ഇരു സൂപ്പർതാരങ്ങളും നിലവിലിപ്പോൾ ഈ അപൂർവ്വ റെക്കോർഡ് പങ്കിടുകയാണ് !! എന്നാൽ അടുത്ത വർഷം ആ നേട്ടം മമ്മൂട്ടിയുടെ പേരിൽ മാത്രമാകും…

മലയാളത്തിലെ രണ്ട് സൂപ്പർ താരങ്ങൾ ഒരുപോലെ ഒരു അപൂർവ്വ റെക്കോർഡ് പങ്കിടുകയായിരുന്നു നാളിതുവരെ. മമ്മൂട്ടിയും മോഹൻലാലും മലയാളസിനിമയുടെ നെടുംതൂണുകളായി നിലനിൽക്കുമ്പോൾ ഇരുവരും അപൂർവമായ ഒരു നേട്ടം കൈവരിച്ചിരുന്നു. ഒരു നായകകഥാപാത്രത്തെ ഏറ്റവും കൂടുതൽ സിനിമകളിൽ അവതരിപ്പിച്ചു എന്ന നേട്ടമാണത്. മമ്മൂട്ടിയുടെ സേതുരാമയ്യർ കഥാപാത്രവും മോഹൻലാലിന്റെ മേജർ മഹാദേവൻ എന്ന കഥാപാത്രവും നാല് സിനിമകളിലാണ് ഇതുവരെ വന്നിട്ടുള്ളത്. ഇത് ഇന്ത്യൻ സിനിമയിലെ തന്നെ മറ്റൊരു താരങ്ങൾക്ക് അവകാശപ്പെടാൻ കഴിയാത്ത അപൂർവ്വമായ ഒരു നേട്ടം തന്നെയാണ്. ഇരുവരുടേയും നാല് ചിത്രങ്ങളും ബോക്സ് ഓഫീസിൽ വൻ വിജയം നേടിയവയുരുമായിരുന്നു. മേജർ രവിയുടെ സംവിധാനത്തിൽ കീർത്തിചക്ര എന്ന ചിത്രത്തിലാണ് മേജർ മഹാദേവനായി മോഹൻലാൽ ആദ്യം പ്രത്യക്ഷപ്പെട്ടത്. പിന്നീട് കുരുക്ഷേത്ര, കാണ്ഡഹാർ എന്ന ചിത്രങ്ങളിലൂടെ മോഹൻലാൽ മഹാദേവനെ വീണ്ടും അവതരിപ്പിച്ചു. പിന്നീട് മേജർ രവിയുടെ തന്നെ സംവിധാനത്തിൽ 1971 ബിയോണ്ട് ദ ബോർഡർ എന്ന ചിത്രം പുറത്തുവന്നതോടെ മമ്മൂട്ടിയുടെ സിബിഐ ചിത്രങ്ങളുടെ എണ്ണത്തിനൊപ്പം എത്തിയിരുന്നു മോഹൻലാലിന്റെ മേജർ മഹാദേവൻ എന്ന കഥാപാത്രവും. എന്നാൽ സിബിഐ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിലൂടെ തന്റെ ഏറ്റവും പ്രിയപ്പെട്ട നായക കഥാപാത്രവുമായി മെഗാസ്റ്റാർ കുതിപ്പ് തുടരുകയാണ്.1988ൽ പുറത്തിറങ്ങിയ ഒരു സിബിഐ ഡയറിക്കുറിപ്പ് എന്ന ചിത്രത്തിലൂടെയാണ് ആദ്യമായി മമ്മൂട്ടി സേതുരാമയ്യറിനെ അവതരിപ്പിച്ചത്.

പിന്നീട് പുറത്തുവന്ന ജാഗ്രത, സേതുരാമയ്യർ സിബിഐ, നേരറിയാൻ സിബിഐ തുടങ്ങിയ ചിത്രങ്ങളിലൂടെ കരുത്തുറ്റ സേതുരാമയ്യർ എന്ന കഥാപാത്രത്തിലൂടെ മമ്മൂട്ടി പ്രേക്ഷകരെ വിസ്മയിപ്പിച്ചു. ഇപ്പോഴിതാ ചിത്രത്തിന്റെ അഞ്ചാം ഭാഗത്തിന്റെ അണിയറ പ്രവർത്തനങ്ങൾ ആരംഭിച്ചിരിക്കുകയാണ്. ഈ ചിത്രം പുറത്തിറങ്ങുന്നതോടെ ഇന്ത്യയിൽ ഒരു നായക കഥാപാത്രത്തെ ഏറ്റവും കൂടുതൽ സിനിമയിലൂടെ അവതരിപ്പിച്ചു എന്ന അപൂർവനേട്ടം മമ്മൂട്ടി കൈവരിക്കും. രണ്ടു സൂപ്പർ താരങ്ങൾ ഒരുപോലെ പങ്കിടുന്ന അപൂർവ്വ നേട്ടം അതോടെ മമ്മൂട്ടിയുടെ പേരിൽ മാത്രമാകും. എന്നാൽ മേജർ മഹാദേവൻ എന്ന കഥാപാത്രമായി മോഹൻലാൽ ഒന്നുകൂടി എത്തുകയാണെങ്കിൽ ഈ അപൂർവ്വ നേട്ടം ഇരു സൂപ്പർ താരങ്ങളുടെയും പേരിലാകും.