ഞെട്ടിപ്പിക്കുന്ന പെണ്ണഴകില്‍ മമ്മൂട്ടി; സജീവ് പിള്ളയുടെ സ്റ്റില്ലിന് പത്മകുമാറിന് ഹാഷ്ടാഗെന്ന് ആരാധകര്‍

മെഗാസ്റ്റാര്‍ മമ്മൂട്ടി സ്‌ത്രൈണ രൂപത്തിലെത്തുന്നു. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം.പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കത്തിലെ മമ്മൂട്ടിയുടെ ഞെട്ടിപ്പിക്കുന്ന ലുക്ക് പുറത്ത്. മാമാങ്കത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ് ചിത്രം പുറത്ത് വിട്ടിരിക്കുന്നത്. മമ്മൂട്ടിയോടടുത്ത വൃത്തങ്ങളും ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിട്ടുണ്ട്. നവംബര്‍ മാസത്തിലെ വനിതയുടെ കവര്‍ പേജായാണ് മമ്മൂട്ടിയുടെ ഈ ഗെറ്റപ്പ് പുറത്തുവന്നത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തിലും മമ്മൂട്ടി ആരാധകര്‍ക്കിടയിലും ചിത്രം അദ്ഭുതമായിരിക്കുകയാണ്.

പെണ്ണഴകിലുള്ള മമ്മൂട്ടിയുടെ ഈ ചിത്രം നിമിഷം നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ചിത്രത്തിന് താഴെ നിരവധി രസകരമായ കമന്റുകളും പ്രത്യക്ഷമായി. ‘അര്‍ദ്ധനാരീശവരന്‍’, ‘ഇപ്പോഴെ ഈ ലുക്ക് പുറത്ത് വിടേണ്ടെന്നാണ് ഒരു കൂട്ടര്‍ പറയുന്നത്’. ‘ഈ ജന്മത്തില്‍ കെട്ടിയാടാന്‍ ഇനി വേഷങ്ങള്‍ ബാക്കിയില്ല. പെണ്ണഴകില്‍ മമ്മൂട്ടി’. ‘ലോകമെമ്പാടുമുള്ള ലക്ഷക്കണക്കിന് സ്ത്രീകള്‍ വാങ്ങിക്കുന്ന വനിതയുടെ ഫ്രണ്ട് പേജില്‍ തന്നെ മെഗാസ്റ്റാറിന്റെ സ്‌ത്രൈണ ഭാവം മുഖചിത്രമായി കൊടുത്ത വേണു ചേട്ടനിരിക്കട്ടെ ഒരു കുതിരപ്പവന്‍. പക്ഷേ ഒരു പ്രശ്‌നമുണ്ടല്ലോ ചേട്ടാ ഈ ലക്കം സ്ത്രീകളേക്കാള്‍ കൂടുതല്‍ വനിത വാങ്ങിക്കുന്നത് പുരുഷന്‍മാരായിരിക്കും.’ തുടങ്ങീ നിരവധി കമന്റുകളാണ് ചിത്രത്തിന്റെ താഴെയുള്ള കമന്റ് ബോക്‌സില്‍ നിറഞ്ഞിരിക്കുന്നത്.

മാമാങ്കത്തില്‍ മൂന്ന് വ്യത്യസ്ത ലുക്കുകളിലാണ് മമ്മൂട്ടിയെത്തുക. ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, തരുണ്‍ അറോറ, സിദ്ദീഖ്, സുരേഷ് കൃഷ്ണ, സുദേവ് നായര്‍, പ്രാചി തെഹ്ലാന്‍, രതീഷ് കൃഷ്ണ, മാസ്റ്റര്‍ അച്യുതന്‍ എന്നിവരാണ് ചിത്രത്തിലെ മറ്റു താരങ്ങള്‍. വേണു കുന്നപ്പിള്ളിയാണ് സംവിധാനം. ശങ്കര്‍ രാമകൃഷണനാണ് തിരക്കഥ. എം.ജയചന്ദ്രനാണ് സംഗീതം. എറണാകുളം, കൊച്ചി, കണ്ണൂര്‍, ഒറ്റപ്പാലം, വാഗമണ്‍ എന്നിവിടങ്ങളിലായിരുന്നു ചിത്രീകരണം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളിലും ചിത്രം റിലീസിനെത്തും. ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.

ദേശാഭിമാനത്തിന് വേണ്ടി ജീവന്‍ വെടിഞ്ഞ ധീര ചാവേറുകളുടെ ഇതിഹാസ കഥ പറയുന്ന ചിത്രത്തില്‍ അന്നത്തെ കാലഘട്ടം കൃത്യമായി പുന:സൃഷ്ടിച്ചിട്ടുണ്ട്. 40 ദിവസം നീണ്ടു നില്‍ക്കുന്ന അവസാനഘട്ട ചിത്രീകരണം പൂര്‍ണമായും സ്വാഭാവിക വിളക്കുകളുടെ വെളിച്ചത്തിലായിരുന്നു. രണ്ടായിരത്തിലേറെ തൊഴിലാൡകള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റാണ് ചിത്രത്തിന്റെ പ്രത്യേകത. ചിത്രത്തിന്റെ യുദ്ധരംഗങ്ങളടക്കം ചിത്രീകരിക്കുന്നത് നെട്ടൂരിലെ 20 ഏക്കര്‍ ഭൂമിയിലാണ്. 300 വര്‍ഷം മുമ്പത്തെ കാലഘട്ടം പുന:സൃഷ്ടിക്കുന്നതിനായി മുള, പനയോല, പുല്ല്, കയര്‍ തുടങ്ങിയവയും ടണ്‍കണക്കിന് ഉപയോഗിച്ചിട്ടുണ്ട്.