“ആദ്യം മീശയും താടിയും എടുക്കാന്‍ തീരുമാനിച്ചിരുന്നു…”, മമ്മൂട്ടിയുടെ ആ സ്‌ത്രൈണ ഭാവത്തിന് പിന്നില്‍…

ഏറ്റെടുത്ത കഥാപാത്രങ്ങള്‍ മനോഹരമാക്കാന്‍ റിസ്‌കുകള്‍ ഏറ്റെടുക്കുന്ന മമ്മൂട്ടി എന്ന അഭിനയ കുലപതിക്ക് ഏതൊരു കഥാപാത്രത്തെയും അനായാസം തന്നിലേയ്ക്് ആവാഹിച്ചെടുക്കാനുള്ള കഴിവുണ്ട്. അതുതന്നെയാണ് അദ്ദേഹത്തെ വ്യത്യസ്തമാക്കുന്നതും. മാമാങ്കം തന്നെയാണ് അദ്ദേഹത്തിന്റെ ഏറ്റവും പുതിയ വലിയ വിശേഷം. സോഷ്യല്‍ മീഡിയകളിലടക്കം അദ്ദേഹത്തിന്റെ പുതിയ ലുക്കാണ് ഇപ്പോള്‍ ചര്‍ച്ചാവിഷയം.

മമ്മൂട്ടിയെ കേന്ദ്രകഥാപാത്രമാക്കി എം.പത്മകുമാര്‍ ഒരുക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രമായ മാമാങ്കത്തിലെ അദ്ദേഹത്തിന്റെ പെണ്‍ വേഷം ജനങ്ങള്‍ ഇരുകരങ്ങളും നീട്ടി സ്വീകരിച്ചുകഴിഞ്ഞു. എന്നാല്‍ മമ്മൂട്ടിയെ ഇത്ര ഭംഗിയായി അണിയിച്ചൊരുക്കിയതിന് പിന്നില്‍ ആരാണെന്ന് അധികമാര്‍ക്കും അറിയില്ല. അതേക്കുറിച്ചാണ് പറയാന്‍ പോകുന്നത്. മറ്റാരുമല്ല, മേക്കപ്പ് ആര്‍ട്ടിസ്റ്റ് റോഷന്‍ എന്‍.ജി ആണ് മാമാങ്കത്തിലെ മമ്മൂട്ടിയുടെ ഈ വൈറന്‍ ലുക്കിന് പിന്നില്‍.

ആദ്യം മീശ എടുക്കാന്‍ ഉദ്ദേശിച്ചിരുന്നെങ്കിലും പിന്നീട് മീശയും താടിയും വെച്ചുകൊണ്ട് തന്നെ ചെറിയൊരു സ്‌ത്രൈണ ഭാവത്തില്‍ മതിയെന്ന് തീരുമാനിക്കുകയായിരുന്നെന്ന് റോഷന്‍ പറഞ്ഞു. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് റോഷന്‍ ഇക്കാര്യം വ്യക്തമാക്കിയത്. നാലോളം സ്‌കച്ചുകള്‍ ചെയ്ത് നോക്കിയിരുന്നു. രണ്ട് പ്രാവശ്യം ട്രയല്‍ നടത്തി. മൂന്നോളം വിഗ്ഗുകള്‍ മാറിമാറി പരീക്ഷിച്ചു. വിഗ്ഗും ഫീച്ചറുമാണ് ഹൈലൈറ്റ്. ചെറുതായി സ്‌കിന്‍ ടെക്ചറില്‍ മാറ്റം വരുത്തിയിട്ടുണ്ട്. ഈ ലുക്ക് മമ്മൂക്കയ്ക്കും സംവിധായകന്‍ പത്മകുമാറിനും ഇഷ്ടമായി. അങ്ങനെയാണ് മമ്മൂട്ടിയുടെ പെണ്‍ വേഷം ഒരുക്കിയതെന്ന് റോഷന്‍ പറഞ്ഞു.

മാമാങ്കം റോഷന്റെ ആദ്യ ചിത്രമല്ല. ഇതിന് മുമ്പും നിരവധി ചിത്രങ്ങളില്‍ നിരവധി താരങ്ങളെ റോഷന്‍ അണിയിച്ചൊരുക്കിയിട്ടുണ്ട്. മായാമോഹിനി, കമ്മാരസംഭവം, ഒടിയന്‍, വിശ്വരൂപം, അനാര്‍ക്കലി, കാശ്‌മോര തുടങ്ങീ നിരവധി ചിത്രങ്ങൡ മേക്കപ്പ് ആര്‍ട്ടിസ്റ്റായിരുന്നു റോഷന്‍. നാനിയുടെ തെലുങ്ക് ചിത്രമായ ‘വി’, തമിഴില്‍ വിജയ് സേതുപതിയുടെ ‘ലാഭം’ എന്നീ ചിത്രങ്ങളുടെ തിരക്കിലാണിപ്പോള്‍ റോഷന്‍.

മാമാങ്കത്തിന്റെ തുടക്കത്തില്‍ തന്നെ മമ്മൂട്ടിയുടെ സ്‌ത്രൈണ സ്വഭാവത്തിലുള്ള കഥാപാത്രത്തെ കുറിച്ച് വാര്‍ത്തകള്‍ വന്നിരുന്നു. തുടക്കത്തില്‍ മമ്മൂട്ടിയുടെ സ്‌ത്രൈണ ഭാവത്തിലുള്ള ഫാന്‍ മെയ്ഡ് പോസ്റ്ററും പുറത്തിറക്കിയിരുന്നു. ആ ചിത്രത്തിനും നല്ല സ്വീകാര്യതയായിരുന്നു. ശേഷം ചിത്രം റിലീസിനോടടുക്കുമ്പോഴാണ് മമ്മൂക്കയുടെ പുതിയ സ്‌ത്രൈണ ഭാവം പുറത്തുവിടുന്നത്. വനിതയുടെ കവര്‍ പേജില്‍ കവര്‍ ഗേളായാണ് ലുക്ക് പുറത്ത് വിട്ടത്. ചിത്രത്തിന്റെ ഔദ്യോഗിക ഫെയ്‌സ്ബുക്ക് പേജിലൂടെ പുറത്തുവിട്ട ചിത്രത്തിന് നിരവധി കമന്റുകളായിരുന്നു കമന്റ് ബോക്‌സില്‍. ഇപ്പോഴേ ഈ സസ്‌പെന്‍സ് പുറത്തു വിടേണ്ടിയിരുന്നില്ലെന്നായിരുന്നു ആരാധകരില്‍ ചിലരുടെ വാദം. ലുക്ക് വൈറലായതോടെ മേക്കപ്പ് ആര്‍ട്ടിസ്റ്റും രംഗത്തെത്തുകയായിരുന്നു.

പഴശ്ശിരാജയ്ക്ക് ശേഷമുള്ള മമ്മൂട്ടിയുടെ വരവ് എങ്ങനെയാകുമെന്നറിയാനുള്ള കാത്തിരിപ്പിലാണ് നാളേറെയായി ആരാധകര്‍. ചരിത്ര പശ്ചാത്തലത്തില്‍ നിരവധി സിനിമകള്‍ ഉണ്ടായിട്ടുണ്ടെങ്കിലും മാമാങ്കത്തെ കുറിച്ചൊരു ചിത്രം ഇതാദ്യമായാണ്. മലയാള സിനിമാ ചരിത്രത്തിലെ ഏറ്റവും വലിയ സെറ്റുകളാണ് ചിത്രത്തിനായി മരടിലും നെട്ടൂരിലുമായി നിര്‍മ്മിച്ചത്. മരടില്‍ എട്ടേക്കര്‍ ഭൂമിയില്‍ നിര്‍മ്മിച്ച ഭീമാകാരമായ മാളികയില്‍ വെച്ചാണ് ചിത്രത്തിലെ നിര്‍ണ്ണായക രംഗങ്ങളും ഗാന രംഗവും ചിത്രീകരിച്ചിരിക്കുന്നത്. ആയിരത്തോളം തൊഴിലാളികളാണ് നാല് മാസം കൊണ്ട് മരട് ലൊക്കേഷനിലെ മാളികയും മറ്റും നിര്‍മ്മിച്ചത്. രണ്ടായിരത്തിലേറെ തൊഴിലാളികള്‍ മൂന്ന് മാസം കൊണ്ട് നിര്‍മ്മിച്ച കൂറ്റന്‍ സെറ്റ് ഇന്ത്യന്‍ സിനിമാ ചരിത്രത്തില്‍ തന്നെ ഏറ്റവും വലിയ സെറ്റുകളിലൊന്നാണ്.

കാവ്യ ഫിലിംസിന്റെ ബാനറില്‍ പ്രവാസി വ്യവസായിയായ വേണു കുന്നപ്പിള്ളിയാണ് നിര്‍മ്മാണം. ശങ്കര്‍ രാമകൃഷ്ണന്‍ തിരക്കഥയും മനോജ് പിള്ള ഛായാഗ്രഹണവും നിര്‍വ്വഹിക്കും. സഞ്ചിത്ത് ബല്‍ഹാര ബി.ജി.എമ്മും, എസ്.ബി.സതീശന്‍ വസ്ത്രാലങ്കാരവും, എന്‍.ജി. റോഷന്‍ മേക്കപ്പും, മോഹന്‍ദാസ് കലാസംവിധാനവും നിര്‍വ്വഹിക്കും. എം.ജയചന്ദ്രനാണ് സംഗീതം. നാല് ഭാഷകളിലായി വേള്‍ഡ് വൈഡായി ഡിസംബര്‍ 12ന് ചിത്രം തിയേറ്ററുകളിലെത്തും.