“ഷെയ്‌നില്‍ നിന്നുണ്ടായത് മലയാള സിനിമയില്‍ ഇതുവരെ ഉണ്ടാകാത്ത മോശം അനുഭവം”, 7 കോടിയില്‍ കോംപ്രമൈസ് ആകാതെ ഷെയ്‌ന് ഇനി സിനിമയില്ല… ചിത്രങ്ങള്‍ ഉപേക്ഷിച്ച് നിര്‍മ്മാതാക്കള്‍

ഷെയ്ന്‍ നിഗമിന് മലയാള സിനിമയില്‍ വിലക്ക്. മുടങ്ങിയ ചിത്രങ്ങളുടെ നഷ്ടം നികത്തുന്നതു വരെയാണ് ഷെയ്നിന് വിലക്ക്. ഖുര്‍ബാനി, വെയില്‍ എന്നീ ചിത്രങ്ങളുടെ നഷ്ടമാണ് ഷെയ്ന്‍ നികത്തേണ്ടത്. രണ്ടു ചിത്രങ്ങളും കൂടി ഏഴു കോടിയോളം രൂപയുടെ നഷ്ടമാണ് ഉണ്ടായത്. സിനിമയ്ക്കായി കോടിക്കണക്കിന് കാശ് മുടക്കുന്നവരെ കളിയാക്കുകയാണ് ഷെയ്ന്‍ ചെയ്തതെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ പറഞ്ഞു. ഷെയ്‌നില്‍ നിന്നും നേരിട്ടത് മലയാള സിനിമയില്‍ നിന്നും ഒരിക്കലും ഉണ്ടാകാത്ത മോശം അനുഭവമാണെന്നുമാണ് നിര്‍മ്മാതാക്കളുടെ വിലയിരുത്തല്‍.

ഷെയ്ന്‍ നിഗം നിസ്സഹകരണം തുടരുന്നതിന്റെ പശ്ചാത്തലത്തിലാണ് ചിത്രീകരണം മുടങ്ങിയ ചിത്രങ്ങളായ വെയിലും ഖുര്‍ബാനിയും ഉപേക്ഷിക്കുകയാണെന്ന് കേരള പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ അറിയിച്ചത്. ഇതിന്റെ നഷ്ടം നികത്തുന്നത് എന്നാണോ അന്ന് ഷെയ്ന്‍ മലയാളത്തില്‍ അഭിനയിച്ചാല്‍ മതിയെന്ന നിലപാടിലാണ് അസോസിയേഷന്‍. വിലക്ക് സംബന്ധിച്ച് താര സംഘടനയായ അമ്മയെ അറിയിച്ചെന്നും പ്രൊഡ്യൂസേഴ്സ് അസോസിയേഷന്‍ കൊച്ചിയില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

വിഷയത്തില്‍ ഷെയ്‌നും പ്രതികരിച്ചിട്ടുണ്ട്. തനിക്കെതിരെ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ ഏര്‍പ്പെടുത്തിയ വിലക്ക് അംഗീകരിക്കില്ലെന്ന് ഷെയ്ന്‍ വ്യക്തമാക്കി. സംഘടനയുടെ തീരുമാനം ഏകപക്ഷീയാണെന്നും സംഘടന തന്റെ ഭാഗം കേള്‍ക്കുകയുണ്ടായില്ലെന്നും തീരുമാനം തന്നെ രേഖാമൂലം ഇതുവരെ അറിയിച്ചിട്ടില്ലെന്നും അറിയിപ്പുണ്ടായ ശേഷം കൂടുതല്‍ പ്രതികരിക്കുമെന്നും ഷെയ്ന്‍ അറിയിച്ചു.

മലയാള സിനിമാരംഗത്ത് ലഹരിമരുന്ന് ഉപയോഗം വ്യാപകമാണെന്നും അസോസിയേഷന്‍ ചൂണ്ടിക്കാട്ടി. യുവതലമുറയിലെ ഒരു വിഭാഗം നടന്‍മാര്‍ മയക്കുമരുന്ന് ഉപയോഗിക്കുന്നെന്നും കാരവാനില്‍ അടക്കം ലോക്കേഷനുകളില്‍ പൊലീസ് പരിശോധന നടത്തണമെന്നും അസോസിയേഷന്‍ ആവശ്യപ്പെട്ടു.

ഷെയ്‌നിന്റെ വിലക്കിന് പിന്നാലെയാണ് വെയില്‍ സിനിമ ഉപേക്ഷിക്കുകയാണെന്ന അറിയിപ്പുമായി ജോബി ജോര്‍ജ് എത്തിയത്. ഫെയ്‌സ്ബുക്കിലൂടെയായിരുന്നു നിര്‍മ്മാതാവിന്റെ ഈ വെളിപ്പെടുത്തല്‍. ‘സേന്ഹിതരെ ആദ്യമായി ഗുഡ്‌വില്‍ തുടങ്ങിവെച്ച ഒരു സിനിമ, വെയില്‍ വേണ്ടെന്ന് വെയ്ക്കുകയാണ്. ഗുഡ്‌വില്‍ എല്ലായിപ്പോഴും ജനങ്ങള്‍ക്കും അസോസിയേഷനും ഒപ്പമാണ്… കൂടെയുണ്ടാവണം സ്‌നേഹത്തോടെ… ജോബി ജോര്‍ജ്’.