“പുതിയ ചിത്രവുമായി ദിലീപിന്റെ അടുത്ത് ചെല്ലാന്‍ കഴിയില്ല”; തുറന്ന് പറഞ്ഞ് സംവിധായകന്‍ ജോണി ആന്റണി

പുതിയ ചിത്രവുമായി ദിലീപിനെ സമീപിക്കാനാകില്ലെന്ന തുറന്നു പറച്ചിലുമായി സംവിധായകന്‍ ജോണി ആന്റണി. സഹസംവിധായകനായി വെള്ളിത്തിരയില്‍ തുടക്കം കുറിച്ച ജോണി ആന്റണി ഇപ്പോള്‍ മലയാള സിനിമയിലെ മികച്ച സംവിധായകരിലൊരാളാണ്. മുതിര്‍ന്നവര്‍ക്കും കുട്ടികള്‍ക്കും ഒരുപോലെ ആസ്വദിക്കാനാകുന്നതാണ് ജോണി ആന്റണിയുടെ പല ചിത്രങ്ങളും.

മമ്മൂട്ടി, പൃഥ്വിരാജ്, ദിലീപ്, കാവ്യ മാധവന്‍, ഭാമ എന്നിവരെ വെച്ച് സിനിമയൊരുക്കിയ ജോണി ആന്റണിയെ ഓര്‍ക്കാന്‍ അധികം ചിത്രങ്ങളൊന്നും വേണ്ട. സി.ഐ.ഡി മൂസ, കൊച്ചിരാജാവ്, തുറപ്പുഗുലാന്‍, മാസ്റ്റേഴ്‌സ്, സൈക്കിള്‍ തുടങ്ങീ വിരളിലെണ്ണാവുന്ന ചിത്രങ്ങള്‍ മാത്രം മതി. ജോണി ആന്റണി ദിലീപിനൊപ്പം ചെയ്ത ചിത്രങ്ങളെല്ലാം ഹിറ്റായിരുന്നു. ഇന്‍സ്‌പെക്ടര്‍ ഗരുഡ്, കൊച്ചിരാജാവ്, സി.ഐ.ഡി മൂസ എന്നീ മൂന്ന് ചിത്രങ്ങളാണ് ജോണി ആന്റണി ദിലീപിനൊപ്പം ചെയ്തിരിക്കുന്നത്.

സി.ഐ.ഡി മൂസ വിജയിച്ചതോടെ ചിത്രത്തിന്റെ രണ്ടാം ഭാഗത്തിനായുള്ള കാത്തിരിപ്പിലാണ് പ്രേക്ഷകര്‍. ചിത്രത്തിന്റെ വമ്പന്‍ വിജയത്തിന് ശേഷം രണ്ടാം ഭാഗത്തിനായി പ്രേക്ഷകരില്‍ നിന്ന് ഇപ്പോഴും ആവശ്യം ഉയരാറുണ്ടെന്ന് സംവിധായകന്‍ പറയുന്നു. എന്നാല്‍ പുതിയൊരു ചിത്രവുമായി തനിക്ക് ദിലീപിന്റെ അടുത്ത് ചെല്ലാന്‍ കഴിയില്ലെന്നും അദ്ദേഹം വ്യക്തമാക്കി. അതിന് കാരണവും അദ്ദേഹം തുറന്നു പറയുകയാണ്.

പുതിയ ചിത്രവുമായി ദിലീപിന്റെ അടുത്തു ചെന്നാല്‍ സി.ഐ.ഡി മൂസ രണ്ടാം ഭാഗം എടുക്കാം എന്നാണ് ദിലീപ് പറയുന്നതെന്ന് ജോണി ആന്റണി പറഞ്ഞു. ദിലീപും താനും സിനിമയിലെത്തുന്നത് സമകാലീനരായാണ്. ദിലീപ് വിഷ്ണു ലോകത്തില്‍ കമല്‍ സാറിന്റെ അസിസ്റ്റന്റായി വന്നു. ഞാന്‍ ചാഞ്ചാട്ടത്തിലൂടെയും. അന്നൊന്നും ദിലീപ് നടനാകുമെന്ന് ഞാന്‍ വിചാരിച്ചിരുന്നില്ല. പിന്നീട് ദിലീപ് നായകനായ പടങ്ങളില്‍ ഞാന്‍ അസിസ്റ്റന്റും അസോസിയേറ്റുമൊക്കെയായി വര്‍ക്കു ചെയ്തു. നീ പടം ചെയ്യുന്നില്ലേയെന്ന് ചോദിച്ച് തനിക്ക് ഡേറ്റ് തന്നയാളാണ് ദിലീപെന്നും ജോണി ആന്റണി പറയുന്നു.

തിരക്കഥ അടക്കമുള്ള കാര്യങ്ങള്‍ റെഡിയായപ്പോള്‍ നിര്‍മ്മാണവും ദീലീപ് ഏറ്റെടുത്തു. അങ്ങനെയാണ് സി.ഐ.ഡി മൂസ സംഭവിച്ചത്. അതിനുള്ള നന്ദിയും സ്‌നേഹവും കടപ്പാടും എന്നും ദിലീപിനോടുണ്ടെന്നും സംവിധായകന്‍ പറഞ്ഞു. ഇപ്പോഴും സി.ഐ.ഡി മൂസ രണ്ടാമത്തെ ഭാഗം എടുക്കാമെന്ന് ദിലീപ് പറയാറുണ്ട്. അതുകൊണ്ട് പുതിയൊരു സിനിമയും കൊണ്ട് ദിലീപിന്റെ അടുത്ത് പോകാന്‍ പറ്റില്ലെന്നും ജോണി ആന്റണി പറഞ്ഞു.

ഡി.ഐ.ഡി മൂസയുടെയും റണ്‍വേയുടെയും രണ്ടാം ഭാഗം വരുമെന്ന് കഴിഞ്ഞ ദിവസം ദിലീപ് ആരാധകര്‍ക്ക് ഒരു ഉറപ്പ് നല്‍കിയിരുന്നു. ദിലീപിന്റെ റിലീസിനൊരുങ്ങുന്ന ജാക് ഡാനിയലിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് ഫെയ്‌സ്ബുക്ക് ലൈവില്‍ എത്തിയപ്പോഴാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്.

2003ല്‍ ദിലീപ്, ഭാവന, ജഗതി ശ്രീകുമാര്‍, ഒടുവില്‍ ഉണ്ണി കൃഷ്ണന്‍, മുരളി, കൊച്ചിന്‍ ഹനീഫ, ഹരിശ്രീ അശോകന്‍ എന്നിവര്‍ പ്രധാന വേഷങ്ങളിലെത്തിയ ചിത്രമാണ് സി.ഐ.ഡി മൂസ. ഹാസ്യത്തിന് പ്രാധന്യം നല്‍കി ഒരുക്കിയ ചിത്രം ദിലീപിന്റെ കരിറില്‍ വലിയ വഴിത്തിരിവാണുണ്ടാക്കിയത്. ബോക്‌സ് ഓഫീസ് കളകഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രം കൂടിയാണിത്. മലയാളത്തിലെ ശ്രദ്ധേയ തിരക്കഥാകൃത്തുക്കളായ ഉദയകൃഷ്ണ സിബികെ തോമസാണ് സി.ഐ.ഡി മൂസയ്ക്ക് വേണ്ടി തിരക്കഥ ഒരുക്കിയത്.