ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ കണ്ടുകൊണ്ട് നില്‍ക്കില്ല, പ്രതികരിക്കും !!! വാളയാര്‍ കേസില്‍ പ്രതിഷേധവുമായി ടോവിനോയും ഉണ്ണിമുകുന്ദനും – കുറിപ്പ്

വാളയാറില്‍ രണ്ട് പെണ്‍കുഞ്ഞുങ്ങളെ പീഡിപ്പിച്ച കേസില്‍ പ്രതികളെ വെറുതെ വിട്ട നിയമവ്യവസ്ഥയെ ചോദ്യം ചെയ്ത് നിരവധിപേര്‍ രംഗത്ത്. വാര്‍ത്ത വായിച്ച് രോഷകുലരായ ജനങ്ങള്‍ ഹാഷ്ടാഗ് നിരത്തി സംഭവത്തോട് പ്രതികരിക്കുകയാണ്. തിരിച്ചറിവില്ലാത്ത ഇളം പ്രായത്തില്‍ തങ്ങള്‍ക്ക് സംഭവിച്ചതു പോലും എന്താണെന്ന് മനസിലാക്കാനുള്ള അറിവില്ലാതെ ഈ ലോകത്തോട് വിടപറഞ്ഞ സഹോദരിമാര്‍ക്ക് വേണ്ടി പ്രതികരിക്കുകയാണ് ജനങ്ങളിപ്പോള്‍. ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞുങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വം നീതിയാണെന്ന് ചൂണ്ടിക്കാട്ടി നടന്‍ ഉണ്ണി മുകുന്ദന്‍ സോഷ്യല്‍മീഡിയയില്‍ കുറിച്ചു. ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്‍മാര്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ വാങ്ങിക്കൊടുക്കണമെന്നും മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്കപെടുന്നത് അവസാനിപ്പിക്കണമെന്നും ഉണ്ണിമുകുന്ദന്‍ കുറിച്ചു.

ഉണ്ണിമുകുന്ദനെ കൂടാതെ മലയാള സിനിമയിലെ മുന്‍നിര താരങ്ങളായ പൃഥ്വിരാജും ടോവിനോ തോമസും തങ്ങളുടെ രോഷം സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരുന്നു. ഇത്തരത്തിലുളള നിയമ നടപടി ഇനിയും തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുത്തുമെന്ന് ടോവിനോ തോമസ് താക്കീത് ചെയ്തു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെടാന്‍ സമയമായെന്നും ഇത്തരത്തിലുള്ള പ്രവൃത്തി തുടര്‍ന്നാണ് കണ്ടുകൊണ്ടിരിക്കില്ല പ്രതികരിക്കുമെന്നും അദ്ദേഹ കൂട്ടിചേര്‍ത്തു.

ഉണ്ണി മുകുന്ദന്‍ എഴുതിയ കുറിപ്പ് :

തിരിച്ചറിവില്ലാത്ത പ്രായത്തിലുള്ള വാളയാറിലെ സഹോദരിമാരായ രണ്ടു പെണ്‍കുട്ടികള്‍, അതും 13 , 9 വയസ്സുള്ളവര്‍ , തങ്ങള്‍ക്ക് എന്താണ് സംഭവിച്ചെതെന്നു പോലും തിരിച്ചറിയാന്‍ കഴിയാതെ ഈ ലോകത്തോട് വിട പറഞ്ഞു പോയപ്പോള്‍ പിന്നീട് ഈ സമൂഹത്തിനും നിയമ വ്യവസ്ഥക്കും ആ പിഞ്ചു കുഞ്ഞിങ്ങളോട് കാണിക്കാന്‍ കഴിയുന്ന ഏക മനുഷ്യത്വം നീതിയും എന്ന് പറയുന്നത് ഈ ദാരുണ സംഭവത്തിന് കാരണക്കാരായ വേട്ട മൃഗത്തിന് സമാനമായ മനസ്സും മനുഷ്യ ശരീരവുമായി ജീവിക്കുന്ന കിരാതന്മാരെ അര്‍ഹിക്കുന്ന ശിക്ഷ നല്‍കുക എന്നത് മാത്രമാണ്. മാതൃകാപരമായി ശിക്ഷ നല്‍കി ഇത്തരക്കാര്‍ക്ക് പാഠമാകേണ്ട കേസുകള്‍ അട്ടിമറിക്ക പെടുന്നത് എന്തിന്റെ പേരിലായാലും മനുഷ്യത്വമില്ലായും നീതി നിഷേധവുമാണ്. ഇത്തരം സംഭവങ്ങള്‍ ആവര്‍ത്തിക്കാതിരിക്കാന്‍ പ്രതികള്‍ക്ക് അര്‍ഹിക്കുന്ന ശിക്ഷ ലഭിക്കുന്നത് വരെ ശക്തമായ പ്രതിഷേധങ്ങള്‍ ഉയര്‍ന്നു വരേണ്ടത് നമ്മള്‍ ഉള്‍പ്പെടുന്ന സമൂഹത്തിന്റെ കൂട്ട ഉത്തരവാദിത്തം കൂടിയാണ്.

ടോവിനോ തോമസ് എഴുതിയ കുറിപ്പ് :

കുറ്റവാളികള്‍ക്ക് സംരക്ഷണവും ഇരക്ക് ശിക്ഷയും ലഭിക്കുന്ന ഈ അവസ്ഥ ഭയാനകമാണു ! ഇനിയും ഇത് തുടര്‍ന്നാല്‍ ഭരണകൂടത്തിലും ജുഡീഷ്യറിയിലും ഈ നാട്ടിലെ ഞാനുള്‍പ്പടെയുള്ള സാധാരണക്കാര്‍ വച്ചു പുലര്‍ത്തുന്ന വിശ്വാസവും പ്രതീക്ഷയും പൂര്‍ണ്ണമായും നഷ്ടപ്പെടുമെന്നുറപ്പാണു. കാലഹരണപ്പെട്ടു കൊണ്ടിരിക്കുന്ന രാഷ്ട്രീയ പ്രവര്‍ത്തന രീതികളും , നിയമസംവിധാനങ്ങളും , നടപടിക്രമങ്ങളും ഇനിയും തിരുത്തപ്പെട്ടില്ലെങ്കില്‍ പുതിയ തലമുറ ഇത് കണ്ടുകൊണ്ട് നിന്നേക്കില്ല , അവര്‍ പ്രതികരിക്കും. ഹാഷ്ടാഗ് ക്യാമ്പയിനുകള്‍ക്കപ്പുറം ഇവിടെ പ്രക്ഷോഭങ്ങളുണ്ടാവും ! ചരിത്രം പഠിപ്പിക്കുന്നത് അതാണു !