“സിനിമ ഇറങ്ങിയപ്പോള്‍ ആ നടനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങാനുമുള്ള തിരക്ക് കണ്ട് അന്തം വിട്ട് മോഹന്‍ലാല്‍, എല്ലാവരെയും സോപ്പിടുന്ന സ്വഭാവമായിരുന്നു മോഹന്‍ലാലിന്…”

മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണ് താരരാജാക്കന്‍മാരായ മമ്മൂട്ടിയും മോഹന്‍ലാലും. മലയാളത്തിന്റെ നടനവിസ്മയങ്ങളായ ഇരുവരും വ്യത്യസ്ത കാലയളവിലാണ് വെള്ളിത്തിരയിലെത്തിയതെങ്കിലും രണ്ടു പേരുടെയും കരിയര്‍ സമാനമാണ്. വില്ലന്‍ വേഷങ്ങളിലൂടെ തുടക്കം കുറിച്ച് പില്‍ക്കാലത്ത് താരരാജാക്കന്‍മാരായി മാറിയവരാണ് മമ്മൂട്ടിയും മോഹന്‍ലാലും. മമ്മൂട്ടിയും മോഹന്‍ലാലുമായി അടുത്ത സൗഹൃദമുള്ളയാളാണ് പഴയകാല സംവിധായകന്‍ സ്റ്റാന്‍ലി ജോസ്. ഇപ്പോഴിതാ മോഹന്‍ലാലിന്റെ സിനിമാ വളര്‍ച്ചയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് സ്റ്റാന്‍ലി ജോസ് ഇക്കാര്യം വ്യക്തമാക്കിയത്.

ഇന്നത്തെ നിലയിലുള്ള തന്റെ വളര്‍ച്ച മോഹന്‍ലാല്‍ അന്ന് സ്വപ്‌നത്തില്‍ പോലും വിചാരിച്ചിട്ടുണ്ടാവില്ലെന്ന് സംവിധായകന്‍ പറയുന്നു. ”മഞ്ഞില്‍ വിരിഞ്ഞ പൂക്കളിലെ നരേന്ദ്രനാവുന്നതിനായി കൊഡൈക്കനാലില്‍ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തെ ആദ്യമായി കണ്ടത്. ഈ ചിത്രത്തിലെ നരേന്ദ്രനിലൂടെയായിരുന്നു മോഹന്‍ലാല്‍ ആദ്യമായി വെള്ളിത്തിരയില്‍ പ്രത്യക്ഷപ്പെട്ടത്. മോഹന്‍ലാല്‍ അന്ന് എനിക്കരികില്‍ വന്ന് സംസാരിച്ചിരുന്നു. ആദ്യമൊരു കീര്‍ത്തനമൊക്കെ പാടിയിരുന്നു. എല്ലാവരേയും സോപ്പിടുന്ന സ്വഭാവമായിരുന്നു ആളിന്, പോരാത്തതിന് ആളൊരു രസികനുമായിരുന്നു.

അവിടെ താമസിച്ചായിരുന്നു സിനിമയുടെ ചിത്രീകരണം തുടങ്ങിയത്. അന്നാവട്ടെ ശങ്കര്‍ തിളങ്ങി നില്‍ക്കുന്ന സമയം കൂടിയായിരുന്നു. എല്ലാവരും അദ്ദേഹത്തിനെ നെഞ്ചേറ്റിയ സമയമായിരുന്നു അത്. കൊഡൈക്കനാലിലെത്തുന്ന ടൂറിസ്റ്റുകളെല്ലാം ശങ്കറിനെ തിരിച്ചറിയുന്നുണ്ടായിരുന്നു. ‘ഒരുതലൈ രാഗം’ എന്ന സിനിമ ഇറങ്ങിയ സമയം കൂടിയായിരുന്നു അത്. ശങ്കറിനെ കാണാനും ഓട്ടോഗ്രാഫ് വാങ്ങിക്കാനുമൊക്കെയുള്ള തിരക്കിലായിരുന്നു എല്ലാവരും. അതൊക്കെ കണ്ട് അന്തം വിട്ട് നില്‍ക്കുകയായിരുന്നു മോഹന്‍ലാല്‍.’ ഭാവിയില്‍ അദ്ദേഹത്തേക്കാളും വലിയ താരമായി താന്‍ മാറുമെന്നുള്ള ചിന്തയൊന്നും അന്ന് അദ്ദേഹത്തിനുണ്ടായിരുന്നില്ലെന്നും സ്റ്റാന്‍ലി ജോസ് പറയുന്നു.