രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം മെഗാസ്റ്റാറിന്റെ ജോണിവാക്കറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നു !! “ജൂനിയർ ജോണിവാക്കർ” ആവാൻ ദുൽഖർ സൽമാൻ ?? ആകാംഷയോടെ പ്രേക്ഷകർ !!

1992 ഏപ്രിൽ പത്തിന് റിലീസ് ചെയ്ത മമ്മൂട്ടി ചിത്രമാണ് ജോണി വാക്കർ. കോളേജ് പശ്ചാത്തലത്തിൽ യുവാക്കളുടെ പ്രശ്നങ്ങളും ജീവിതവും പറഞ്ഞ ചിത്രം സംവിധാനം ചെയ്തത് മലയാളത്തിലെ പ്രിയപ്പെട്ട സംവിധായകൻ ജയരാജ് ആയിരുന്നു. ചിത്രം തൊണ്ണൂറുകളിൽ വലിയ തരംഗം സൃഷ്ടിച്ചിരുന്നു. എന്നാൽ ഈ കാലഘട്ടത്തിലും ആ സിനിമയുടെ ഗാനങ്ങളും രംഗങ്ങളും ഇന്നും ചെയ്യപ്പെടുകയും പ്രേക്ഷകർ കാണുകയും വിലയിരുത്തുകയും അഭിനന്ദിക്കുകയും ചെയ്യുന്നു എന്നതാണ് വസ്തുത. മമ്മൂട്ടിക്ക് ഡാൻസ് അറിയില്ല എന്നുള്ള വിമർശനങ്ങൾ കൊടുമ്പിരിക്കൊണ്ടിരിക്കുന്ന കാലത്ത് ഇന്ത്യൻ സിനിമയിലെ ഇതിഹാസ ഡാൻസർ പ്രഭുദേവയാണ് ഈ ചിത്രത്തിൽ മമ്മൂട്ടിയുടെ നൃത്തച്ചുവടുകൾ കൊറിയോഗ്രാഫി ചെയ്തത്. മമ്മൂട്ടി നൃത്തം ചെയ്തിട്ടുള്ള അപൂർവം ചില ചിത്രങ്ങളിൽ ഏറ്റവും മികച്ച നൃത്ത രംഗങ്ങളിൽ ഒന്നായി ജോണിവാക്കറിലെ ‘ശാന്തമീ രാത്രി’ എന്ന് തുടങ്ങുന്ന ഗാനത്തിലെ നൃത്തരംഗങ്ങൾ വിലയിരുത്തപ്പെടുന്നു. ചിത്രം റിലീസ് ചെയ്തിട്ട് 27 വർഷങ്ങൾ പിന്നിടുമ്പോൾ ജോണിവാക്കറിന്റെ രണ്ടാം ഭാഗത്തിനായി ജയരാജ് ഒരുങ്ങുന്നു എന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. മമ്മൂട്ടി മരിക്കുന്നതാണ് ജോണിവാക്കറിന്റെ ക്ലൈമാക്സ്. രണ്ടാംഭാഗത്തിൽ എന്നാൽ മമ്മൂട്ടി ആയിരിക്കില്ല നായകനായി എത്തുക. ചിത്രത്തിൽ മമ്മൂട്ടിയുടെ സഹായിയായിരുന്ന കുട്ടപ്പായി എന്ന കഥാപാത്രത്തിലൂടെ ജോണിവാക്കർ രണ്ടാംഭാഗം ഒരുക്കാനാണ് സംവിധായകൻ ജയരാജ് തീരുമാനിച്ചിരിക്കുന്നത് എന്നാണ് സൂചനകൾ.

ജൂനിയർ ജോണിവാക്കർ ആകാൻ ജയരാജ് ആദ്യം സമീപിച്ചത് ദുൽഖർ സൽമാനെ ആയിരുന്നുവെന്നും എന്നാൽ മമ്മൂട്ടി ചെയ്തുവെച്ച സിനിമകളുടെയും കഥാപാത്രങ്ങളുടെയും തുടർച്ച ചെയ്യാൻ തനിക്ക് താൽപര്യമില്ല എന്ന് പറഞ്ഞ ദുൽഖർ ഒഴിഞ്ഞുമാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.എന്തായാലും ജൂനിയർ ജോണിവാക്കറുമായി മുന്നോട്ടുപോകാൻ തീരുമാനിച്ചിരിക്കുന്ന ജയരാജ് കുട്ടപ്പായി എന്ന കഥാപാത്രത്തിന് യോഗ്യനായുള്ള ഒരു താരത്തെ അന്വേഷിച്ചുകൊണ്ടിരിക്കുകയാണ് എന്നാണ് അറിയാൻ കഴിയുന്നത്. രണ്ട് പതിറ്റാണ്ടുകൾക്കപ്പുറം ഒരു ചിത്രത്തിന്റെ രണ്ടാം ഭാഗം അണിയറയിലൊരുങ്ങുന്നു എന്ന വിവരം പ്രേക്ഷകരിൽ വളരെ വലിയ ആകാംക്ഷയാണുണർത്തിയിരിക്കുന്നത്.