“പലരും വിളിച്ച് അന്വേഷിച്ചു, ആരും സഹായിച്ചില്ല”, മനസ്സാക്ഷി കാട്ടി മമ്മൂക്ക! മോളിയുടെ ചികിത്സാച്ചെലവ് ഏറ്റെടുത്ത് മമ്മൂക്ക

ടെലിവിഷന്‍ രംഗത്ത് മാത്രമല്ല സിനിമയിലും തന്റേതായ അഭിനയശൈലിയിലൂടെ പ്രേക്ഷകരുടെ പ്രിയതാരമായി മാറിയ നടിയാണ് മോളി കണ്ണമാലി. പ്രേക്ഷകര്‍ക്ക് ചിരി സമ്മാനിച്ച മോളിയുടെ കണ്ണീരിന് ഒടുവില്‍ ഫലം കണ്ടു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ശസ്ത്രക്രിയക്ക് പണമില്ലാതെ ബുദ്ധിമുട്ടുന്ന നടി മോളി കണ്ണമാലിയുടെ ചികിത്സ ഏറ്റെടുത്തിരിക്കുകയാണ് മമ്മൂട്ടി. മോളിയുടെ ശസ്ത്രക്രിയ ഉള്‍പ്പെടെയുള്ള എല്ലാ ചികിത്സാ ചിലവും മമ്മൂട്ടി ഏറ്റെടുത്തു.

സാമൂഹ്യമാധ്യമങ്ങളിലൂടെ മോളിയുടെ അവസ്ഥ അറിഞ്ഞ് സഹായത്തിന് എത്തുകയായിരുന്നു താരം. മമ്മൂട്ടിയുടെ അടുത്ത സുഹൃത്തും നിര്‍മ്മാതാവുമായ ആന്റോ ജോസഫ് നേരിട്ടെത്തിയാണ് മോളിയെ ഇക്കാര്യം അറിയിച്ചത്. തിരുവനന്തപുരത്ത് അടിയന്തര ശസ്ത്രക്രിയ നടത്താനുള്ള എല്ലാ സൗകര്യവും ചെലവും മമ്മൂട്ടി വഹിക്കുമെന്ന് ആന്റോ ജോസഫ് കുടുംബാംഗങ്ങളെ അറിയിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കുമെന്നുമാണ് അറിയിച്ചിരിക്കുന്നതെന്ന് മോളിയുടെ മകന്‍ സോളി പറഞ്ഞു.

‘അമ്മച്ചിയ്ക്ക് അത്രകണ്ട് വയ്യാത്തോണ്ടാണ്. രണ്ട് അറ്റാക്ക് കഴിഞ്ഞു. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുമ്പോഴാണ് സഹായവുമായി മമ്മൂട്ടി സാര്‍ എത്തുന്നത്.
അദ്ദേഹത്തിന്റെ പി.എ വീട്ടില്‍ വന്നു സംസാരിച്ചു. തിരുവനന്തപുരത്ത് ഓപ്പറേഷനുള്ള എല്ലാ സൗകര്യങ്ങളും ഒരുക്കാമെന്നും ചേച്ചിയെ ഉടന്‍ അങ്ങോട്ട് എത്തിക്കണമെന്നും അദ്ദേഹം പറഞ്ഞു. ഇപ്പോള്‍ ചികിത്സിക്കുന്ന ആശുപത്രിയില്‍ നിന്നും റിപ്പോര്‍ട്ടുകള്‍ കിട്ടിയാല്‍ ഉടന്‍ അമ്മച്ചിയെ അങ്ങോട്ടുമാറ്റും. ചികിത്സയുടെ ചെലവൊക്കെ അദ്ദേഹം നോക്കാമെന്ന് അറിയിച്ചിട്ടുണ്ട്. പലരും വിളിച്ച് അന്വേഷിച്ചതല്ലാതെ ഒരു സഹായവും കിട്ടിയിരുന്നില്ല. അമ്മയുടെ ചിക്തസയാണ് ഞങ്ങള്‍ക്ക് മുഖ്യം. ഉടന്‍ ഓപ്പറേഷനായി അമ്മച്ചിയെ കൊണ്ടുപോകാനുള്ള തയ്യാറെടുപ്പിലാണ് ഞങ്ങളെന്നും മോളിയുടെ മകന്‍ മാധ്യങ്ങളോട് പറഞ്ഞു.

നേരത്തെ നടന്‍ ബിനീഷ് ബാസ്റ്റന്‍ പങ്കുവെച്ച വീഡിയോയിലും മോളി രോഗത്തെ കുറിച്ച് സംസാരിച്ചിരുന്നു. രണ്ട് തവണ തനിക്ക് ഹൃദയാഘാതം ഉണ്ടായെന്നും തുടര്‍ന്ന് ചികിത്സിക്കാന്‍ പണമില്ലാത്ത അവസ്ഥയിലാണെന്നും മോളി കണ്ണമാലി വീഡിയോയില്‍ പറയുന്നു. ചെക്കപ്പിന് പോകാന്‍ പോലും സാമ്പത്തിക സ്ഥിതി അനുവദിക്കുന്നില്ല. ആഭരണമെല്ലാം വിറ്റു. ഇനി നാലുസെന്റ് സ്ഥലവും വീടും മാത്രമേ ശേഷിക്കുന്നുള്ളൂ. വീട്ടില്‍ ഞങ്ങള്‍ 10 അംഗങ്ങളാണ് ഉള്ളത്. അന്നന്നുള്ള ചെലവുകള്‍ കഷ്ടിച്ച് കടന്നു പോകുന്നെന്ന് മാത്രം. വീടുകൂടി പണയം വെച്ചാല്‍ കിടപ്പാടം കൂടി നഷ്ടമാകും. സഹായിക്കാന്‍ മനസ്സുള്ളവര്‍ സഹായിക്കുക. മോളി കണ്ണമാലി വീഡിയോയില്‍ പറഞ്ഞു. തന്റെ അവസ്ഥ അറിഞ്ഞ് മമ്മൂട്ടി സഹായവാഗ്ദാനം നടത്തിയിട്ടുണ്ടെന്നും വീഡിയോയില്‍ മോളി പറഞ്ഞു. സ്‌നേഹമുള്ളവര്‍ കഴിയുന്നത് പോലെ സഹായിക്കണമെന്നും അവര്‍ ലൈവില്‍ പറഞ്ഞിരുന്നു. ശരീരത്ത് ഇപ്പോഴും സ്വര്‍ണ്ണമൊക്കെ ഉണ്ടല്ലോ എന്ന് പലരും സമൂഹമാധ്യമങ്ങളില്‍ പ്രതികരിച്ചപ്പോള്‍ തന്റെ പക്കല്‍ ഒരു തരി പൊന്നുപോലുമില്ലെന്നും ഇതെല്ലാം മുക്കുപണ്ടമാണെന്നും മോളി വീഡിയോയില്‍ പറയുന്നു.

കുറച്ച് നാള്‍ മുമ്പ് സ്റ്റേജ് ഷോയ്ക്കുള്ള റിഹേഴ്‌സലിനിടെയാണ് മോളിക്ക് ഹൃദയാഘാതമുണ്ടായത്. അസുഖം രൂക്ഷമായതോടെ കഴിഞ്ഞ കുറേ നാളുകളായി അഭിനയത്തില്‍ നിന്ന് വിട്ടു നില്‍ക്കുകയാണ് താരം. സിനിമയില്‍ നിന്നും സീരിയലില്‍ നിന്നും കിട്ടുന്ന വരുമാനം കൊണ്ടാണ് മോളി ഇത്രയും നാള്‍ കഴിഞ്ഞിരുന്നത്. അടിയന്തരമായ ശസ്ത്രക്രിയ വേണമെന്ന് ഡോക്ടര്‍മാര്‍ നിര്‍ദേശിച്ചിരിന്നു. മക്കള്‍ക്കും സഹായിക്കാനുള്ള ധനസ്ഥിതിയില്ലാത്തതിനാല്‍ മരുന്ന് വാങ്ങാന്‍ പോലുമുള്ള പണം മോളിയുടെ കൈയ്യിലില്ലായിരുന്നു. അയല്‍വാസി കടം നല്‍കിയ പണം കൊണ്ടാണ് മോളി മരുന്ന് വാങ്ങിയിരുന്നത്.

എറണാകുളം ജില്ലയിലെ കണ്ണമാലി സ്വദേശിക്കാരിയായ മോളി താമസിച്ചിരുന്നത് പുത്തന്‍തോട് പാലത്തിനടുത്തുള്ള ഒരു കൂരയിലായിരുന്നു. ചെറുപ്പം മുതല്‍ നാടകങ്ങളില്‍ അഭിനയിച്ച മോളി വിവാഹ ശേഷം കുടുംബം പുലര്‍ത്താന്‍ വേണ്ടി കൂടുതല്‍ സജീവമായി. മീന്‍പിടിത്തക്കാരനായിരുന്നു ഭര്‍ത്താവ്. രണ്ട് ആണ്‍മക്കളുണ്ട്. ദാരിദ്രവും കഷ്ടപ്പാടും പിടിച്ച കുടുംബമായിരുന്നു മോളിയുടേത്. ഈ കുടുംബത്തിന്റെ കഷ്ടപ്പാട് കണ്ട് അന്നത്തെ എറണാകുളം എം.പി മുന്‍കൈയെടുത്ത് താമസിച്ചിരുന്ന കൂരയുടെ സമീപം ഒരു ചെറിയ വീട് വെച്ച് നല്‍കിയിരുന്നു. അടച്ചുറപ്പുള്ള ഒരു കൂര ലഭിച്ചെങ്കിലും കഴിഞ്ഞ വര്‍ഷത്തെ പ്രളയത്തില്‍ ഒലിച്ചു പോയിരുന്നു. ഇതോടെ മോളിക്കും കുടുംബത്തിനും വീണ്ടും പഴയ കൂരയിലേയ്ക്ക് താമസം മാറേണ്ടിവന്നു. ഈ ദുരവസ്ഥ കണ്ട് സിനിമാ മേഖലയിലെ ചിലര്‍ വീട് നിര്‍മ്മിച്ച് നല്‍കാമെന്ന വാഗ്ദാനവും നല്‍കിയിരുന്നു. അത് മാത്രമായിരുന്നു ഈ കുടുംബത്തിന്റെ പ്രതീക്ഷ.

എന്നാലിപ്പോള്‍ മോളിയുടെ അസുഖവും ഈ കുടുംബത്തെ വല്ലാതെ തളര്‍ത്തിയിരിക്കുകയാണ്. സഹായഹസ്തവുമായി മമ്മൂട്ടി എത്തിയെങ്കിലും മമ്മൂട്ടിയ്ക്ക് പിന്നാലെ കൂടുതല്‍ സിനിമാ താരങ്ങളും സുമനസുകളും മോളിക്ക് ആശ്വാസമാകുമെന്ന് പ്രതീക്ഷിക്കാം. മോളിയുടെ കണ്ണീരൊപ്പാന്‍ ഇനിയും സുമനുകള്‍ രംഗത്ത് വരണമെന്നാണ് ആരാധകരുടെയും ആഗ്രഹം.