വീണ്ടുമൊരു റെക്കോര്‍ഡ് കൂടി… മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ ഡിസ്‌കൗണ്ട്!

മെഗാസ്റ്റാര്‍ മമ്മൂട്ടിയുടെ ബ്രഹ്മാണ്ഡ ചിത്രം ‘മാമാങ്കം’ റിലീസിനൊരുങ്ങുകയാണ്. ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസിനോടടുക്കുമ്പോള്‍ മാമാങ്കത്തെ കുറിച്ചുള്ള വ്യത്യസ്തമാര്‍ന്ന വാര്‍ത്തകളാണ് ദിവസേന പുറത്തുവരുന്നത്. ഇപ്പോഴിതാ ആരാധകര്‍ക്ക് കൗതുകമുണര്‍ത്തുന്ന മറ്റൊരു വാര്‍ത്ത കൂടി പുറത്തുവിട്ടിരിക്കുകയാണ് മാമാങ്കം ടീം. മാമാങ്കം ഗെയിം പോലെ ബുക്ക് മൈ ഷോയുമായി കൈകോര്‍ത്ത് മറ്റൊരു വ്യത്യസ്ത പ്രൊമോഷനുമായാണ് ഇത്തവണ അണിയറ പ്രവര്‍ത്തകര്‍ എത്തിയിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ നിന്ന് 200 രൂപയുടെ മാമാങ്കം മൂവി വൗച്ചര്‍ വാങ്ങിയാല്‍ മാമാങ്കം ടിക്കറ്റിന് 100 രൂപയുടെ ഡിസ്‌കൗണ്ടാണ് ലഭിക്കുന്നത്.

ഡിസംബര്‍ 5 വരെ മൂവി വൗച്ചര്‍ സ്വന്തമാക്കുന്നവര്‍ക്കായിരിക്കും ഓഫര്‍ ലഭിക്കുക. ബുക്ക് മൈ ഷോ ആപ്പില്‍ നിന്നാണ് വൗച്ചര്‍ സ്വന്തമാക്കേണ്ടത്. ഈ വൗച്ചര്‍ നിങ്ങളുടെ രജിസ്റ്റേഡ് ഇമെയില്‍ ഐഡിയിലോ ഫോണ്‍ നമ്പരിലോ വരും. ഇതിലെ വൗച്ചര്‍ കോഡ് ബുക്ക് മൈ ഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ നല്‍കിയാല്‍ 100 രൂപ ഇളവ് ലഭിക്കും. മാമാങ്കം ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ മാത്രമാണ് ഈ ഓഫര്‍ ലഭിക്കുക. മലയാള സിനിമയില്‍ ആദ്യമായിട്ടാണ് ഇത്തരത്തിലൊരു പ്രൊമോഷന്‍ പരിപാടിയെന്നാണ് മാമാങ്കം അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്.

കേരളത്തിലെ 400 സ്‌ക്രീനുകളിലാണ് ചിത്രം പ്രദര്‍ശനത്തിനെത്തുന്നത്. തലസ്ഥാനത്ത് ന്യൂ കോംപ്ളക്സിലെ മൂന്ന് സ്‌ക്രീനുകളിലും കൈരളി കോംപ്ളക്സിലും ശ്രീപദ്മനാഭ കോംപ്ളക്സിലും കൃപ കോംപ്ളക്സിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മള്‍ട്ടിപ്ളക്സുകളിലെല്ലാം ഒന്നിലേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ് ചിത്രം. തിരുവനന്തപുരത്ത് എരീസ് പ്ലക്‌സില്‍ മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത് എന്നതും പ്രത്യേകതയാണ്.

കേരളത്തില്‍ 400 സ്‌ക്രീനുകളില്‍ പ്രദര്‍ശനത്തിനെത്തുമ്പോള്‍ മാമാങ്കം ലോകമെങ്ങും 2000 സ്‌ക്രീനുകളിലാവും എത്തുകയെന്നാണ് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി പറയുന്നു. 55 കോടി മുതല്‍മുടക്കില്‍ നിര്‍മ്മിച്ച ചിത്രം മലയാളത്തിനൊപ്പം തമിഴ്, തെലുങ്കു, ഹിന്ദി ഭാഷകളിലും പ്രദര്‍ശനത്തിനെത്തും. മമ്മൂട്ടിയുടെ കരിയറിലെ ഇതുവരെയുള്ള ഏറ്റവും വലിയ ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്‍ ആകുന്ന ചിത്രം കൂടിയാണിത്. മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് ചിത്രത്തില്‍ മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അതിലൊന്നാണ് മമ്മൂട്ടിയുടെ സ്ത്രൈണരൂപം. മാമാങ്കത്തില്‍ സ്ത്രൈണ രൂപത്തിലെത്തുന്ന മമ്മൂട്ടിയുടെ ചിത്രം അണിയറക്കാര്‍ പുറത്തുവിട്ടിരുന്നു. മമ്മൂട്ടിയുടെ ഈ ഞെട്ടിപ്പിക്കുന്ന ലുക്ക് തെന്നിന്ത്യന്‍ സിനിമാ ലോകത്തിലും മമ്മൂട്ടി ആരാധകര്‍ക്കിടയിലും അദ്ഭുതമായിരുന്നു. പെണ്ണഴകിലുള്ള മമ്മൂട്ടിയുടെ ചിത്രം ജനങ്ങള്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചിരുന്നു.

ചിത്രത്തിന്റെ ടീസര്‍, ട്രെയ്‌ലര്‍, മേക്കിങ് വീഡിയോ, രണ്ടു ഗാനങ്ങള്‍ എന്നിവ ഇതിനോടകം തന്നെ പ്രേക്ഷക ശ്രദ്ധ നേടിയിരുന്നു. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ചതാണ്.

വന്‍ താരനിരാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. ശ്യാം കൗശല്‍, ത്യാഗരാജന്‍ മാസ്റ്റര്‍ എന്നിവര്‍ ഒരുക്കിയ വമ്പന്‍ ആക്ഷന്‍ രംഗങ്ങള്‍ ഈ ചിത്രത്തിന്റെ ഹൈലൈറ്റ് ആയിരിക്കും എന്നാണ് അണിയറ പ്രവര്‍ത്തകര്‍ പറയുന്നത്. കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. എം.ജയചന്ദ്രനാണ് സംഗീതം. സഞ്ചിത്ത് ബല്‍ഹാര ബി.ജി.എമ്മും, എസ്.ബി.സതീശന്‍ വസ്ത്രാലങ്കാരവും, എന്‍.ജി റോഷന്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്റ്റുഡിയോയ്ക്ക് പുറത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സെറ്റുള്‍പ്പെടെ കലാസംവിധാനം നിര്‍വ്വഹിച്ചത് മോഹന്‍ദാസാണ്.