ഇങ്ങനെ പോയാൽ എന്താവും മലയാള സിനിമയുടെ ഭാവി; ആശങ്കകൾ പങ്കുവെച്ച് നിർമ്മാതാവ് സുരേഷ്‌കുമാർ

സിനിമയോട് യാതൊരു ആഭിമുഖ്യവുമില്ലാത്ത, കച്ചവട താല്‍പര്യം മാത്രമുള്ള ചില നിര്‍മ്മാതാക്കള്‍ സിനിമാമേഖലയെ തകര്‍ക്കുകയാണെന്ന് നിര്‍മ്മാതാവ് ജി. സുരേഷ് കുമാര്‍ അഭിപ്രായപെട്ടു.

ചലച്ചിത്ര ബന്ധങ്ങള്‍ തീരെയില്ലാത്ത, സിനിമയെന്തെന്ന് അറിയാത്ത ഇവര്‍ സാറ്റലൈറ്റ് വില്‍ക്കാന്‍ മാത്രമാണ് എത്തുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം മനസുതുറന്നത്‌. അദ്ദേഹം നിശിതമായ വിമർശനത്തോടെ ആണ് സമകാലിക മലയാള സിനിമയുടെ അവസ്ഥയെ കുറിച്ച് വാചാലനായത്.

അദ്ദേഹത്തിന്റെ വാക്കുകളിലേക്ക് – മലയാള സിനിമയുടെ ഭാവി ആശങ്കാജനകമാണ്. വല്ലാത്തൊരു പോക്കാണിത്. മുമ്പ് ഇതായിരുന്നില്ല സ്ഥിതി. എല്ലാവരെയും ഒന്നിച്ചുനിര്‍ത്തി കെട്ടുറപ്പോടെയാണ് മുന്നോട്ട് പോയത്. അതാണ് സിനിമയ്ക്ക് ഭൂഷണം. എന്നാല്‍ ഇപ്പോള്‍ സിനിമയോട് നീതി പുലര്‍ത്തുന്ന നിര്‍മ്മാതാക്കള്‍ വളരെക്കുറവാണ്. ആന്റോയും രഞ്ജിത്തും ലിസ്റ്റിനും രാകേഷും സന്ദീപും പുതിയ കാലത്ത് പ്രതീക്ഷനല്‍കുന്ന, സിനിമയെ സ്‌നേഹിക്കുന്ന നിര്‍മ്മാതാക്കളാണ്. നല്ല ബന്ധങ്ങള്‍ ഇവരുടെ സിനിമയിലുണ്ടാകുന്നുണ്ട്.

രണ്ട് സിനിമ വിജയിച്ചാല്‍ അടുത്ത ചിത്രത്തിന്റെ ലാഭവിഹിതം കൂടി ചോദിക്കുന്ന താരങ്ങളാണ് ഇപ്പോള്‍ പൊതുവേ ഉള്ളത്. വ്യക്തി ബന്ധങ്ങള്‍ക്ക് വിലയില്ലാതായിട്ടുണ്ടെന്നും അദ്ദേഹം എഡിറ്റോറിയലില്‍ പറയുന്നു. ജോബി ജോര്‍ജ്ജ് – ഷെയ്ന്‍ നിഗം വിഷയത്തില്‍ തെറ്റ് ഇരുഭാഗത്തുമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.


1981 തൊട്ട് നിലവിലുള്ള മലയാള ചലച്ചിത്ര  നിര്‍മ്മാതാവാണ് ജി സുരേഷ് കുമാര്‍. പൂച്ചക്കൊരു മൂക്കുത്തി, അക്കരെ നിന്നൊരു മാരന്‍, അയല്‍വാസി ഒരു ദരിദ്രവാസി, ആറാം തമ്പുരാന്‍, കുബേരന്‍, വെട്ടം, നീലത്താമര, ചട്ടക്കാരി എന്നിവയാണ് നിര്‍മ്മിച്ച ചിത്രങ്ങള്‍.1997ല്‍ പ്രദര്‍ശനത്തിനെത്തിയ ഷാജി കൈലാസ് ചിത്രം ആറാം തമ്പുരാന്‍ മലയാളസിനിമയിലെ എക്കാലത്തെയും ഹിറ്റു ചിത്രങ്ങളില്‍ ഒന്നാണ്. വാണിജ്യപരമായി മികച്ച വിജയമാണ് ചിത്രം നേടിയത്.നിര്‍മ്മാണത്തിനുപുറമെ 2015ല്‍ പ്രദര്‍ശനത്തിനെത്തിയ ഞാന്‍ സംവിധാനം ചെയ്യും, 2017ല്‍ പ്രദര്‍ശനത്തിനെത്തിയ രാമലീല എന്നീ ചിത്രങ്ങളില്‍  ചെറിയ വേഷം ചെയ്തിട്ടുണ്ട്.പ്രശസ്ത ചലച്ചിത്രതാരം മേനകയാണ് ഭാര്യ. രേവതി സുരേഷ്, ചലച്ചിത്ര താരം കീര്‍ത്തി സുരേഷ് എന്നിവരാണ് മക്കള്‍.