മമ്മൂക്ക വിളമ്പി തന്ന ബിരിയാണിയാണ്, ജീവിതത്തില്‍ കഴിച്ചതില്‍ വച്ച് ഏറ്റവും സ്വാദേറിയത് !!! കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതി- ബിബിന്‍ ജോര്‍ജിന്റെ കുറിപ്പ്

സിനിമാലൊക്കേഷനില്‍ സഹപ്രവര്‍ത്തകര്‍ക്കൊപ്പം വലിപ്പ ചെറുപ്പമില്ലാതെ ബിരിയാണി വിളമ്പി പങ്കുവയ്ക്കുന്ന മെഗാസ്റ്റാര്‍ മമ്മൂക്കയെ ആരാധകരും സിനിമാക്കാരും ഇതിനു മുമ്പും കണ്ടിട്ടുണ്ടാകും. താരത്തിന്റെ പുറത്തിറങ്ങാനിരിക്കുന്ന ഏറ്റവും പുതിയ ചിത്രം ഷൈലോക്കിന്റെ ലൊക്കേഷനിലും പതിവ് കാഴ്ച നടന്നിരിക്കുകയാണ്. ഷൈലോക്കിന്റെ ഷൂട്ടിങ് കോയമ്പത്തൂര്‍ വച്ച് നടന്ന ദിവസമാണ് താരം മൊഹബത്തില്‍ പൊതിഞ്ഞ് ബിരിയാണി സഹ പ്രവര്‍ത്തകര്‍ക്ക് വിളമ്പിയത്. ഈ വിശേഷം ആരാധകര്‍ക്കായി പങ്കുവച്ചത് നടനും തിരക്കഥാകൃത്തുമായ മലയാളത്തിന്റെ പ്രിയ താരം ബിബിന്‍ ജോര്‍ജ് ആണ്.

ജീവിതത്തില്‍ കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഇന്ന് കഴിച്ചതെന്നും ഈ സ്വാദിന്റെ പ്രാധാന കാരണം അത് മമ്മൂക്കയുടെ സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതിനാലാണെന്നുമാണെന്ന് ബിബിന്‍ കുറിച്ചു. മമ്മൂക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ടു മുതല്‍ക്കെ അറിഞ്ഞിട്ടുണ്ടെന്നും അത് കഴിക്കാനുള്ള ഭാഗ്യം തനിക്ക് ഇപ്പോഴാണ് ഉണ്ടായതെന്നും എഴുതി ചേര്‍ത്ത് ശേഷം ദുല്‍ഖറിന്റെ ചിത്രത്തിന്റെ ഡയലോഗ് കടമെടുത്ത് ‘കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതി’ എന്നു കൂടെ കൂട്ടിചേര്‍ത്ത് താരം കുറിപ്പ് അവസാനിപ്പിച്ചു.

കുറിപ്പ് വായിക്കാം:

കഴിച്ചതില്‍ വെച്ച് ഏറ്റവും സ്വാദുള്ള ബിരിയാണിയാണ് ഞാന്‍ ഇന്ന് കഴിച്ചത്. അതിന് ഇത്രയും സ്വാദ് കൂടാനുള്ള കാരണം, അത് നമ്മുടെ മമ്മൂക്ക സ്വന്തം കൈ കൊണ്ട് വിളമ്പി തന്നതുകൊണ്ടാണ് …
മമ്മുക്കയുടെ എല്ലാ സെറ്റിലും വിളമ്പുന്ന ബിരിയാണിയെ പറ്റി പണ്ട് മുതല്‍ ഒരുപാട് കേട്ടിട്ടുണ്ട്. ഇന്ന്, അത് കഴിക്കാനുള്ള ഭാഗ്യവും ഉണ്ടായി…ഇവിടെ ദുല്‍ഖറിന്റെ പടത്തിലെ ഡയലോഗ് കടം ഇടുക്കുന്നു ‘കഴിക്കുന്ന ആളിന്റെ മനസ്സ് നിറയ്ക്കാന്‍ അതില്‍ കുറച്ച് മൊഹബത്ത് ചേര്‍ത്താല്‍ മതി’