“എന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ആകുമെങ്കിൽ എനിക്കും സാധിക്കും. ഇതാണ് എന്റെ മുദ്രാവാക്യം. ലവ് യു ഇച്ചാക്ക…” : നടൻ റഹ്മാന്റെ ഫേസ്ബുക്ക് പോസ്റ്റ് വൈറൽ !!

എൺപതുകളിലെ മമ്മൂട്ടി ചിത്രങ്ങളിൽ നിറഞ്ഞുനിന്ന താര സാന്നിധ്യമായിരുന്നു നടൻ റഹ്മാൻ. നിരവധി ചിത്രങ്ങളിൽ ഇരുവരും ഒരുമിച്ച് അഭിനയിച്ചിട്ടുണ്ട്. മമ്മൂട്ടി ഉണ്ടോ ഒപ്പം റഹ്മാനും വേണമെന്ന ഒരു പ്രവണത അന്നത്തെ കാലത്ത് മലയാള സിനിമയിൽ നിലനിന്നിരുന്നു.
1984-86 കാലഘട്ടത്തിൽ അഭിനയിച്ച ഇരുപതോളം റഹ്മാൻ-മമ്മൂട്ടി ചിത്രങ്ങൾ എന്നും പ്രേക്ഷകർ ഓർത്തിരിക്കുന്നവയാണ്. സിനിമകളിൽ എന്ന പോലെ ജീവിതത്തിൽ മമ്മൂട്ടി തന്റെ ജ്യേഷ്ഠ സഹോദരനെ പോലെയാണെന്ന് റഹ്മാൻ പല സന്ദർഭങ്ങളിലായി പറഞ്ഞിട്ടുള്ളതാണ്. സിനിമയിലും ജീവിതത്തിലും ഒരുപോലെ തനിക്ക് പ്രചോദനം നൽകുന്ന വ്യക്തിയാണ് മമ്മൂട്ടി എന്നും സിനിമകളിൽ നിന്നും വലിയ ഇടവേള എടുത്തതിനുശേഷം രാജമാണിക്യം എന്ന സിനിമയിൽ അഭിനയിക്കാൻ തനിക്ക് ഏറെ പിന്തുണ നൽകിയത് മമ്മൂട്ടിയാണെന്നും
റഹ്മാൻ തുറന്നുപറഞ്ഞിട്ടുണ്ട്. താരം മമ്മൂട്ടിയുമായി താരതമ്യം ചെയ്തുകൊണ്ട് തന്റെ ഫേസ്ബുക്ക് പേജിൽ പങ്കുവെച്ച ചിത്രം ഇപ്പോൾ വലിയ തരംഗമായി മാറിയിരിക്കുകയാണ്. “എന്റെ പ്രിയപ്പെട്ട മമ്മൂട്ടിക്ക് ആകുമെങ്കിൽ എനിക്കും സാധിക്കും. ഇതാണ് എന്റെ മുദ്രാവാക്യം. ലവ് യു ഇച്ചാക്ക.” എന്ന കുറിപ്പോടെ ജിമ്മിൽ വർക്ക്ഔട്ട് ചെയ്യുന്ന ചിത്രമാണ് റഹ്മാൻ ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. പ്രായത്തെ തോൽപ്പിക്കുന്ന സൗന്ദര്യവും ശാരീരിക ക്ഷമതയും കാത്തുസൂക്ഷിക്കുന്ന മമ്മൂട്ടി സിനിമ ലോകത്തുള്ള പല നടീനടന്മാർക്ക് പ്രചോദനമാണ്. പല സൂപ്പർ താരങ്ങളും ഇക്കാര്യം വെളിപ്പെടുത്തിയിട്ടുള്ളതാണ്.

കേരളത്തിലെ ഇതുപോലെതന്നെ തമിഴ്നാട്ടിലും റഹ്മാന് വലിയ സ്വീകാര്യതയാണ് ഉള്ളത്. നിരവധി ചിത്രങ്ങളിൽ നായകനായി തമിഴ് പ്രേക്ഷകരുടെ പ്രിയങ്കരനായി മാറിയ റഹ്മാൻ പുതിയ ചിത്രത്തിന്റെ മേക്കോവർ ഭാഗമായാണ് ജിമ്മിൽ വർക്കൗട്ട് ചെയ്യുന്നത്. ആ ചിത്രത്തിനെ കുറിച്ചുള്ള വിവരങ്ങൾ അദ്ദേഹം പങ്കു വച്ചില്ല.
താരത്തിന്റെ ഈ പ്രസ്താവനയും ചിത്രവും മമ്മൂട്ടി ആരാധകർക്ക് ആവേശം ആണ് നൽകിയിരിക്കുന്നത്. കാരണം മെഗാസ്റ്റാറിന്റെ സൗന്ദര്യത്തെ ഇത്രയധികം പ്രശംസിക്കുന്നത് ആരാധകർക്ക് എടുക്കാതിരിക്കാൻ കഴിയില്ലല്ലോ. മലയാള സിനിമയിലേക്ക് ശക്തമായ ഒരു തിരിച്ചു വരവിന് കൂടി അദ്ദേഹം തയ്യാറെടുക്കുന്നതായി റിപ്പോർട്ടുകളുണ്ട്.