“എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം, പക്ഷേ ആ ദിവസത്തെ അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല”; ആര്യയുടെ വികാര നിര്‍ഭര പോസ്റ്റ് വൈറലാകുന്നു

ഏഷ്യാനെറ്റിലെ ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷന്‍ പരിപാടിയിലൂടെ പ്രേക്ഷകര്‍ക്ക് സുപരിചിതയായ നടിയാണ് ആര്യ. തമാശകളും പൊട്ടിച്ചിരിയുമായി സദാ പ്രേക്ഷകര്‍ക്ക് മുന്നിലെത്തുന്ന ആര്യ വികാര നിര്‍ഭരമായ കുറിപ്പുമായി എത്തിയിരിക്കുകയാണ്. കഴിഞ്ഞ വര്‍ഷം നവംബര്‍ 11 നാണ് ആര്യയുടെ അച്ഛന്‍ മരണമടയുന്നത്. അച്ഛന്റെ ഓര്‍മ്മ ദിനത്തില്‍ പങ്കുവെച്ച അച്ഛനെകുറിച്ചുള്ള ആര്യയുടെ വികാരനിര്‍ഭരമായ കുറിപ്പ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്.

കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ എന്നന്നേയ്ക്കുമായി നഷ്ടമായത്. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി. ജീവിതത്തിലെ ഓരോ നിമിഷവും താന്‍ അച്ഛനെ മിസ് ചെയ്യുന്നുവെന്നും ആര്യ ഫെയ്‌സ്ബുക്കില്‍ കുറിച്ചു.

ആര്യയുടെ ഫെയ്‌സ്ബുക്ക് പോസ്റ്റ്-

ഒരു വ്യക്തി എന്ന നിലയില്‍ ഞാനെത്ര ശക്തയാണെന്ന് മനസിലാക്കിയ ദിവസമായിരുന്നു ഇത്. എന്റെ ജീവിതത്തിലെ ഏറ്റവും വലിയ ഭയത്തെ അഭിമുഖീകരിച്ച ദിവസം. കഴിഞ്ഞ വര്‍ഷം ഇതേ ദിവസമാണ് എനിക്ക് എന്റെ അച്ഛനെ എന്നെന്നേക്കുമായി നഷ്ടമായത്. കഴിഞ്ഞ വര്‍ഷം ഏതാണ്ട് ഇതേ സമയത്താണ് ഒരു നേഴ്സ് ഈ ഡോര്‍ കടന്നു വന്ന് എന്നോട് പറഞ്ഞത്, അച്ഛനെ ഒന്ന് പോയി കണ്ടോളൂ എന്ന്.

അവിടെ ഞാന്‍ കണ്ടു. കണ്ണുകളടച്ച്, വായ തുറന്ന്, തണുത്ത്, അനക്കമറ്റ് അദ്ദേഹം കിടക്കുന്നു. എല്ലാ ധൈര്യവുമെടുത്ത് ഞാന്‍ അച്ഛനെ വിളിച്ചു, അച്ഛനെ ഉണര്‍ത്താന്‍, ജീവിതത്തിലേക്ക് തിരികെ കൊണ്ടു വരാന്‍, കാരണം അച്ഛനെ പറഞ്ഞയക്കാന്‍ ഞാന്‍ ഒരുക്കമായിരുന്നില്ല, അന്നത്തെ ദിവസം എനിക്ക് സംഭവിക്കുന്നതിനെ അഭിമുഖീകരിക്കാന്‍ ഞാന്‍ തയ്യാറായിരുന്നില്ല. പക്ഷേ വിധിയെ തടുക്കാന്‍ നമുക്കാവില്ലല്ലോ..അച്ഛന്‍ പോയി, എന്റെ കാലിനടിയിലെ മണ്ണും പൂര്‍ണമായും ഒലിച്ച് പോയി.

അച്ഛാ…ജീവിതത്തിലെ ഓരോ നിമിഷവും ഞങ്ങള്‍ അച്ഛനെ മിസ് ചെയ്യുന്നു. കഴിഞ്ഞ വര്‍ഷത്തെ ഈ ദിവസത്തില്‍ നിന്ന് വീണ്ടും കാലുകള്‍ നിലത്തുറപ്പിക്കാന്‍ എന്നെ സഹായിച്ചതിന് നന്ദി. ഏത് വിഷമ ഘട്ടങ്ങളിലും എന്റെ കൈ പിടിച്ച് നടത്തുന്നതിന് നന്ദി. എനിക്ക് താങ്ങായി അദ്യശ്യമായി നിലകൊള്ളുന്നതിന് നന്ദി…എല്ലാത്തിനും ഉപരി ഏറ്റവും മികച്ച അച്ഛനായതിന് നന്ദി… ഞാന്‍ നിങ്ങളെ ഒരുപാട് സ്നേഹിക്കുന്നു അച്ഛാ..നിങ്ങളാണെന്റെ ജീവിതം..