അന്ന് അവന്‍ ഒരുപാടു എക്സൈറ്റഡായി അത് കാണിച്ചപ്പോള്‍ കലാബോധം തീരെ ഇല്ലാത്ത ഞങ്ങള്‍ക്ക് പരിഹാസമാണ് തോന്നിയത് !!! മനസ് തുറന്ന് അജു വര്‍ഗീസ്

കുമ്പളങ്ങി നൈറ്റ്‌സിലെ ബേബി മോളെ അറിയാത്ത മലയാളികള്‍ കാണില്ല. ഷൈനിനൊപ്പം വളരെ നാച്ചുറല്‍ ആയി അഭിനയിച്ച് കട്ടയ്ക്ക് കൂടെ നിന്ന അന്ന ബെന്നിന്റെ ഏറ്റവും പുതിയ ചിത്രം ഹെലന്‍ ഇപ്പോള്‍ റിലീസിനൊരുങ്ങുകയാണ്. കുമ്പളങ്ങി നൈറ്റ്‌സിന് ശേഷം താരം അഭിനയിക്കുന്ന രണ്ടാമത്തെ ചിത്രമാണ് ഹെലന്‍. ചിത്രത്തിലെ ടൈറ്റില്‍ റോളിലാണ് അന്ന എത്തുന്നത്. ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസറായ നോബിള്‍ തോമസാണ് ചിത്രത്തില്‍ അന്നയുടെ നായകനായി എത്തുന്നത്. ഇപ്പോഴിതാ നോബിളിനെ ക്കുറിച്ചും അദ്ദേഹത്തിന്റെ സിനിമ സ്വപ്‌നങ്ങളെ ക്കുറിച്ചും നടനും സുഹൃത്തുമായ അജു വര്‍ഗീസ് മനസ് തുറക്കുകയാണ്. ഇരുവരും 2002 ഇല്‍, മദ്രാസിലെ കെസിജി കോളേജ് ഓഫ് ടെക്‌നോളജിയില്‍ വച്ചാണ് പരിചയപ്പെടുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റലില്‍ തുടങ്ങി സൗഹൃദം ഇപ്പോള്‍ സിനിമയില്‍ വരെ എത്തി നില്‍ക്കുന്നു.

അന്ന് നോബിള്‍ മോഡലിങ്ങില്‍ താത്പര്യം പ്രകടിപ്പിച്ചപ്പോള്‍ തങ്ങള്‍ അവനെ പരിഹാസത്തോടെ നോക്കിയിട്ടുണ്ടെന്നും നീണ്ട 17 വര്‍ഷങള്‍ക്കിപ്പുറം താരം നായകനായി എത്തിയതില്‍ ഏറെ സന്തോഷിക്കുന്നുവെന്നും അജു കുറിച്ചു. അന്ന് കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവനു കിട്ടിയത് വെറും പരിഹാസങ്ങള്‍ മാത്രമായിരുന്നുവെന്ന് അജു പറയുന്നു. ഒരു വ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസര്‍ നോബിളിന്റെ നായക കഥാപാത്രം. ”2004 ഇല്‍ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.വിനീത് ഉള്‍പ്പടെ ഞങ്ങള്‍ കോളേജില്‍ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു” അജു കുറിച്ചു.

കുറിപ്പ് വായിക്കാം:

ഇത് നോബിള്‍.. നോബിള്‍ തോമസ്; ജേക്കബിന്റെ സ്വര്‍ഗ്ഗരാജ്യം, അരവിന്ദന്റെ അതിഥികള്‍, ആനന്ദം എന്നീ ചിത്രങ്ങളുടെ പ്രൊഡ്യൂസര്‍. 2002 ഇല്‍, മദ്രാസിലെ KCG College of technology ഇല്‍ വെച്ചാണ് അവനെ ആദ്യമായി കാണുന്നത്. ഒരേ കോളേജ്, ഒരേ ബാച്ച്, ഒരേ ഹോസ്റ്റല്‍…എന്റെ ഓര്‍മ ശെരി ആണെങ്കില്‍ തേര്‍ഡ് ഇയര്‍ ആണെന്നു തോന്നുന്നു, നോബിള്‍ മുടി വളര്‍ത്താന്‍ തുടങ്ങി. വളര്‍ത്തി വളര്‍ത്തി ഒടുക്കം അന്നത്തെ സല്‍മാന്‍ ഖാന്‍ന്റെ Tere Naam സ്‌റ്റൈല്‍ വരെ എത്തി. പയ്യെ വണ്ണവും കുറക്കാന്‍ തുടങ്ങി. കാര്യം തിരക്കിയപ്പോള്‍ മോഡലിംഗ് രംഗത്തേക്ക് ഇറങ്ങാന്‍ ഉള്ള ഒരു പദ്ധതി ആണെന്നു അറിഞ്ഞു. ഒരു ഫോട്ടോഷൂട്ട് കിട്ടി പോലും. ഏതോ ഒരു മാഗസിന്‍ ! അങ്ങനെ കുറച്ചു നാളുകള്‍ക്കു ശേഷം നോബിള്‍ അതില്‍ വന്ന ഫോട്ടോ ഞങ്ങളെ കാണിച്ചു. ഒരുപാടു എക്സൈറ്റഡ് ആയിരുന്നു പുള്ളി. പക്ഷെ എന്ത് ചെയ്യാന്‍! കലാബോധം തീരെ ഇല്ലാത്ത ഞങ്ങളില്‍ നിന്നും അവനു കിട്ടിയത് വെറും പരിഹാസം മാത്രം.

പറഞ്ഞു വരുന്നത് അതൊന്നും അല്ല. ഇത് 2019! 17 വര്‍ഷത്തിന് ശേഷം അദ്ദേഹം ഒരു സിനിമയില്‍ നായകനായി വരുകയാണ്. ഹെലന്‍ എന്നാണ് ആ ചിത്രത്തിന്റെ പേര്.ഒരു വ്യക്തി ജീവിതത്തില്‍ ആത്മാര്‍ത്ഥമായി സ്വപ്നം കണ്ടിട്ടുണ്ടെങ്കില്‍, അതിനു വേണ്ടി ശ്രമിച്ചിട്ടുണ്ടെങ്കില്‍, അതിന് സമയം ഒരു പരിമിതിയേ അല്ല എന്ന് ഉള്ളതിന് ഏറ്റവും വലിയ ഉദാഹരണമാണ് അതിലെ അസര്‍ എന്ന അവന്റെ നായക കഥാപാത്രം. വൈകിയാണ് ഞാന്‍ അറിഞ്ഞത്, ഹെലന്‍ എന്ന സിനിമയുടെ തിരക്കഥയിലും അവന്റെ കൈകള്‍ ഉണ്ടെന്ന്. വീണ്ടും അവന്‍ എന്നെ ഞെട്ടിച്ചു !2004 ഇല്‍ തുടങ്ങിയ സ്വപ്നം ഇന്ന് അതിനടുത്തു എത്തിയിരിക്കുകയാണ്.വിനീത് ഉള്‍പ്പടെ ഞങ്ങള്‍ കോളേജില്‍ പഠിച്ച എല്ലാ സുഹൃത്തുക്കളും അവന്റെ സന്തോഷത്തില്‍ പങ്കു ചേരുന്നു, അഭിമാനിക്കുന്നു, അതിലേറെ ആ സിനിമ കാണാന്‍ കാത്തിരിക്കുന്നു.