കലിതുള്ളി ആരാധകര്‍; മമ്മൂട്ടി ചിത്രത്തെ തകര്‍ക്കാന്‍ ക്വട്ടേഷന്‍! ക്വട്ടേഷന്റെ പിന്നിലെ ആ സംവിധായകന്റെ പേരെടുത്ത് പറഞ്ഞ് പരാതി

മലയാളികളുടെ അഭിമാനവും അഹങ്കാരവുമായ നടനാണ് മെഗാസ്റ്റര്‍ മമ്മൂട്ടി. തന്റെ കഥാപാത്രത്തിനായി എന്ത് റിസ്‌കും ഏറ്റെടുക്കാന്‍ മടിയില്ലാത്ത മമ്മൂട്ടിയുടെ ഏറ്റവും പുതിയ വിശേഷമാണ് മാമാങ്കം. നാളേറെയായി മമ്മൂട്ടി ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന എം.പദ്മകുമാറിന്റെ ബിഗ്ബഡജറ്റ് ചിത്രമാണ് മാമാങ്കം. പഴശ്ശിരാജയ്ക്ക് ശേഷം മമ്മൂട്ടി ചരിത്രപുരുഷന്‍ ആകുന്ന ചിത്രം കൂടിയാണിത്.

മാമാങ്കത്തില്‍ മൂന്ന് വ്യത്യസ്ത ഗെറ്റപ്പുകളിലാണ് മമ്മൂട്ടി പ്രത്യക്ഷപ്പെടുന്നത്. അതിലൊന്നാണ് മമ്മൂട്ടിയുടെ സ്‌ത്രൈണരൂപം. മാമാങ്കത്തില്‍ സ്‌ത്രൈണ രൂപത്തിലെത്തുന്ന മമ്മൂട്ടിയുടെ ചിത്രം അണിയറക്കാര്‍ ആദ്യം പുറത്തുവിട്ടത് ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെയാണ്. എന്നാല്‍ മമ്മൂട്ടിയുടെ ഈ ഞെട്ടിപ്പിക്കുന്ന ലുക്ക് നവംബര്‍ മാസത്തിലെ വനിതയുടെ കവര്‍ പേജായാണ് പുറത്തുവിട്ടത്. തെന്നിന്ത്യന്‍ സിനിമാ ലോകത്തിലും മമ്മൂട്ടി ആരാധകര്‍ക്കിടയിലും മമ്മൂട്ടിയുടെ ഈ സ്‌ത്രൈണ രൂപം അദ്ഭുതമായിരുന്നു. പെണ്ണഴകിലുള്ള മമ്മൂട്ടിയുടെ ചിത്രം നിമിഷ നേരം കൊണ്ട് തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു.

മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് മാമാങ്കത്തിനായി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികള്‍ നാല് മാസം കൊണ്ടാണ് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും മികച്ചതാണ്.

മാമാങ്കം റിലീസിനോടടുക്കുമ്പോള്‍ ചിത്രത്തെ കുറിച്ചുള്ള വാര്‍ത്തകളും ദിനംപ്രതി പുറത്തുവരുന്നുണ്ട്. എന്നാലിപ്പോള്‍ പുറത്തുവരുന്നത് മാമാങ്കത്തെ തകര്‍ക്കാന്‍ ക്രിമിനല്‍ ഗൂഢാലോചന നടക്കുന്നുവെന്നാണ്. ഇതേതുടര്‍ന്ന് പരാതിപ്പെട്ടിരിക്കുകയാണ് സഹനിര്‍മ്മാതാവ് ആന്റണി ജോസഫ്. ഇക്കാര്യം ചൂണ്ടിക്കാട്ടി ആന്റണി ജോസഫ് തിരുവനന്തപുരം റേഞ്ച് ഡിഐജിക്ക് പരാതി നല്‍കി. പരാതി തിരുവനന്തപുരം റൂറല്‍ ക്രൈം ബ്രാഞ്ച് ഡിവൈഎസ്പിക്ക് കൈമാറിയിട്ടുണ്ട്.

റിലീസാകും മുന്‍പ് ചിത്രത്തെ പറ്റി മോശം റിവ്യു സോഷ്യല്‍ മീഡിയയില്‍ വരുന്നതിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് നിര്‍മ്മാതാവ് പരാതിയില്‍ പറയുന്നു. റിവ്യു എഴുതിയ ഫെയ്‌സ്ബുക്ക് ഗ്രൂപ്പുകളിലെ പോസ്റ്റിന്റെ സ്‌ക്രീന്‍ ഷോട്ടുകള്‍ ഉള്‍പ്പെടെയാണ് പൊലീസിന് പരാതി നല്‍കിയിരിക്കുന്നത്. ഒരേ കേന്ദ്രത്തില്‍ നിന്നാണ് സോഷ്യല്‍ മീഡിയയില്‍ തെറ്റായ വാര്‍ത്തകള്‍ പ്രചരിക്കുന്നതെന്ന് സംശയിക്കുന്നു. ചില ഡിജിറ്റല്‍ മാര്‍ക്കറ്റിംഗ് ഏജന്‍സികള്‍ ആരുടെയെങ്കിലും ക്വട്ടേഷന്‍ ഏറ്റെടുത്താണോ ഈ പ്രവര്‍ത്തി നടത്തുന്നതെന്ന് പൊലീസ് അന്വേഷിക്കേണ്ടതുണ്ടെന്നും പരാതിയില്‍ പറയുന്നു.

സിനിമയുടെ ആദ്യ സംവിധായകനും തിരക്കഥാകൃത്തുമായിരുന്ന സജീവ് പിള്ളയുടെ പേരെടുത്ത് പറഞ്ഞാണ് പരാതി. സജീവിന് 21.75 ലക്ഷം രൂപ നല്‍കിയിട്ടുണ്ടെന്നും സജീവ് പിള്ളയുടെ സംവിധാനത്തില്‍ 13 കോടിയോളം നഷ്ടം സംഭവിച്ചെന്നും നിര്‍മ്മാതാവ് ആരോപിക്കുന്നു. സോഷ്യല്‍ മീഡിയയിലൂടെ സജീവ് പിള്ളയുടെ നേതൃത്വത്തില്‍ സിനിമയെ തകര്‍ക്കാന്‍ ബോധപൂര്‍വ്വമായ ശ്രമമുണ്ടെന്നും ഇവര്‍ ആരോപിക്കുന്നു. സിനിമ പുറത്തിറക്കാതിരിക്കാനും പരാജയപ്പെടുത്താനുമുള്ള നീക്കമാണ് ഇതിന് പിന്നിലെന്നും പരാതിയിലുണ്ട്. മമ്മൂട്ടി ചിത്രത്തെ തകര്‍ക്കാന്‍ ശ്രമമെന്ന വാര്‍ത്ത ആരാധകരെയും ചൊടുപ്പിച്ചിട്ടുണ്ട്.

സജീവ് പിള്ളയുടെ പരിചയക്കുറവ് മൂലം ചിത്രത്തിന് വന്‍ നഷ്ടമാണ് സംഭവിച്ചതെന്ന് നിര്‍മ്മാതാവ് വേണു കുന്നപ്പിള്ളി നേരത്തെ പറഞ്ഞിരുന്നു. ഇക്കാണത്തില്‍ ചിത്രത്തിന്റെ സംവിധാനം എം.പദ്മകുമാറിനെ ഏല്‍പ്പിക്കുകയായിരുന്നു. ആദ്യത്തെ രണ്ട് ഷെഡ്യൂളുകള്‍ ചിത്രീകരിച്ചു കഴിഞ്ഞതിന് ശേഷമാണ് ഷൂട്ട് ചെയ്ത വിഷ്വലുകളുടെ ഗുണമേന്മയില്ലായ്മ മനസ്സിലായതെന്നും അതിനുള്ളില്‍ തന്നെ വലിയൊരു തുക ചിലവായി കഴിഞ്ഞിരുന്നുവെന്നും നിര്‍മ്മാതാവ് പറഞ്ഞിരുന്നു.

ഡിസംബര്‍ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുന്നത്. റിലീസ് ദിനം ചിത്രം 400 റോളം തിയേറ്ററുകളില്‍ ചിത്രം പ്രദര്‍ശനത്തിനെത്തും. തലസ്ഥാനത്ത് ന്യൂ കോംപ്‌ളക്‌സിലെ മൂന്ന് സ്‌ക്രീനുകളിലും കൈരളി കോംപ്‌ളക്‌സിലും ശ്രീപദ്മനാഭ കോംപ്‌ളക്‌സിലും കൃപ കോംപ്‌ളക്‌സിലും പ്രദര്‍ശനത്തിനെത്തുന്ന ചിത്രം മള്‍ട്ടിപ്‌ളക്‌സുകളിലെല്ലാം ഒന്നിലേറെ സ്‌ക്രീനുകളില്‍ റിലീസ് ചെയ്യാനാണ് തീരുമാനിച്ചിരിക്കുന്നത്. ഡബ്ബിംഗ് പതിപ്പുകള്‍ ഉള്‍പ്പെടെ ലോകമെമ്പാടും ഏറ്റവുമധികം സ്‌ക്രീനുകളില്‍ ഒരേസമയം റിലീസ് ചെയ്യുന്ന മലയാള ചിത്രമെന്ന നേട്ടത്തിലേക്ക് അടുക്കുകയാണ് ചിത്രം. തിരുവനന്തപുരത്ത് എരീസ് പ്ലക്സില്‍ മാമാങ്കത്തിന്റെ തമിഴ്, തെലുങ്ക് പതിപ്പുകളും റിലീസ് ചെയ്യും. എല്ലാ ഭാഷകളിലും മമ്മൂട്ടി തന്നെയാണ് ഡബ്ബ് ചെയ്തിരിക്കുന്നത്.

വന്‍ താരനിര അണിനിരക്കുന്ന ചിത്രത്തിലെ ട്രെയിലറും ഗാനവും ഇതിനോടകം തന്നെ വൈറലായിക്കഴിഞ്ഞു. മമ്മൂട്ടിക്ക് പുറമെ ഉണ്ണി മുകുന്ദന്‍, കനിഹ, അനു സിത്താര, സിദ്ദീഖ്, തരുണ്‍ അറോറ, സുദേവ് നായര്‍, സുരേഷ് കൃഷ്ണ, രതീഷ് കൃഷ്ണ, പ്രാചി തെഹ്ലാന്‍, മാസ്റ്റര്‍ അച്യുതന്‍ എന്നിവരും ചിത്രത്തില്‍ അണിനിരക്കുന്നു. കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയും എഴുത്തുകാരനുമായ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയത് ശങ്കര്‍ രാമകൃഷ്ണനാണ്. മനോജ് പിള്ളയാണ് ഛായാഗ്രഹണം. എം.ജയചന്ദ്രനാണ് സംഗീതം. സഞ്ചിത്ത് ബല്‍ഹാര ബി.ജി.എമ്മും, എസ്.ബി.സതീശന്‍ വസ്ത്രാലങ്കാരവും, എന്‍.ജി റോഷന്‍ മേക്കപ്പും നിര്‍വ്വഹിക്കുന്നു. ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ സ്റ്റുഡിയോയ്ക്ക് പുറത്ത് നിര്‍മ്മിച്ച ഏറ്റവും വലിയ സെറ്റുള്‍പ്പെടെ കലാസംവിധാനം നിര്‍വ്വഹിച്ചത് മോഹന്‍ദാസാണ്.