“മോഹൻലാൽ തന്റെ ആദ്യ ചിത്രത്തെക്കുറിച്ച് എവിടെയും തുറന്നു പറയുന്നു എന്നാൽ അനൂപ് മേനോൻ അങ്ങനെയല്ല” ; വിമർശനവുമായി സംവിധായകൻ വിനയൻ രംഗത്ത്

മലയാള സിനിമയിലേക്ക് ഒട്ടനവധി കഥാപാത്രങ്ങളിലൂടെ നിരവധി താരങ്ങളെ സമ്മാനിച്ച സൂപ്പർഹിറ്റ് സംവിധായകനാണ് വിനയൻ. ദിലീപ്, കലാഭവൻ മണി, ജയസൂര്യ തുടങ്ങി നിരവധി താരങ്ങൾക്ക് കരിയറിലെ തന്നെ മികച്ച സിനിമകൾ സമ്മാനിക്കാനും വിനയന് സാധിച്ചിട്ടുണ്ട്. അദ്ദേഹമിപ്പോൾ അനുപ് മേനോനെതിരെ ഒരു പരാമർശം നടത്തിയിരിക്കുകയാണ്. അദ്ദേഹത്തിന്റെ സംവിധാനത്തിൽ പുറത്തിറങ്ങിയ കാട്ടുചെമ്പകം എന്ന സിനിമയിലൂടെ മലയാള സിനിമയിലേക്ക് അരങ്ങേറ്റം കുറിച്ച അനൂപ് മേനോൻ ഇപ്പോൾ ആ ചിത്രത്തെ കുറിച്ച് യാതൊരു പരാമർശവും എവിടെയും നടത്തുന്നില്ല എന്നാണ് വിനയന്റെ പരാതി. കാട്ടുചെമ്പകം എന്ന സിനിമയിൽ അനൂപ് മേനോൻ അവതരിപ്പിച്ച കഥാപാത്രം ഒരു ആദിവാസി യുവാവിന്റെതായിരുന്നു ധാരാളം സാഹസികത നിറഞ്ഞ രംഗങ്ങളിലൂടെ ആയിരുന്നു ആ കഥാപാത്രം കടന്നു പോകേണ്ടി വന്നത്. റോപ്പ് സീനുകളും ആക്ഷൻ സീനുകളും ധാരാളമുള്ള ആ കഥാപാത്രത്തിന് യോഗ്യനായ ഒരു താരത്തെ മലയാളസിനിമയിൽ നിന്ന് കണ്ടെത്താൻ വിനയന് കഴിഞ്ഞിരുന്നില്ല. എന്നാൽ യാദൃശ്ചികമായി സീരിയൽ രംഗത്ത് നിന്നും അനൂപ് മേനോനെ വിനയൻ കണ്ടെത്തുകയായിരുന്നു. വളരെ വെല്ലുവിളി നിറഞ്ഞ കഥാപാത്രത്തെ അനൂപ് മേനോൻ അതിമനോഹരമായി തന്നെ അവതരിപ്പിച്ചു. എന്നാൽ ചിത്രം ബോക്സ് ഓഫീസിൽ തകർന്നടിയുകയാണ് ഉണ്ടായത്. ആ ചിത്രത്തിലൂടെ മലയാളികൾക്ക് പ്രിയപ്പെട്ടവനായി മാറിയ അനൂപ് മേനോൻ നിരവധി ചിത്രങ്ങളിലൂടെ മലയാള സിനിമയിൽ സജീവമായി നിലകൊണ്ടു. പിന്നീട് ഗായകനായും തിരക്കഥാകൃത്തായും അദ്ദേഹത്തിന് മികച്ച ഒരു കരിയർ തന്നെ മലയാളത്തിൽ ലഭിച്ചു.

എന്നാൽ തന്റെ ആദ്യ ചിത്രം കാട്ടുചെമ്പകം ആണെന്ന് തുറന്നുപറയാൻ അനൂപ്മേനോനും വലിയ മടിയാണ് എന്ന് സംവിധായകൻ വിനയൻ ചൂണ്ടിക്കാട്ടുന്നു. ആ ചിത്രം പരാജയം ആയതു കൊണ്ടാണ് അയാൾ ഇങ്ങനെ ചെയ്യുന്നത് എന്നും എന്നാൽ മോഹൻലാൽ ഈ കാര്യത്തിൽ വളരെ വ്യത്യസ്തമാണെന്നും വിനയൻ പറയുന്നു. മോഹൻലാൽ ആദ്യമായി അഭിനയിച്ച തിരനോട്ടം എന്ന ചിത്രം തിയറ്ററുകളിൽ പ്രദർശനത്തിനു പോലും എത്തിയിരുന്നില്ല. എങ്കിലും ഒട്ടും മടി കൂടാതെ മോഹൻലാൽ ആദ്യമായി അഭിനയിച്ച ചിത്രം തിരനോട്ടം ആണെന്ന് അദ്ദേഹം പല വേദികളിലും പലപ്പോഴും പറഞ്ഞിട്ടുണ്ട്. അദ്ദേഹം രണ്ടാമതായി അഭിനയിച്ച് സൂപ്പർ ഹിറ്റായി മാറിയ മഞ്ഞിൽ വിരിഞ്ഞ പൂവ് എന്ന ചിത്രം ഉള്ളപ്പോഴും തിയേറ്ററുകളിൽ പോലും എത്താത്ത ഒരു ചിത്രമാണ് താൻ അഭിനയിച്ച ആദ്യ ചിത്രംഎന്ന് തുറന്നു പറയാൻ അദ്ദേഹം കാട്ടുന്ന ആർജവം അനൂപ് മേനോനെ പോലുള്ളവർക്ക് ഇല്ല എന്നാണ് സംവിധായകൻ വിനയൻ തുറന്നു പറയുന്നത്.