ജയിലില്‍ നിന്ന് വന്ന ശേഷം ആരെയും അന്ധമായി വിശ്വസിക്കരുത് എന്ന് പഠിച്ചു !!! ജീവിതത്തിലെ മോശം കാര്യങ്ങള്‍ മറക്കാന്‍ ശ്രമിക്കുകയാണെന്ന് ധന്യ മേരി വര്‍ഗീസ്

ബിഗ് സ്‌ക്രീനില്‍ നിന്നും മിനിസ്‌ക്രീനിലെക്ക് പറിച്ച് നടുന്ന താരങ്ങള്‍ മലയാളത്തില്‍ നിരവധിയാണ്. അത്തരത്തില്‍ പ്രേക്ഷക ശ്രദ്ദ നേടിയ താരമാണ് ധന്യ മേരി വര്‍ഗീസ്. 2006 ല് തിരുടി എന്ന ചിത്രത്തിലൂടെയാണ് ധന്യ അഭിനയ രംഗത്തേക്ക് പ്രവേശിക്കുന്നത്. മലയാളത്തില്‍ ആദ്യം അഭിനയിച്ചത് നന്മ എന്ന ചലച്ചിത്രത്തിലായിരുന്നു. പക്ഷെ പ്രേക്ഷക ശ്രദ്ദ നേടിക്കൊടുത്ത ചിത്രം തലപ്പാവ് ആണ്. അഭിനയത്തിന് പുറമെ മോഡലിങ്ങിലും നിരവധി പരസ്യ ചിത്രങ്ങളിലും ധന്യ അഭിനയിച്ചിട്ടുണ്ട്. നടന്‍ ജോണുമൊത്തുള്ള വിവാഹശേഷം താരം സിനിമയില്‍ അത്ര സജീവമായിരുന്നില്ല. 2016 ല്‍ 130 കോടി രൂപയുടെ തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് ധന്യയേയും ഭര്‍ത്താവിനേയും ഭര്‍ത്തൃ സഹോദരനേയും കേരളാ പോലീസ് അറസ്റ്റ് ചെയ്തതോടെ താരം ഇടക്കാലത്തേക്ക് അപ്രത്യക്ഷയായി. കേസുമായി മുമ്പോട്ട് പോയ കാലത്ത് ധന്യയെ മാധ്യമങ്ങളിലൊന്നും അധികമങ്ങ് കണ്ടിട്ടില്ല.

ഇപ്പോഴിതാ നീണ്ട ഒരിടവേളയ്ക്ക് ശേഷം താരം വീണ്ടും സീരിയലിലൂടെ തിരിച്ച് വരവ് നടത്തിയിരിക്കുകയാണ്. സീത കല്യാണം എന്ന സീരിയലിലാണ് താരം ഇപ്പോള്‍ അഭിനയിക്കുന്നത്. തന്റെ അഭിനയ ജീവിതത്തെക്കുറിച്ച് ഒരു ഓണ്‍ലൈന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ താരം ചില വെളിപ്പെടുത്തലുകള്‍ നടത്തി. റിയല്‍ എസ്റ്റേറ്റ് തട്ടിപ്പ് കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായതിന് ശേഷം തന്റെ ജീവിതം ഒരുപാട് മാറി മറിഞ്ഞുവെന്നും ജീവിതത്തിന്റെ യാഥാര്‍ത്ഥ്യം മനസിലാക്കാനും ധൈര്യത്തോടെ മുന്‍പോട്ട് പോകാനും പഠിച്ചുവെന്നും താരം മനസ് തുറന്നു. ആരെയും കണ്ണുമടച്ചു വിശ്വസിക്കുന്ന വ്യക്തി ആയിരുന്നു താനെന്നും പക്ഷെ ആ സംഭവത്തോടെ ആ നിലപാട് മാറ്റിയെന്നും താരം കൂട്ടിചേര്‍ത്തു.