മമ്മൂട്ടിയെ കടത്തിവെട്ടി മോഹന്‍ലാല്‍; മമ്മൂട്ടി സിനിമയില്‍ മുന്നില്‍, മോഹന്‍ലാല്‍ ജീവിതത്തിലും; പ്ലാസ്റ്റിക് നിരോധിച്ച് കേരള മുഖ്യമന്ത്രി മോഹന്‍ലാല്‍; അബദ്ധം പിണഞ്ഞ് ഉത്തരേന്ത്യന്‍ കമ്പനി

മമ്മൂട്ടിയെ നായകനാക്കി സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന വണ്‍ എന്ന ചിത്രത്തില്‍ കേരള മുഖ്യമന്ത്രിയായാണ് മമ്മൂട്ടി എത്തുന്നത്. എന്നാല്‍ മമ്മൂട്ടിയെ കടത്തിവെട്ടിയിരിക്കുകയാണ് മോഹന്‍ലാല്‍. മമ്മൂട്ടിക്കും മുന്നേ മോഹന്‍ലാല്‍ കേരള മുഖ്യമന്ത്രിയായിരിക്കുകയാണിപ്പോള്‍. അതും യഥാര്‍ത്ഥ ജീവിതത്തില്‍.

2020 ജനുവരി ഒന്ന് മുതല്‍ കേരളത്തില്‍ സിംഗിള്‍ യൂസ് പ്ലാസ്റ്റിക് ഉത്പന്നങ്ങള്‍ നിരോധിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനം ഇതിനോടകം തന്നെ മാധ്യമ ശ്രദ്ധ നേടിയിരുന്നു. പരിസ്ഥിതി സംരക്ഷണത്തിനായുള്ള സര്‍ക്കാര്‍ നീക്കത്തെ പിന്തുണച്ച് ഇതിനോടം തന്നെ നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ തീരുമാനത്തിന് ആശംസ അറിയിച്ച് സമൂഹമാധ്യമങ്ങളില്‍ അബദ്ധങ്ങളില്‍ പെട്ടിരിക്കുകയാണ് ഒരു ഉത്തരേന്ത്യന്‍ കമ്പനി. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന യൂറോസേഫ്റ്റി ഗ്രൂപ്പാണ് മുഖ്യമന്ത്രി പിണറായി വിജയനെന്ന് കരുതി നടന്‍ മോഹന്‍ലാലിന്റെ ചിത്രവുമായി തയ്യാറാക്കിയ ഗ്രാഫിക് കാര്‍ഡ് പുറത്തിറക്കിയത്.

ജനുവരി ഒന്നു മുതല്‍ സംസ്ഥാനത്ത് സിംഗിള്‍ യൂസ് പ്ലാസ്റ്റിക് നിരോധിക്കാനുള്ള നീക്കത്തെ പിന്തുണച്ചായിരുന്നു കമ്പനി തങ്ങളുടെ ഔദ്യോഗിക ഫെയ്‌സ്ബുക്ക്, ഇന്‍സ്റ്റഗ്രാം പേജുകളില്‍ പോസ്റ്റിട്ടത്. സംവിധായകന്‍ ശ്രീകുമാര്‍ മേനോന്‍ മുന്‍പ് പുറത്തിറക്കാന്‍ പദ്ധതിയിട്ടിരുന്ന സിനിമയിലെ ഒരു ക്യാരക്ടര്‍ സ്‌കെച്ചാണ് മുഖ്യമന്ത്രിയുടേതെന്ന് തെറ്റിദ്ധരിച്ച് കമ്പനി പോസ്റ്ററില്‍ ചേര്‍ത്തത്. കോമ്രേഡ് എന്ന മോഹന്‍ലാലിനെ നായകനാക്കി കോമ്രേഡ് എന്ന സിനിമ നിര്‍മ്മിക്കാന്‍ ആലോചിച്ചിരുന്നതാണെന്നും എന്നാല്‍ ഈ പദ്ധതി ഉപേക്ഷിച്ചതാണെന്നും ശ്രീകുമാര്‍ കഴിഞ്ഞ മാര്‍ച്ചില്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍ ഈ സിനിമയ്ക്കു വേണ്ടി തയ്യാറാക്കിയ സ്‌കെച്ചുകള്‍ ആരോ പുറത്തു വിടുകയായിരുന്നുവെന്നാണ് സംവിധായകന്‍ വിശദീകരിച്ചത്.

ഇതിനു പിന്നാലെ ഈ സ്‌കെച്ചുകള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ച പലരും നീക്കം ചെയ്യുകയും ചെയ്തിരുന്നു. കമ്പനി തയ്യാറാക്കിയ കാര്‍ഡില്‍ ഈ ചിത്രം ലഭിച്ചത് എവിടെ നിന്നെന്ന കാര്യത്തില്‍ വ്യക്തതയില്ല. എന്നാല്‍ വിവരം ഫെയ്‌സ്ബുക്കില്‍ പലരും ചൂണ്ടിക്കാണിച്ചതോടെ പോസ്റ്റര്‍ എഡിറ്റ് ചെയ്ത യൂറോസേഫ്റ്റി കമ്പനി പകരം പിണറായി വിജയന്റെ യഥാര്‍ത്ഥ ചിത്രം ചേര്‍ത്തു. എന്നാല്‍ കമ്പനിയുടെ ഇന്‍സ്റ്റഗ്രാം പേജില്‍ നിന്ന് മോഹന്‍ലാലിന്റെ ചിത്രമുള്ള പോസ്റ്റര്‍ ഇപ്പോഴും നീക്കം ചെയ്തിട്ടില്ല.