225 മിനിറ്റില്‍ ആ മോഹന്‍ലാല്‍ ചിത്രം തിയേറ്ററിലെത്തിയാല്‍ പ്രശ്‌നമാകും… ഒടുവില്‍ കണ്ണുമടച്ച് വെട്ടിത്തള്ളി…

വില്ലനായി വെള്ളിത്തിരയില്‍ അരങ്ങേറ്റം കുറിച്ച് ഒടുവില്‍ നായകനായി തിളങ്ങളിയ മലയാളികളുടെ അഭിമാനവും അഹങ്കാരവുമാണ് മോഹന്‍ലാല്‍. മോഹന്‍ലാല്‍ ചിത്രങ്ങള്‍ക്ക് അന്നും ഇന്നും എന്നും ആരാധകരേറെയാണ്. മലയാളത്തിലെ ഏറ്റവും മികച്ച സിനിമകളില്‍ ഒന്നായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള. പ്രണവം ആര്‍ട്‌സിന്റെ ബാനറില്‍ മോഹന്‍ലാല്‍ തന്നെ നിര്‍മ്മിച്ച ചിത്രം കൂടിയായിരുന്നു ഹിസ് ഹൈനസ് അബ്ദുള്ള.

സംഗീതത്തിന് പ്രാധാന്യം നല്‍കി ലോഹിതദാസിന്റെ തിരക്കഥയില്‍ സിബി മലയില്‍ സംവിധാനം ചെയ്ത ചിത്രം ഷൂട്ടിംഗ് പൂര്‍ത്തിയായപ്പോള്‍ സിനിമ താന്‍ ഉദ്ദേശിച്ച രീതിയില്‍ ഒരു റിസള്‍ട്ട് ഉണ്ടാക്കുമോ എന്ന് സിബി മലയിലിന് ഭയമുണ്ടായിരുന്നു. എഡിറ്റിംഗ് പൂര്‍ത്തിയാക്കി കഴിഞ്ഞപ്പോള്‍ ചിത്രത്തിന്റെ ദൈര്‍ഘ്യം മൂന്നേ മുക്കാല്‍ മണിക്കൂര്‍ ആയിരുന്നു. കൃത്യമായി പറഞ്ഞാല്‍ 225 മിനിറ്റ്. ഇങ്ങനെ തന്നെ തിയേറ്ററിലെത്തിയാല്‍ പ്രശ്‌നമാണെന്ന് എല്ലാവര്‍ക്കും മനസിലായി. എങ്ങനെയെങ്കിലും ഒരു മണിക്കൂര്‍ ദൈര്‍ഘ്യം കുറച്ചേ പറ്റൂ. ഒടുവില്‍ കണ്ണുമടച്ച് ഒരു മണിക്കൂര്‍ നേരം ദൈര്‍ഘ്യമുള്ള സീനുകള്‍ വെട്ടിത്തള്ളി. ഒരുപാട് നല്ല സീനുകളാണ് അങ്ങനെ മുറിച്ചുമാറ്റേണ്ടിവന്നത്.

1990 മാര്‍ച്ച് 31ന് കേരളത്തിലെ 18 കേന്ദ്രങ്ങളില്‍ ഹിസ് ഹൈനസ് അബ്ദുള്ള റിലീസ് ചെയ്തു. അസാധാരണ വിജയമാണ് ഈ സിനിമ സ്വന്തമാക്കിയത്. മോഹന്‍ലാലിനും ലോഹിക്കും സിബിക്കുമെല്ലാം ചിത്രം ഏറെ പ്രശംസ നേടിക്കൊടുത്തു. മികച്ച ഗായകനുള്ള ദേശീയ പുരസ്‌കാരം ഈ സിനിമയിലെ നാദരൂപിണിയിലൂടെ എം.ജി ശ്രീകുമാര്‍ നേടി. പിന്നീട് ഇതേ ടീം തന്നെ കമലദളം, ഭരതം തുടങ്ങിയ ചിത്രങ്ങളും ചെയ്തു.