“ഭീഷണികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് ഒരാളെ തളർത്താനുള്ള ശ്രമങ്ങളോട് ഒരുതരത്തിലും യോജിക്കാനാവില്ല” ഷെയിൻ നിഗത്തിന് അനുകൂലമായി പ്രതികരിച്ചു കൊണ്ട് സംവിധായകൻ പി ജി പ്രേംലാൽ.

സമീപകാലത്ത് മലയാള സിനിമയിൽ നടന്ന വലിയ വിവാദമാണ് വിഷയമാണ് ഷെയിൻ നിഗത്തിന്റെ പേരിൽ ഉണ്ടായ വിവാദങ്ങൾ.ഷെയിനിനെയും ജോബി ജോർജിനെയും അനുകൂലിച്ചും പ്രതികൂലിച്ചും ധാരാളം പ്രമുഖർ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ സംവിധായകൻ പി ജി പ്രേംലാൽ ഷെയിനിന് പിന്തുണ അറിയിച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ്.ഷെയിനിന്റെ പിതാവ് അബിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന അദ്ദേഹം അതേ സൗമ്യത ഷെയിനിലും ഉണ്ടെന്ന് പറയുന്നു. അദ്ദേഹത്തിന്റെ ഫേസ്ബുക്ക് കുറിപ്പ് ചില പ്രസക്തഭാഗങ്ങൾ ഇതാ: “ഒന്നര മണിക്കൂറിനുള്ളിൽ ഷൂട്ട് തീർന്നു. പോകാൻ നേരം ഞാൻ അബിക്കയെ കെട്ടിപ്പിടിച്ച് ‘താങ്ക്സ്’ പറഞ്ഞു. “ഓ..അതൊക്കെ അങ്ങനെ കെടക്കും, ഭായ് ” എന്ന് നിറചിരിയോടെ പറഞ്ഞ് പുള്ളിക്കാരൻ പോയി.ഒരാഴ്ച കഴിഞ്ഞ് എറണാകുളത്ത് റിയാൻ സ്റ്റുഡിയോയിൽ ഡബ്ബിംഗ് നടക്കുന്നു. രാത്രി ഒരു 11 മണിയോടെ തന്റെ ഭാഗം ഡബ്ബ് ചെയ്ത് അബിക്ക മടങ്ങി. പുള്ളി അഭിനയിക്കാത്ത മറ്റൊരു പരസ്യത്തിന്റെ ബ്രാൻഡ് അനൗൺസ്മെന്റ് കൂടി റെക്കോർഡുചെയ്തു തീർക്കാനുണ്ടായിരുന്നു. അതിന് ശബ്ദം കൊടുക്കേണ്ട ആൾ അപ്പോഴും എത്തിച്ചേർന്നിരുന്നില്ല. വിളിച്ചിട്ട് ഫോൺ എടുക്കുന്നുമില്ല. പിറ്റേന്ന് പുലർച്ചെ ,എനിക്ക് മദ്രാസിലേയ്ക്ക് പോകേണ്ടതുമുണ്ട്.

“വേറെയാരെ വിളിക്കും” എന്ന് ഞാൻ സൗണ്ട് എഞ്ചിനീയറോട് ചോദിച്ചു. സമയം രാത്രി 12 മണിയാണ്, ഈ നേരത്ത് ആരു വരുമെന്ന് പുള്ളി സന്ദേഹിച്ചു. എന്തോ ഒരു തോന്നലിൽ ഞാൻ അബിക്കയെ വിളിച്ചു. കാര്യം കേട്ടുകഴിഞ്ഞ് പുള്ളി പറഞ്ഞു, “ഞാൻ കുറച്ചു ദൂരമിങ്ങു പോന്നു. ഒരു അര മണിക്കൂറെടുക്കും അങ്ങോട്ടെത്താൻ. ഓക്കെയാണോ?”. ആ പാതിരാത്രിയിൽ അബിക്ക വീണ്ടുമെത്തി. രണ്ടുവരി വാചകം ഡബ്ബ് ചെയ്തു. മടങ്ങുമ്പോൾ ഞാൻ വീണ്ടും കെട്ടിപ്പിടിച്ചു, ‘താങ്ക്സി’ൽ കുളിപ്പിച്ചു. “ഓ.. ഇതിനൊക്കെ ഇപ്പൊ എന്താ ഭായ്..”എന്ന് അബിക്ക ചിരിച്ചു.അന്ന് അബിക്കയിൽ കണ്ട ആ സൗമ്യതയും വിനയവും ഷെയ്ൻ നിഗമിലും കാണാൻ കഴിഞ്ഞിട്ടുണ്ട്. പുതുതലമുറയിലെ , ഏറ്റവുംവലിയ പ്രതീക്ഷകളുണർത്തുന്ന ഒരു ചെറുപ്പക്കാരൻ..! പാളിച്ചകൾ ഉണ്ടായിട്ടുണ്ടാകാം. പക്ഷേ, ഭീഷണികളും അസഭ്യപ്രയോഗങ്ങളും കൊണ്ട് അങ്ങനെയൊരാളെ തളർത്താനുള്ള ശ്രമങ്ങളോട് ഒരുതരത്തിലും യോജിക്കാനാവില്ല.

സംവിധായകൻ പി ജി പ്രേംലാൽ

“ഒരു കാര്യം എല്ലാവരും മനസ്സിലാക്കേണ്ടതുമുണ്ട്.സിനിമയിൽ ഒരു നടൻ ഒരു സിനിമയ്ക്ക് കൊടുത്ത ഡേറ്റ് മാറിപ്പോകുന്നത് മലയാളസിനിമയിൽ ഇതാദ്യമായിട്ടല്ല. ഇന്നത്തെ സീനിയറും ജൂനിയറുമൊക്കെയായിട്ടുള്ള താരങ്ങളുടെ ആദ്യകാല സിനിമകളിൽ പലതിന്റെയും നിർമ്മാതാക്കൾക്കും സംവിധായകർക്കും പ്രൊഡക്ഷൻ കൺട്രോളർമാർക്കുമൊക്കെ അങ്ങനെ എത്രയെത്ര കഥകൾ പറയാനുണ്ടാകും!! അത്തരം പല അനുഭവങ്ങളും തലമുതിർന്ന ചലച്ചിത്രപ്രവർത്തകരിൽ നിന്നു നേരിട്ടുകേട്ടിട്ടുള്ള അനുഭവമുണ്ട്.അക്കാലത്ത് ഈ സോഷ്യൽ മീഡിയയൊന്നും ഇല്ലാതിരുന്നതുകൊണ്ട് സംഗതികൾ നാടാകെ പരക്കുംവിധം ‘വൈറൽ’ ആയിരുന്നില്ലെന്നു മാത്രം.എന്തിന്, ഇപ്പോൾപ്പോലും അങ്ങനെയൊക്കെ നടക്കുന്നില്ലെന്ന് കരുതുന്നുണ്ടോ? അതൊക്കെ സീനാക്കി ചളമാക്കാതെ, ചർച്ചകളിലൂടെ പരിഹരിക്കപ്പെട്ടുപോകുന്നതുകൊണ്ട് ആരും അറിയുന്നില്ലന്നേ ഉള്ളൂ.സിനിമ ഒരുപാടു മനുഷ്യർ, ആത്മാഭിമാനവും ഈഗോയുമൊക്കെയുള്ള മനുഷ്യർ എന്ന് എടുത്തു പറയണം, കൂട്ടായി പ്രവർത്തിക്കുന്ന ഒരു മേഖലയാണ്. അവിടെ ഭീഷണിപ്രയോഗങ്ങളും വെല്ലുവിളികളും അസഭ്യവർഷവുമൊക്കെ അംഗീകരിക്കാവുന്ന കാര്യങ്ങളേയല്ല.”