ആകെ ഒന്നോ രണ്ടോ തവണ നേരില്‍ കണ്ട അദ്ദേഹത്ത എന്റെ അച്ഛനാക്കരുത് !!! സത്യം തിരിച്ചറിഞ്ഞ് മാത്രം വാര്‍ത്തകള്‍ പുറത്ത് വിടൂ;അഭ്യര്‍ത്ഥനയുമായി നടന്‍ രജിത് മേനോന്‍

വിവാദങ്ങള്‍ മലയാളികള്‍ എന്നും ആഘോഷിക്കുന്ന കൂട്ടത്തിലാണ്. പലപ്പോഴും വിഷയത്തില്‍ യാതൊരു വിധ ബന്ധവുമില്ലാത്ത ആളുകള്‍ വിവാദ ക്കൂട്ടില്‍ പെട്ട് പോകാറുണ്ട്. സോഷ്യല്‍മീഡിയയില്‍ ഇപ്പോള്‍ ചര്‍ച്ചവിഷയമായിരിക്കുന്നത് ബിനീഷ് ബാസ്റ്റിനെ അപമാനിച്ച അനില്‍ രാധാകൃഷ്ണനെ ചുറ്റി പറ്റിയുള്ള ചര്‍ച്ചകളാണ്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ അതിഥിയായി ക്ഷണിച്ച ബിനീഷുമൊത്ത് വേദി പങ്കിടാന്‍ അതൃപ്തി പ്രകടിപ്പിച്ച സംവിധായകന്‍ അനിലെതിരെയാണ് രൂക്ഷ വിമര്‍ശനം വന്നത്.

സൈബര്‍ ആക്രമണം അദ്ദേഹത്തിനെതിരെ രൂക്ഷമായ സാഹചര്യത്തില്‍ അദ്ദേഹത്തിന്റെ മകനാണെന്ന് തെറ്റി ധരിച്ച് നടന്‍ രജിത് മേനോന് നേരെ പോസ്റ്റുകളും സന്ദേശങ്ങളും കുമിഞ്ഞ് കൂടുന്നു. രണ്ടുപേരുടേയും പേരിലുള്ള സാമ്യതയാണ് ഇതിനു കാരണം. പേരിന്റെ വാല്‍ കഷണമായ മേനോന്‍ ആണ് ഈ പുലിവാലിന് പിന്നില്‍. മെസേജുകള്‍ അധികമായി വന്നപ്പോഴാണ് സംഭവം താരത്തിന്റെ ശ്രദ്ദയില്‍ പെട്ടത്. സത്യം വെളിപ്പെടുത്തി രജിത് സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് എഴുതിയിട്ടുണ്ട്. തന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണെന്നും ഗൂഗിളില്‍ അല്ലെങ്കില്‍ വിക്കി പീഡിയ പറയുന്നതു പോലെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്റെ അച്ഛനൊന്നുമല്ലെന്നും അനില്‍ സാറുമായി ഒരു ബന്ധമോ തനിക്കില്ലെന്നും താരം പറഞ്ഞു. മാത്രമല്ല അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയുകയും ഒന്നോ രണ്ടോ തവണ മാത്രമേ കണ്ടുമുട്ടുകയും ചെയ്തിട്ടുള്ള തന്നേക്കുറിച്ച് അപവാദം പ്രചരിപ്പിക്കരുതെന്നും താരം പോസ്റ്റില്‍ കൂട്ടിചേര്‍ത്തു.

പോസ്റ്റിന്റെ പൂര്‍ണ്ണ രൂപം ചുവടെ:

സുഹൃത്തുക്കളെ …. ഇത് എന്റെ പിതാവിനെ ക്കുറിച്ച് ഇന്നലെ മുതല്‍ എനിക്ക് മസേജ് ചെയ്യുന്ന എല്ലാവരോടും കൂടെ ഒരു സത്യം വെളിപ്പെടുത്താനാണ് ഈ പോസ്റ്റ്. എന്റെ അച്ഛന്റെ പേര് രവി മേനോന്‍ എന്നാണ്. ഗൂഗിള്‍ അല്ലെങ്കില്‍ വിക്കിപീഡിയ പറയുന്നതുപോലെ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ എന്റെ അച്ഛനൊന്നുമല്ല. എനിക്ക് അനില്‍ സാറുമായി ഒരു ബന്ധവും ഇല്ല. ഞാന്‍ അദ്ദേഹത്തെ ഒരു സംവിധായകനെന്ന നിലയില്‍ അറിയുകയും ഒന്നോ രണ്ടോ തവണ മാത്രമേ നേരില്‍ കണ്ടിട്ടുള്ളു.
യഥാര്‍ത്ഥ വസ്തുതയോ സത്യമോ അറിഞ്ഞതിന് ശേഷം സോഷ്യല്‍മീഡിയയില്‍ പോസ്റ്റു ചെയ്യാനോ സന്ദേശമയയ്ക്കാനോ പാടുള്ളുവെന്ന് അഭ്യര്‍ത്ഥിക്കുന്നു.