“പൃഥ്വിക്ക് പകരം മമ്മൂക്ക ആയിരുന്നു നായകന്‍ ആകേണ്ടത്… ഒടുവില്‍ മമ്മൂക്ക പിന്‍മാറി”, സംവിധായകനോട് കാരണം തുറന്ന് പറഞ്ഞ് മമ്മൂട്ടി; ആശയക്കുഴപ്പത്തിലായ സംവിധായകന്റെ വെളിപ്പെടുത്തല്‍

നാളേറെയായി പ്രേക്ഷകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന പൃഥ്വിരാജ് ചിത്രമാണ് ഡ്രൈവിംഗ് ലൈസന്‍സ്. പൃഥ്വിരാജിനെ നായകനാക്കി ജീന്‍ പോള്‍ ലാല്‍ ഒരുക്കുന്ന ചിത്രം കൂടിയാണ് ഡ്രൈവിംഗ് ലൈസന്‍സ്. ഹണീ ബി എന്ന സൂപ്പര്‍ഹിറ്റ് ചിത്രത്തിലൂടെ സംവിധാന രംഗത്തേയ്ക്ക് കടന്നു വന്ന ലാല്‍ ജൂനിയറിന്റെ നാലാമത്തെ ചിത്രം കൂടിയാണിത്.

പൃഥ്വിരാജിനെയും സുരാജ് വെഞ്ഞാറമൂടിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ഒരുക്കുന്ന ചിത്രത്തില്‍ ആദ്യം മമ്മൂട്ടിയെയും ലാലിനെയും കേന്ദ്രകഥാപാത്രങ്ങളാക്കി ചെയ്യാനിരുന്ന ചിത്രമായിരുന്നു ഇതെന്ന് ജീന്‍ പോള്‍ ലാല്‍ പറയുന്നു. എന്നാല്‍ ഇതെങ്ങനെ പൃഥ്വിരാജിലേയ്‌ക്കെത്തി എന്നതിനെ കുറിച്ച് ജീന്‍ പോള്‍ പറയുന്നു. അടുത്തിടെ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ജീന്‍ പോള്‍ ലാല്‍ ഇക്കാര്യം വ്യക്തമാക്കുന്നത്.

‘ഡ്രൈവിങ് ലൈസന്‍സ്’ വര്‍ഷങ്ങള്‍ക്ക് മുന്‍പേ താന്‍ പ്ലാന്‍ ചെയ്തിരുന്ന സിനിമയായിരുന്നെന്ന് ജീന്‍പോള്‍ ലാല്‍ പറയുന്നു. അന്ന് മനസ്സിലുണ്ടായിരുന്നത് പപ്പയും മമ്മൂക്കയുമായിരുന്നു. അവരെ ഇരുവരെയും അണിനിരത്തി ഒരുക്കാനുള്ള ആലോചനകളായിരുന്നു നടത്തിയത്. ‘ഹായ് ഐ ആം ടോണി’ക്ക് ശേഷം ആരംഭിക്കണമെന്നാണ് തീരുമാനിച്ചത്. എന്നാല്‍ ആ സമയത്ത് അതിന് കഴിയാതെ വരികയായിരുന്നു. മമ്മൂട്ടിക്ക് അന്ന് കൈ നിറയെ ചിത്രങ്ങളായിരുന്നു. മമ്മൂട്ടിയുടെ ഡേറ്റ് പ്രശ്നങ്ങള്‍ കാരണമാണ് ആദ്യം സിനിമ തുടങ്ങാന്‍ വൈകിയതെന്നും ജീന്‍ പോള്‍ ലാല്‍ പറയുന്നു.

മമ്മൂട്ടിയുടെ ഡേറ്റ് കിട്ടാന്‍ വൈകിയതോടെയാണ് സിനിമ നീണ്ടു പോയത്. സിനിമ തുടങ്ങാന്‍ സാധിക്കാതെ വന്നതോടെ ആകെ ആശങ്കയിലായി. ആ സമയത്താണ് ഹണീ ബി 2 ചെയ്യുന്നത്. ആ സിനിമ പൂര്‍ത്തീകരിച്ച ശേഷം ഡ്രൈവിംഗ് ലൈസന്‍സ് തുടങ്ങാമെന്നാണ് കരുതിയത്. എന്നാല്‍ അതിനിടയില്‍ സംഭവിച്ചത് മറ്റ് ചില കാര്യങ്ങളായിരുന്നു. ആ ട്വിസ്റ്റിന് ശേഷമാണ് ചിത്രത്തിലേക്ക് പൃഥ്വിരാജും സുരാജ് വെഞ്ഞാറമൂടും എത്തിയതെന്നും സംവിധായകന്‍ പറയുന്നു.

പിന്നെ, സിനിമയുടെ കഥ ആ സമയത്ത് മമ്മൂക്കയ്ക്ക് അധികം ഇഷ്ടമായില്ല. സിനിമയെ കുറിച്ച് കൂടുതലായി അറിഞ്ഞതിന് ശേഷമാണ് കഥ കാര്യമായി ഇഷ്ടമായില്ലെന്ന് മമ്മൂട്ടി തുറന്നു പറയുന്നത്. സിനിമയില്‍ രണ്ട് നായകന്‍മാരുണ്ട്. ആ സമയത്ത് രണ്ട് നായകന്‍മാരുള്ള ചിത്രത്തില്‍ അഭിനയിക്കുന്നതിനോട് അദ്ദേഹത്തിന് താല്‍പര്യമില്ലായിരുന്നു. ക്ലൈമാക്സ് സീനിനെ കുറിച്ച് അറിഞ്ഞപ്പോഴാണ് കഥ ഇഷ്ടമാവാതെ വന്ന കാര്യം മമ്മൂട്ടി പറയുന്നത്. ഇതോടെ താന്‍ വീണ്ടും ആശയക്കുഴപ്പത്തിലായി. അങ്ങനെ വന്നപ്പോള്‍ ഒന്നുകില്‍ കഥ മാറ്റുക, അല്ലെങ്കില്‍ ആളെ മാറ്റുക എന്ന സാധ്യത മാത്രമാണ് മുന്‍പിലുണ്ടായിരുന്നത്. പിന്നീട് മമ്മൂക്ക തന്നെ ഒഴിവായ സ്ഥിതിക്ക് കഥ മാറ്റേണ്ടി വന്നില്ല. കഥയില്‍ എനിക്ക് വിശ്വാസമുണ്ടെന്നും ജീന്‍ പോള്‍ ലാല്‍ പറയുന്നു.

ഹണീ ബി ഹിറ്റായതിന് പിന്നാലെ ഹായ് ഐ ആം ടോണി, ഹണീ ബി 2 എന്നീ സിനിമകള്‍ ഒരുക്കിയ ജീന്‍ പോള്‍ ലാലിന്റെ പുതിയ ചിത്രത്തിനായുള്ള കാത്തിരിപ്പിലാണ് ആരാധകര്‍. ചിത്രത്തില്‍ പൃഥ്വിരാജ് നായകന്‍ മാത്രമല്ല നിര്‍മ്മാതാവ് കൂടിയണ്. സുപ്രിയ മേനോനും ലിസ്റ്റിന്‍ സ്റ്റീഫനും ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. ബ്രദേഴ്‌സ് ഡേയ്ക്ക് ശേഷമെത്തുന്ന പൃഥ്വിരാജ് ചിത്രം കൂടിയാണിത്. ചിത്രത്തിന്റെ ലൊക്കേഷന്‍ സ്റ്റില്ലുകളും പോസ്റ്ററുകളും ഇതിനോടകം തന്നെ സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. സച്ചിയാണ് തിരക്കഥ ഒരുക്കുന്നത്. ക്രിസ്മസിന് മുന്നോടിയായി ചിത്രം തിയേറ്ററുകളിലെത്തുമെന്നാണ് പ്രതീക്ഷ.