നവംബറില്‍ അല്ല… മാമാങ്കം റിലീഡ് ഡേറ്റ് പുറത്ത്.. #Mamangam #ReleaseDate

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം പത്മകുമാര്‍ സംവിധാനം ചെയ്യുന്ന മാമാങ്കം തുടക്കം മുതല്‍ക്കെ വാര്‍ത്തകളില്‍ ഇടംപിടിച്ചിരുന്നു. മമ്മൂട്ടി വീണ്ടും ചരിത്രപുരുഷനായെത്തുന്നതിന്റെ ആവേശത്തിലാണ് ആരാധകര്‍. ചരിത്ര പുരുഷനായി മമ്മൂട്ടി എത്തിയപ്പോഴെല്ലാം ആരാധകര്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിട്ടുണ്ട്. എന്നിരുന്നാലും പഴശ്ശിരാജയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ വരവ് എങ്ങനെയായിരിക്കുമെന്നറിയാനുള്ള ആകാംഷയാണ് ആരാധകര്‍ക്ക്.

ചരിത്ര പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ മലയാളത്തില്‍ പിറന്നിട്ടുണ്ടെങ്കിലും മാമാങ്കത്തെ കുറിച്ചൊരു സിനിമ ഇതാദ്യമായാണ് എത്തുന്നത്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളിലൊന്നാണ്.

നവംബര്‍ 21ന് ചിത്രം റിലീസിനെത്തുമെന്നാണ് ആദ്യം അണിയറപ്രവര്‍ത്തകര്‍ പറഞ്ഞിരുന്നത്. എന്നാല്‍ അപ്രതീക്ഷിതമായി ചിത്രത്തിന്റെ റിലീസ് മാറ്റിയിരിക്കുകയാണ്. നാല് ഭാഷകളിലായി വേള്‍ഡ് വൈഡായി ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് ഏറ്റവും ഒടുവിലായി അണിയറക്കാര്‍ പുറത്തുവിട്ടിരിക്കുന്നത്. ക്രിസ്മസന് മുന്നോടിയായെത്തുന്ന മാമാങ്കത്തിന് മികച്ച സ്വീകരണം ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പ്രേക്ഷകര്‍.

മാമാങ്കം ബോക്‌സ്ഓഫീസില്‍ വന്‍ വിജയമാകുമെന്ന് കഴിഞ്ഞ ദിവസം സന്തോഷ് പണ്ഡിറ്റും പ്രവചിച്ചിരുന്നു. മാമാങ്കം വരുന്നതോടെ പുലിമുരുകന്‍, ബാഹുബലി 2, ലൂസിഫര്‍ എന്നീ ചിത്രങ്ങളുടെ റെക്കോര്‍ഡുകളും തകര്‍ന്ന് തരിപ്പണമാകുമെന്നും സന്തോഷ് പണ്ഡിറ്റ് ഫെയ്‌സ്ബുക്കില്‍ കുറിച്ചിരുന്നു. കേരളത്തോടൊപ്പം മറ്റു സംസ്ഥാനങ്ങളിലും റിലീസാകുന്ന ചിത്രം മൊത്തം 300 കോടി കളക്ഷന്‍ നേടുമെന്നും സന്തോഷ് പണ്ഡിറ്റ് പറഞ്ഞു.

കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് മാമാങ്കം നിര്‍മ്മിക്കുന്നത്. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയും മനോജ് പിള്ള ഛായാഗ്രഹണവും നിര്‍വ്വഹിക്കുന്നു. എം.ജയചന്ദ്രനാണ് സംഗീതം. സഞ്ചിത്ത് ബല്‍ഹാര ബി.ജി.എമ്മും, എസ്.ബി.സതീശന്‍ വസ്ത്രാലങ്കാരവും, എന്‍.ജി റോഷന്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്റ്റുഡിയോയ്ക്ക് പുറത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സെറ്റുള്‍പ്പെടെ കലാസംവിധാനം നിര്‍വ്വഹിച്ചത് മോഹന്‍ദാസാണ്.