മമ്മൂക്കയും രജനീകാന്തും പലരുടേയും മുന്നില്‍ ചാന്‍സ് ചോദിച്ച് ചെന്നിട്ടുണ്ടാകും !!! അതിന്റെ പേരില്‍ അവരോടൊത്ത് വേദി പങ്കിടില്ലെന്ന് ആരും പറഞ്ഞിട്ടില്ല ; അനില്‍ രാധാകൃഷ്ണനെതിരെ രൂക്ഷ വിമര്‍ശനവുമായി പി.ജി പ്രേംലാല്‍

പ്രേക്ഷകരുടെ പ്രിയപ്പെട്ട താരം ബിനീഷ് ബാസ്റ്റിനെ സംവിധായകന്‍ അനില്‍ രാധാകൃഷ്ണന്‍ മേനോന്‍ അധിക്ഷേപിച്ചതിനെ തുടര്‍ന്ന് നിരവധി പേരാണ് പ്രതിഷേധവുമായി രംഗത്ത്. സിനിമ മേഖലയില്‍ ഉള്‍പ്പെട്ടവര്‍ മാത്രമല്ല ഇപ്പോള്‍ പ്രതികരണവുമായി മുന്നോട്ട് വന്നിരിക്കുന്നത്. ബിനീഷ് എന്ന നടനെ സ്‌നേഹിക്കുന്ന മനുഷ്യ സ്‌നേഹിയായ എല്ലാവരും ഈ വിഷയത്തില്‍ തങ്ങളുടെ നിലപാടുകള്‍ അറിയിച്ച് ബിനീഷിനൊപ്പം ചേരുകയാണ്.

ഇന്ത്യന്‍ സിനിമയുടെ സൂപ്പര്‍ സ്റ്റാറുകളായ രജനീകാന്തും മമ്മൂട്ടിയുമൊക്കെ സിനിമാനടന്‍ ആകാന്‍ ആഗ്രഹിച്ച കാലത്ത് എത്രയോ പേരുടെ മുമ്പില്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ടാകുമെന്ന് സംവിധായകന്‍ പി.ജി. പ്രേംലാല്‍ തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ചൂണ്ടിക്കാട്ടി. അവര്‍ ഇന്ത്യന്‍ സിനിമയില്‍ നെറുകയില്‍ നില്‍ക്കുമ്പോള്‍ ഏതെങ്കിലുമൊരു സംവിധായകന്‍ പണ്ട് ഇയാളെന്റെ പടത്തില്‍ ചാന്‍സ് ചോദിച്ച് വന്നിട്ടുണ്ട്, അതുകൊണ്ട് ഇയാളുമായി വേദി പങ്കിടാന്‍ താത്പര്യമില്ലെന്ന് പറഞ്ഞിട്ടില്ല. മാത്രമല്ല ‘മറിച്ച്, അവരെ ചേര്‍ത്തുപിടിച്ച് സദസ്സിനോട് ‘ഇയാളെ നോക്കി വെച്ചോളൂ. നാളത്തെ നടനാണിയാള്‍.. താരമാണിയാള്‍’ എന്നേ അവര്‍ പറഞ്ഞിട്ടുണ്ടാകൂ എന്നും അദ്ദേഹം കുറിപ്പിലൂടെ തുറന്നടിച്ചു. ഇതൊക്കെ വകതിരിവും വിവേകവുമുണ്ടെങ്കില്‍ മാത്രം നാവില്‍ നിന്നു വരുന്ന വാക്കാണെന്നും സഹ ജീവിയോടുള്ള പരസ്പര ബഹുമാനം പുലര്‍ത്തേണ്ടത് കടമയാണെന്നും അദ്ദേഹം കുറിച്ചു.

കുറിപ്പ് ഇങ്ങനെ:

രജനികാന്തും മമ്മൂക്കയുമൊക്കെ പണ്ട്, എത്രയോ പേരുടെ മുമ്പില്‍ ചാന്‍സ് ചോദിച്ച് പോയിട്ടുണ്ടാകും! താരപദവിയിലേയ്ക്ക് നടന്നെത്തും മുമ്പ് വിക്രം എന്ന നടന്‍ എത്രയെത്ര വര്‍ഷങ്ങള്‍ ചെറുവേഷങ്ങള്‍ ചെയ്ത് തൃപ്തിയടയേണ്ടി വന്നിട്ടുണ്ട്. ആദ്യകാലത്ത് .. താരമാകുന്നതിന് മുമ്പ് മമ്മുക്കയോ രജനികാന്തോ ഒരു വേദിയിലേയ്ക്ക് കയറി വരുന്നതു കണ്ട് ഏതെങ്കിലുമൊരു സംവിധായകന്‍ ‘ഇയാള്‍ എന്റെ പടത്തില്‍ ചാന്‍സ് ചോദിച്ചു നടന്നിട്ടുള്ള ആളാണ്. ഇയാളുടെ കൂടെ ഞാന്‍ വേദി പങ്കിടില്ല’ എന്നു പറഞ്ഞ് പരിപാടി ബഹിഷ്‌ക്കരിക്കാന്‍ തുനിഞ്ഞിരിക്കില്ല. മറിച്ച്, അവരെ ചേര്‍ത്തുപിടിച്ച് സദസ്സിനോട് ‘ഇയാളെ നോക്കി വെച്ചോളൂ. നാളത്തെ നടനാണിയാള്‍.. താരമാണിയാള്‍! ‘ എന്നേ പറഞ്ഞിട്ടുണ്ടാകൂ. അതൊരു വകതിരിവാണ്.വിവേകമാണ്.ഒരു സഹജീവിയോടുള്ള പരസ്പര ബഹുമാനമാണ്.

വെള്ളിയാഴ്ച, റിലീസ് ദിവസം ആദ്യ ഷോയുടെ അഭിപ്രായം പുറത്തു വരുന്ന നിമിഷം ഒരു മനുഷ്യന്റെ വിജയപരാജയങ്ങളുടെ ചരിത്രവും ജീവിതവും തന്നെ മാറ്റി മറിക്കപ്പെടുമെന്ന സിനിമയുടെ അനിശ്ചിതാനുഭവങ്ങളെക്കുറിച്ചുള്ള തിരിച്ചറിവ് സാമാന്യബുദ്ധിയുള്ള ഒരാള്‍ക്ക്, പ്രത്യേകിച്ച് സിനിമാമേഖലയില്‍ പ്രവര്‍ത്തിക്കുന്ന ഒരാള്‍ക്ക് ഉണ്ടാകേണ്ടതാണ്. അതു പോകട്ടെ…
മനുഷ്യത്വം എന്ന ഒന്നുണ്ടല്ലോ..! പരമപ്രധാനം അതുതന്നെയാണല്ലോ. അവിടെയും താങ്കള്‍ വല്ലാതെ നിരാശപ്പെടുത്തിക്കളഞ്ഞല്ലോ, മിസ്റ്റര്‍.മേനോന്‍!മനുഷ്യന്റെ ഒറ്റയാള്‍പ്രതിഷേധങ്ങള്‍ക്കപ്പുറം കാലം ഒരുക്കുന്ന ചില വേദികളുണ്ട്.അവിടെ ഓരോരുത്തരുടെയും റോള്‍ എന്താണെന്ന് കാലത്തിനു മാത്രമേ അറിയൂ.ആ തിരിച്ചറിവ് ഉണ്ടായാല്‍ പരസ്പര ബഹുമാനം എന്ന വാക്കിന്റെ അര്‍ത്ഥമെന്തെന്നു പഠിക്കാം.
അതു പഠിച്ചാല്‍… പിന്നെയൊരിക്കല്‍, ഇന്ന് കണ്ണീരോടെ ഇറങ്ങിപ്പോകേണ്ടി വന്നവര്‍ക്കു വേണ്ടിക്കൂടി കെട്ടിയുയര്‍ത്തപ്പെടുന്ന വേദികളില്‍ വമ്പന്‍ കളിയാട്ടങ്ങള്‍ അരങ്ങേറുമ്പോള്‍ ഒരു മൂലയില്‍ തൂണും ചാരി, ആത്മവേദനയോടെ കാഴ്ചയും കണ്ട് നില്‍ക്കേണ്ടി വരില്ല.

SupportBineeshBastin(ക്ഷണിച്ചുവരുത്തിയ അതിഥിയുടെ മാനാഭിമാനത്തിന്റെയൊപ്പം നില്ക്കാനുള്ള അന്തസ്സും നട്ടെല്ലും കാണിക്കാതിരുന്ന കോളേജ് യൂണിയനോടും പ്രിന്‍സിപ്പാളടക്കമുള്ളവരോടും പ്രതിഷേധം മാത്രം).