‍മീഡിയയില്‍ വൈറലായികൊണ്ടിരിക്കുകയാണ്. ചിത്രത്തിന്റെ ചരിത്രപ്രാധാന്യമുള്ള ഇതിവൃത്തത്തിന്റെ വൈകാരിക തീവ്രതയും അതിശയിപ്പിക്കുന്ന ദൃശ്യവിസ്മയവും ചരിത്ര പശ്ചാത്തലവും ഒക്കെ ട്രയിലറിലും പ്രതിഫലിച്ചിട്ടുണ്ടെന്ന് പറയാതെ വയ്യ. വര്‍ഷങ്ങള്‍ ചെലവഴിച്ച് പല പ്രാവശ്യം കൂട്ടിയും കിഴിച്ചും ഉണ്ടാക്കിയ സ്വപ്‌നം സജീവിന് പൊടുന്നനെ നഷ്ടപ്പെട്ട വാര്‍ത്ത സിനിമാപ്രേക്ഷകര്‍ വേദനയോടെ വായിച്ചറിഞ്ഞതാണ്. ഇപ്പോഴിതാ നേരത്തേ ഒരു ഇന്റര്‍വ്യൂ നടത്തുമ്പോഴും ഇങ്ങനെയൊക്കെ കാര്യങ്ങള്‍ എത്തുമെന്ന് കരുതിയില്ലെന്ന് തുറന്ന് പറഞ്ഞ്, പുതിയ സാഹചര്യത്തില്‍ കാര്യങ്ങള്‍ കുറച്ച് കൂടി വ്യക്തമാക്കുകയാണ് സജീവ് ഡൂള്‍ ന്യൂസിന് നല്‍കിയ അഭിമുഖത്തിലൂടെ.

സ്‌ക്രിപ്ട് പല തവണ പൂര്‍ണ്ണമായി വായിച്ച് ബോധ്യം വന്നാണ് ഇപ്പോഴത്തെ നിര്‍മ്മാതാവ് പോലും ഈ പ്രൊജക്ടിലേക്ക് കടന്ന് വന്നത്. അമിതമായ ആവേശത്തില്‍, പിന്നിലെ കര്‍ക്കശമായ തന്ത്രങ്ങള്‍ മനസ്സിലാക്കാതെ മധുരമായ പാഴ് വാക്കുകളെ വിശ്വസിച്ച്, മാരകമായ അശ്രദ്ധയില്‍ ഒരു കരാറ് ഒപ്പിട്ട് തന്റെ സ്വപ്‌നം എന്നന്നേക്കുമായി നഷ്ടപ്പെടുമെന്ന് വിചാരിച്ചില്ലെന്ന് അദ്ദേഹം പറയുന്നു. മലയാള സിനിമയുടെ മാര്‍ക്കറ്റ് വളെരെ യധികം മാറിയ നിലയില്‍ നിര്‍മാതാവിന്റെ വാശിപ്പുറത്താണ് ഇ ചിത്രം നിര്‍മ്മിക്കാനൊരുങ്ങിയത്. സജീവിനെയും രാജ്യത്തെ പേരുകേട്ട സാങ്കേതിക വിദഗ്ദരേയും അഭിനേതാക്കളേയും ചിത്രത്തില്‍ നിന്ന് പുറത്താക്കിയിരുന്നു. ഒരു മാസാലകൂട്ടിന് താന്‍ ഒരിക്കലും തയ്യാറായിരുന്നില്ല. ആത്മാവും വലിപ്പവും നഷ്ടപ്പെട്ട തന്റെ വര്‍ക്കിനെ സ്‌ക്രീനില്‍ കാണാന്‍ താത്പര്യമില്ലായിരുന്നു. ചിത്രത്തിന്റെ നിലവിലെ തിരക്കൃത്തായ ശങ്കര്‍ രാമകൃഷ്ണനെക്കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ തുറന്നു സംസാരിച്ചു. വര്‍ഷങ്ങള്‍ക്കു മുന്‍പ് തന്റെ സ്‌ക്രിപ്റ്റ് ശങ്കര്‍ വായിക്കാന്‍ ചോദിച്ചിരുന്നു. പദ്മകുമാര്‍ ഷൂട്ട് ചെയ്യാന്‍ പോകുന്ന ഈ ചിത്രത്തിന്റെ ഷൂട്ടിങ്ങിന്റെ തലേദിവസം വരെ ശങ്കര്‍ തന്നോട് സംസാരിച്ചിരുന്നു. ഈ മാമാങ്കത്തില്‍ ചരിത്ര കഥാപാത്രങ്ങളില്ല, രണ്ട് പേര്‍ ഒഴിച്ച് മറ്റെല്ലാവരും തന്റെ ഭാവനയില്‍ വിരിഞ്ഞതാണെന്നും സജീവ് പറയുന്നു.