ഇന്ത്യൻ സിനിമക്ക് അഭിമാനമായി പേരൻപ് വീണ്ടും; ചിത്രം ഇനി ജർമ്മനിയിലേക്ക്

മമ്മൂട്ടിയുടെ ‘പെരൻബു’ ഇപ്പോളും  വിജയകരമായി പല  സ്ഥലങ്ങളിൽ പ്രദർശനം  തുടരുന്നു. എന്നാൽ സന്തോഷകരമായ വാർത്ത ഇതല്ല  ജർമ്മനിയിലെ ഫ്രാങ്ക്ഫർട്ടിലെ പതിനൊന്നാമത് ന്യൂ ജനറേഷൻസ് ഇൻഡിപെൻഡന്റ് ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ സ്‌ക്രീനിംഗിനായി രാം സംവിധാനം ചെയ്ത മെഗാസ്റ്റാർ മമ്മൂട്ടി നായക വേഷം ചെയ്ത പെരൻബു തിരഞ്ഞെടുത്തു.  സൗത്ത് ഇന്ത്യൻ സിനിമാലോകത്തിന് അഭിമാനകരമാണ് ഇ വാർത്ത. സിനിമ ഇത് ആദ്യമായല്ല അന്താരാഷ്ട്ര തലത്തിൽ ഫെസ്റ്റിവൽ  പ്രദർശനത്തിന് തിരഞ്ഞെടുക്കുന്നത്. ഇതിനു മുൻപ്  ഈ വർഷം തന്നെ  ഫെബ്രുവരിയിൽ സിനിമ തിയറ്റർ റിലീസ് ചെയ്യുന്നതിനുമുമ്പ്, റോട്ടർഡാമിലെ അന്താരാഷ്ട്ര ചലച്ചിത്രമേള (ഐ.എഫ്.എഫ്.ആർ), ഷാങ്ഹായ് ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ, ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ ഓഫ് ഇന്ത്യ (ഐ.എഫ്.എഫ്.ഐ) എന്നിവയിൽ ‘പെരൻബു’ പ്രദർശിപ്പിച്ചിരുന്നു. 

സിയോളിലെ ഇന്ത്യൻ എംബസി, ഇന്ത്യൻ കൾച്ചറൽ സെന്റർ സിയോൾ-ബുസാൻ, കൊറിയൻ ഫിലിം ആർക്കൈവ് എന്നിവ ആതിഥേയത്വം വഹിച്ച കൊറിയൻ ഇന്ത്യൻ ഫിലിം ഫെസ്റ്റിവലിൽ ഇത് അടുത്തിടെ പേരന്പ്  പ്രദർശനത്തിനായി തിരഞ്ഞെടുത്തു എന്നതും ഇതെ അഭിമാനത്തോട് ചേർത്ത് വായിക്കേണ്ട ഒന്നാണ്.

സ്വന്തം മകളുടെ ജീവിതാവസ്ഥയിൽ നിന്നും ഒരച്ഛൻ നടത്തുന്ന തിരിച്ചറിവുകളുടെ കാവ്യാത്മകമായ അവതരണം ആണ് പെരൻബു. സെറിബ്രൽ പാള്‍സി’ മൂലം ബുദ്ധിമുട്ടനുഭവിക്കുന്ന മകളുടെ ജൈവിക വൈകാരിക അവസ്ഥകളെ മനസിലാക്കാനും പൊരുത്തപ്പെടാനും വിഭാര്യനായ ഒരച്ഛൻ നടത്തുന്ന ജീവിതയാത്രയുടെ കഥയുടെ പന്ത്രണ്ട് അദ്ധ്യായങ്ങളിലൂടെ ‘പേരൻപ്’ പ്രേക്ഷകനു മുന്നിലെത്തിക്കുന്നത്. ഗർഭാവസ്ഥയിലോ പ്രസവാനന്തരമോ തലച്ചോറിനേൽക്കുന്ന ക്ഷതം മൂലമുണ്ടാകുന്ന ശാരീരിക മാനസിക ബുദ്ധിമുട്ടുകളുടെ അവസ്ഥയാണ് സെറിബ്രൽ പാള്‍സി. ഇത്തരം കുട്ടികളുടെ വളർച്ചയ്ക്ക് പ്രത്യേക ശ്രദ്ധയും പരിചരണവും ആവശ്യമാണ്. ദുബായിൽ പത്തു വർഷത്തോളം ജോലി ചെയ്തു തിരിച്ചെത്തുന്ന അമുദൻ തന്റെ കുഞ്ഞിനെ വളർത്താൻ നടത്തുന്ന ജീവിത പ്രയാസങ്ങളുടെ കണ്ണു നനയിക്കുന്ന കാഴ്ചകളാണ് ഈ സിനിമ.
മകളുടെ ശാരീരിക വളർച്ചയുടെ ഘട്ടങ്ങൾ സമചിത്തതയോടെ കൈകാര്യം ചെയ്ത അമുദൻ അവളുടെ വൈകാരിക വളർച്ചയുടെ തിരിച്ചറിവ് കാരണമുണ്ടാകുന്ന അങ്കലാപ്പുകൾ രണ്ടാം പകുതിയിൽ നിറഞ്ഞു നിന്നു. പ്രകൃതിയും മനുഷ്യനും രണ്ടല്ലെന്ന കാഴ്ചപ്പാടിനൊപ്പം അൻപും പേരൻപും തമ്മിലുള്ള വ്യത്യാസമറിയുന്നതോടെ കഥയ്ക്ക് ശുഭാന്ത്യം.

ഏറെ കാലത്തിനു ശേഷമാണു മമ്മൂക്കയുടെ ഇതുപോലൊരു അഭിനയപ്രകടനത്തിനു നാം വീണ്ടും സാക്ഷിയാകുന്നത്. ഭാവനായഭിനയത്തിന്റെ ചക്രവർത്തിയാണ് താനെന്നു അദ്ദേഹം വീണ്ടും തെളിയിച്ചു. അമുദന്റെ മുഴുനീള വേഷം ഒരു നിമിഷം പോലും അടരാത്ത വൈകാരികതയോടെ അദ്ദേഹത്തിന്റെ കയ്യിൽ ഭദ്രമായിരുന്നു. ‘തങ്ക മീങ്കള്‍’ എന്ന ആദ്യ ചിത്രത്തിന് മികച്ച ബാലതാരത്തിനുള്ള ദേശീയ പുരസ്‌കാരം നേടിയ സാധന ലക്ഷ്മി വെങ്കടേഷ് ഒരിക്കൽ കൂടി തന്റെ അഭിനയപാടവം കാണിച്ചു. ആദ്യ പകുതി മമ്മൂക്കയുടെ തകർപ്പൻ പ്രകടനത്തിന്റെ നിഴലിൽ ഒതുങ്ങിപ്പോയ സാധന രണ്ടാം പകുതിയിൽ ചിലപ്പോഴൊക്കെ അദ്ദേഹത്തേക്കാൾ മികച്ചു നിന്നു. സിനിമയുടെ ആദ്യ പകുതിയിൽ അഞ്ജലി നായികയായെത്തിയപ്പോൾ രണ്ടാം പകുതിയിൽ നായികയാവുന്ന ആദ്യ ‘ട്രാൻസ് വുമൺ’ എന്ന ഖ്യാതിയോടെ അഞ്ജലി അമീർ മികച്ച പ്രകടനം നടത്തി. അതിഥി വേഷത്തിൽ സമുദ്രക്കനിയും ചിത്രത്തിലുണ്ട്.    സെറിബ്രൽ പാള്‍സി എന്ന അസുഖം ബാധിച്ച കൗമാരകാരിയുടെ  പിതാവെന്ന നിലയിൽ മമ്മൂട്ടിയുടെ മികച്ച പ്രകടനം ആണ് സിനിമയിൽ ആവിഷ്കരിച്ചിരിക്കുന്നത്. അമുദന്റെ  മകളുടെ വേഷം ചെയ്ത  സാധനയ്ക്കും എല്ലാ കോണുകളിൽ നിന്നും പ്രശംസ ലഭിച്ചു.  രണ്ട് അഭിനേതാക്കളും ദേശീയ അവാർഡിനായി മികച്ച മത്സരാർത്ഥികളായിരിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നെങ്കിലും നിർഭാഗ്യവശാൽ അവഗണിക്കപ്പെട്ടു, ഇത് പലരുടെയും അതൃപ്തി പ്രകടിപ്പിക്കുന്നു. ചിത്രത്തിലെ ഗാങ്ങളും പശ്ചാത്തലസംഗീതവും കൈകാര്യം ചെയ്തിരിക്കുന്നത് യുവൻശങ്കർരാജ ആണ്. ഗാനരചന വൈരമുത്തുവും , സുമതി റാം, കരുണാകരൻ എന്നിവരും ആണ് നിർവഹിച്ചിരിക്കുന്നത്.