എന്ത് കൊണ്ട് മീശമാധവന് രണ്ടാം ഭാഗം എടുത്തുകൂടാ? ലാല്‍ ജോസ് പറയുന്നു

2002ല്‍ ദിലീപിനെ നായകനാക്കി ലാല്‍ ജോസ് ഒരുക്കിയ സൂപ്പര്‍ ഹിറ്റ് ചിത്രമാണ് മീശമാധവന്‍. ദിലീപിനെ ജനപ്രിയനാക്കിയ ചിത്രം കൂടിയാണ് മീശമാധവന്‍. ജഗതി ശ്രീകുമാറിന്റെ അഭിനയ ജീവിതത്തിലും ഭഗീരഥന്‍ പിള്ള എന്ന മീശമാധവനിലെ കരുത്തുറ്റ വേഷവും ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ഹിറ്റ് ചിത്രങ്ങളുടെ രണ്ടാം ഭാഗം മലയാള സിനിമയില്‍ സര്‍വ്വ സാധാരണമാണ്. പരാജയപ്പെട്ട സിനിമകളുടെ രണ്ടാം ഭാഗം എടുക്കാന്‍ സംവിധായകര്‍ തയ്യാറാകുമ്പോ തന്റെ എക്കാലത്തെയും മികച്ച ഹിറ്റ് സിനിമയ്ക്ക് രണ്ടാം ഭാഗം വരുമോ ഇല്ലയോ എന്ന് തുറന്നു പറയുകയാണ് സംവിധായകന്‍ ലാല്‍ ജോസ്.

മീശമാധവന്‍ മലയാള സിനിമ കണ്ട ഏറ്റവും മികച്ച ബോക്‌സോഫീസ് ഹിറ്റായി മാറുകയായിരുന്നു. ചേക്ക് എന്ന ഗ്രാമ നിവാസികളുടെ കഥ രഞ്ജന്‍ പ്രമോദാണ് തിരക്കഥയാക്കി എഴുതിയത്. സിനിമ ഇന്നും കാലാതീതമായി ചര്‍ച്ച ചെയ്യപ്പെടുമ്‌ബോള്‍ എന്ത് കൊണ്ട് മീശമാധവന് ഒരു രണ്ടാം ഭാഗം എടുത്തുകൂടാ എന്ന് പലരും തന്നോട് ചോദിക്കാറുണ്ടെന്നു ലാല്‍ ജോസ് പറയുന്നു.

‘മീശമാധവന്റെ’ കഥ അവിടെ അവസാനിച്ചതാണെന്നും ഇനി എന്തൊക്കെ സൗഭാഗ്യങ്ങള്‍ ഈ സിനിമ നല്‍കിയെന്ന് പറഞ്ഞാലും സിനിമയുടെ രണ്ടാം ഭാഗം ഒരുക്കാന്‍ താന്‍ തയ്യാറല്ലെന്നും ലാല്‍ ജോസ് പറയുന്നു. മറ്റൊരാളെ ഈ സിനിമ ചെയ്യാനും സമ്മതിക്കില്ലെന്ന് ലാല്‍ ജോസ് അടുത്തിടെ നല്‍കിയ ഒരു അഭിമുഖത്തില്‍ തുറന്നു പറയുന്നു.