“ഞാന്‍ ക്രൂരനല്ല, എനിക്കും ഒരു കുടുംബം ഉണ്ട്; സത്യാവസ്ഥ അറിയാതെയാണ് എന്നെ വിമര്‍ശിക്കുന്നത്”

സത്യാവസ്ഥ മനസ്സിലാക്കാതെയാണ് പലരും തന്നെ വിമര്‍ശിക്കുന്നതെന്ന് നടന്‍ ദിലീപ്. തന്റെ രണ്ട് പെണ്‍മക്കളാണ് ജീവിതത്തില്‍ മുന്നോട്ട് പോകാനുള്ള ഊര്‍ജം നല്‍കുന്നതെന്നും ദിലീപ് പറഞ്ഞു. മൂത്ത മകള്‍ മീനാക്ഷി രണ്ടാം വര്‍ഷ എംബിബിഎസ് വിദ്യാര്‍ത്ഥിയാണെന്നും മഹാലക്ഷ്മിക്ക് ഒരു വയസ് കഴിഞ്ഞെന്നും ദിലീപ് പറഞ്ഞു.

ഭൂരിപക്ഷം ആളുകളും സത്യം അറിയാന്‍ ശ്രമിക്കാതെയാണ് തനിക്കെതിരെ വിമര്‍ശനം ഉന്നയിക്കുന്നതെന്നും ദിലീപ് വ്യക്തമാക്കി. ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ദിലീപ് ഇക്കാര്യം വ്യക്തമാക്കിയത്. പലരും തന്നെ നശിപ്പിക്കാന്‍ ശ്രമിച്ചപ്പോഴും പ്രേക്ഷകര്‍ കൂടെയുണ്ടെന്ന് വ്യക്തമാക്കി തന്നത് രാമലീല എന്ന സിനിമയുടെ വിജയമാണ്. ഒരുപാട് പേര്‍ ചേര്‍ന്ന് കൊല്ലാന്‍ ശ്രമിച്ച സിനിമയാണ് അത്. എന്നാല്‍ എല്ലാ തടസ്സങ്ങളേയും ചിത്രം അതിജീവിച്ചു. 22 വര്‍ഷമായി സിനിമയിലുള്ള തനിക്ക് പിന്തുണ ആവശ്യമായി വന്ന ഘട്ടത്തില്‍ ജനങ്ങള്‍ മാത്രമേ കൂടെ നിന്നിട്ടുള്ളൂവെന്നും ദിലീപ് പറഞ്ഞു.

എനിക്കും ഒരു കുടുംബം ഉണ്ട്, ഞാന്‍ ഒരു ക്രൂരനല്ല. എന്റെ കുടുംബവുമായി അങ്ങേഅറ്റം അടുപ്പമുള്ള ഒരാളാണ് ഞാന്‍. അതിനാല്‍ മറ്റേതു വ്യക്തിയും കാത്ത് സൂക്ഷിക്കുന്ന മൂല്യങ്ങള്‍ എന്റെ ജീവിതത്തിലുണ്ട്. എല്ലാവര്‍ക്കും നല്ലതുവരട്ടേ എന്നേ പ്രാര്‍ത്ഥിക്കുന്നുള്ളൂവെന്നും സത്യങ്ങള്‍ എന്നും മൂടിവെയ്ക്കാന്‍ കഴിയില്ലെന്നും ദിലീപ് വ്യക്തമാക്കി.

ഇപ്പോള്‍ ദിലീപിന് കൈ നിറയെ ചിത്രങ്ങളാണ്. ഏറ്റവും പുതിയ ചിത്രം ജാക്ക് ആന്‍ഡ് ഡാനിയല്‍ റിലീസിന് ഒരുങ്ങുകയാണ്. എസ്.എല്‍ പുരം ജയസൂര്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ തമിഴ് നടന്‍ അര്‍ജുനും ഒരു പ്രധാന വേഷത്തിലെത്തുന്നുണ്ട്. ജാക്കും ഡാനിയലും ചിത്രത്തിലെ ശക്തമായ കഥാപാത്രങ്ങളാണെന്നും സിനിമ പുറത്തിറങ്ങുമ്പോള്‍ ആരാണ് യഥാര്‍ത്ഥ കള്ളനെന്ന് മനസിലാകുമെന്നും ദിലീപ് പറയുന്നു. ജാക്ക് ആന്‍ഡ് ഡാനിയലിന് ആക്ഷനൊരുക്കുന്നത് പീറ്റര്‍ ഹെയ്‌നാണ്.