വഴി മാറി കൊടുത്തു… പക്ഷേ മാമാങ്കത്തിനൊപ്പം ഷൈലോക്കും… ആരാധകര്‍ക്ക് ഇരട്ട സന്തോഷം

രാജാധി രാജ, മാസ്റ്റര്‍പീസ് എന്നീ ചിത്രങ്ങള്‍ക്ക് ശേഷം അജയ് വാസുദേവ് മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ഒരുക്കുന്ന ചിത്രമാണ് ഷൈലോക്ക്. മമ്മൂട്ടിയെ നായകനാക്കി എം.പദ്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിന്റെ റിലീസിനായി ഷൈലോക്ക് വഴിമാറിക്കൊടുത്തത് അടുത്തിടെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. ഡിസംബര്‍ 20നാണ് ഷൈലോക്ക് റിലീസ് ചെയ്യാനിരുന്നത്. എന്നാല്‍ മാമാങ്കം നവംബര്‍ 21ല്‍ നിന്നും ഡിസംബര്‍ 12ലേയ്ക്ക് മാറ്റിയതോടെ ഷൈലോക്ക് റിലീസ് മാറ്റുകയായിരുന്നു.

എന്നാലിപ്പോള്‍ വാര്‍ത്ത അതൊന്നുമല്ല, മാമാങ്കത്തിനൊപ്പം ഷൈലോക്കും ഒരേ ദിവസം തിയേറ്ററുകളിലെത്തുമെന്നാണ്. മാമാങ്കം റിലീസ് ചെയ്യുന്ന ഡിസംബര്‍ 12നാകും ഷൈലോക്ക് ടീസര്‍ റിലീസ് ചെയ്യുന്നതെന്നാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ മമ്മൂട്ടി ആരാധകര്‍ക്കിടയിലെ സംസാരം. അതും അന്നേ ദിവസം മാമാങ്കം പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകളിലും ഓണ്‍ലൈനിലുമാണ് ഷൈലോക്ക് ടീസര്‍ റിലീസ് ചെയ്യുക. ഇത് ആരാധകര്‍ക്ക് ഇരട്ടി മധുരമാണ് നല്‍കുക. എന്നാല്‍ ഇതുസംബന്ധിച്ച് ഔദ്യോഗിക റിപ്പോര്‍ട്ടുകളൊന്നും പുറത്തുവന്നിട്ടില്ല.

ചിത്രത്തിന്റെ ടീസര്‍ എഡിറ്റിംഗ് കഴിഞ്ഞതായി ടീസര്‍ എഡിറ്റ് ചെയ്ത ലിന്റോ കുര്യന്‍ തന്റെ സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചിരുന്നു. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് പുറത്തിറങ്ങിയ ഷൈലോക്കിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. ഒരു പലിശക്കാരന്റെ വേഷത്തിലാണ് മമ്മൂട്ടി ഷൈലോക്കിലെത്തുന്നത്. തമിഴിലും ചിത്രം എത്തുന്നുണ്ട്. കുബേരന്‍ എന്നാണ് ഇതിന്റെ തമിഴ് പതിപ്പിന്റെ പേര്. മമ്മൂട്ടിയ്‌ക്കൊപ്പം രാജ് കിരണ്‍ അഭിനയിച്ച ചിത്രം കൂടിയാണിത്. ഗുഡ് വില്‍ എന്റര്‍റ്റെയ്ന്‍മെന്റിന്റെ ബാനറില്‍ ജോബി ജോര്‍ജാണ് ഷൈലോക്ക് നിര്‍മ്മിച്ചിരിക്കുന്നത്. നവാഗതരായ ബിബിന്‍ മോഹന്‍, അനീഷ് ഹമീദ് എന്നിവര്‍ ചേര്‍ന്നാണ് രചിച്ചിരിക്കുന്നത്.

നേരത്തെ ഷൈലോക്കിന്റെ റിലീസ് സംബന്ധിച്ച് ചിത്രത്തിന്റെ നിര്‍മ്മാതാവ് ജോബി ജോര്‍ജ് ഫെയ്‌സ്ബുക്കില്‍ ഒരു പോസ്റ്റ് പങ്കുവെച്ചിരുന്നു. “സ്‌നേഹിതരെ, ഷൈലോക്കിന്റെ എല്ലാ വര്‍ക്കും തീര്‍ന്ന് ഡിസംബര്‍ 20ന് റിലീസ് പ്ലാന്‍ ചെയ്തതാണ്, എന്നാല്‍ മമ്മുക്കയുടെ മാമാങ്കം എന്ന വലിയ സിനിമയുടെ വര്‍ക്ക് തീരാതെ വന്നതു കൊണ്ട്, അവര്‍ക്ക് വേണ്ടി നമ്മള്‍ മാറി കൊടുക്കുകയാണ്, എന്നാല്‍ ആരൊക്കെയോ പറയുന്നത് പോലെ മാര്‍ച്ചില്‍ അല്ല നമ്മള്‍ ഷൈലോക്ക് റിലീസ് ചെയ്യുന്നത്, ഷൈലോക്കിന്റ റിലീസ് തീയതി 2020 ജനുവരി 23 വ്യാഴം ആണ്. ഒരു കാര്യം ഉറപ്പാണ്, എന്നാണോ ഷൈലോക്ക് റിലീസ് ചെയ്യുന്നത് അന്നായിരിക്കും സിനിമ തീയേറ്ററുകളില്‍ യഥാര്‍ത്ഥ ഓണവും, ക്രിസ്മസും, വിഷുവും, ഇത് ഞാന്‍ കണ്ട് തരുന്ന ഉറപ്പ്.. സ്‌നേഹത്തോടെ..”