സംവിധായകൻ ഫാസിൽ; “മോഹൻലാൽ വലിയൊരു താരമായതിനുശേഷം എന്നെ തിരിഞ്ഞു നോക്കിയില്ല, ഡേറ്റ് നൽകിയില്ല എന്നൊരു പരിഭവവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല “

തെന്നിന്ത്യയിലെ തന്നെ മികച്ച സംവിധായകരിൽ പ്രശസ്തിയാർജ്ജിച്ചിട്ടുള്ള മലയാളി സംവിധായകനാണ് ഫാസിൽ. മലയാള സിനിമയ്ക്ക് പുറമെ തെലുങ്ക്, തമിഴ് എന്നീ ഭാഷകളിൽ ചിത്രങ്ങളൊരുക്കി വലിയ വിജയം നേടിയ സിനിമ പ്രവർത്തകൻ മലയാളസിനിമയ്ക്ക് വലിയൊരു മുതൽക്കൂട്ടാണ്. ഒരുപാട് പുതുമുഖങ്ങളെ മലയാള സിനിമയ്ക്ക് പരിചയപ്പെടുത്തിയിട്ടുള്ള   സംവിധായകനായ ഫാസിൽ ഇന്നത്തെ സൂപ്പർസ്റ്റാറുകളുടെ കരിയറിലെ തന്നെ നാഴികക്കല്ലായ സിനിമകൾ ഒരുക്കിയിട്ടുണ്ട്. നടനവിസ്മയം മോഹൻലാലിന്റെ ജീവിതത്തിലെ അവിസ്മരണീയ ചിത്രമാണ് 1980 പുറത്തിറങ്ങിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ. ഈ ചിത്രത്തിലൂടെയാണ് ഫാസിലും മോഹൻലാലും മലയാള സിനിമയിൽ തങ്ങളുടെ പാദമുദ്ര പതിപ്പിച്ചത്. ഫാസിലിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ ഗംഭീര വിജയം നേടിയ മഞ്ഞിൽ വിരിഞ്ഞ പൂക്കൾ ചിത്രത്തിനെ വിസ്മരിച്ചുകൊണ്ട് മോഹൻലാൽ എന്ന നടനെ ഒരു മലയാളി പ്രേക്ഷകനും ഓർക്കാൻ കഴിയില്ല. കാരണം അത്രത്തോളം വലിയ സംഭാവനയാണ് മോഹൻലാൽ എന്ന നടനിൽ ഫാസിൽ എന്ന സംവിധായകൻ നടത്തിയിട്ടുള്ളത്. കൂടാതെ മണിച്ചിത്രത്താഴ്, നോക്കത്താ ദൂരത്ത് കണ്ണും നട്ട്, വിസ്മയത്തുമ്പത്ത് തുടങ്ങിയ ചിത്രങ്ങളിലൂടെ മോഹൻലാൽ എന്ന നടന്റെ മറ്റൊരു അഭിനയ ഭാവമാണ് മലയാളി പ്രേക്ഷകർക്ക് ഫാസിൽ സമ്മാനിച്ചത്. മോഹൻലാലിന്റെ കരിയറിൽ തന്നെ വഴിത്തിരിവായി മാറിയ സംവിധായകനോട് എന്തുകൊണ്ട് മോഹൻലാലിനെ നായകനാക്കി പുതിയ ചിത്രങ്ങളെക്കുറിച്ച് ആലോചിക്കുന്നില്ലന്ന ചോദ്യത്തിന് വ്യക്തമായ മറുപടി നൽകിയിരിക്കുകയാണ്.

ഫാസിലിന്റെ മറുപടി ഇങ്ങനെ: “മോഹൻലാൽ വലിയൊരു താരമായതിനുശേഷം എന്നെ തിരിഞ്ഞു നോക്കിയില്ല, ഡേറ്റ് നൽകിയില്ല എന്നൊരു പരിഭവവും എന്റെ ജീവിതത്തിൽ ഉണ്ടായിട്ടില്ല. മോഹൻലാലിനു പറ്റിയ സബ്ജക്ട് വന്നിട്ടില്ല എന്നതാണ് സത്യം. ഇനിയൊരു കഥയുണ്ടാക്കി അദ്ദേഹത്തോട് പറഞ്ഞാൽ അത് ഇഷ്ടമായാൽ തീർച്ചയായും അത് ചെയ്യും മോഹൻലാൽ വളരെ പ്രൊഫഷണലായ ഒരു നടനാണ്”. സിനിമയോടുള്ള ഫാസിലിന്റെ സമീപനം എത്രത്തോളം മികച്ചതാണെന്ന് ഈ വാക്കുകളിൽ നിന്ന് മനസ്സിലാക്കാം. ഇരുവരും ഒന്നിക്കുന്ന ഒരു ചിത്രത്തിനായി ഭൂരിഭാഗം മലയാളി പ്രേക്ഷകരും ആഗ്രഹിക്കുന്നുണ്ട്.