“ആസിഫ് അലി” സിനിമയിൽ 10 വർഷങ്ങൾ പൂർത്തിയാക്കിയിരിക്കുന്നു !! വില്ലനായും സഹനടനായും സിനിമയിൽ സജീവമായ നടൻ. വീഴ്ച-താഴ്ച്ചകൾക്കൊടുവിൽ പിന്നീട് മോളിവുഡിലെ മുഖ്യധാരാ നായകൻമാരിൽ ഒരാളായി മാറി…

മോളിവുഡിലെ മുൻനിര നായകന്മാർക്കൊപ്പം എണ്ണപ്പെടുന്ന ആസിഫ് അലി എന്ന യുവതാരം തന്റെ സിനിമാജീവിതത്തിലെ പത്തുവർഷങ്ങൾ പൂർത്തിയാക്കിക്കഴിഞ്ഞു. സിനിമാ പാരമ്പര്യമോ മറ്റ് പ്രൗഢഗംഭീരമായ മേന്മകൾ ഒന്നും തന്നെ അവകാശപ്പെടാതെ ചെറിയ രീതിയിൽ മലയാള സിനിമാ ലോകത്തേക്ക് പിച്ച വച്ചു കയറിയ ഈ തൊടുപുഴക്കാരൻ 2009ൽ തുടങ്ങിയ സിനിമ ജീവിതം 2019 എത്തിനിൽക്കുമ്പോൾ 65ൽ പരം ചിത്രങ്ങളിലാണ് അഭിനയിച്ചത്. ശ്യാമപ്രസാദ് എന്ന അതുല്യ സംവിധായകൻ കണ്ടെത്തിയ ഈ യുവ പ്രതിഭ പിന്നീട് മലയാള സിനിമാ ലോകത്തെ വലിയൊരു മുതൽക്കൂട്ടാവുകയായിരുന്നു. ‘ഋതു’ എന്ന ആദ്യചിത്രത്തിൽ വളരെ മികച്ച പ്രകടനം കാഴ്ചവച്ച ആസിഫ് അലി മാറിയ യുവത്വത്തിന്റെ അഭിനയ ശൈലിയാണ് പരീക്ഷിച്ചത്. വളരെ പക്വതയോടെ തനതായ ശൈലിയിൽ അഭിനയം തുടർന്ന് ആസിഫ് അലി മറ്റൊരു താരങ്ങളുടെയും പിൻമുറക്കാരനായി വാഴ്ത്തപ്പെട്ടില്ല. അദ്ദേഹം തന്റെ ആയ നാച്ചുറൽ ആക്ടിങ് ശൈലിയിൽ മലയാള സിനിമയിൽ ശോഭിച്ചു കൊണ്ടിരുന്നു. വില്ലനായും സഹനടനായും സഹനായകനായും ചുവടുറപ്പിച്ച ആസിഫ് ‘സോൾട്ട് ആൻഡ് പേപ്പർ’ എന്ന് ആഷിക് അബു ചിത്രത്തിലൂടെ മുഖ്യധാരയിൽ വളരെ ഏറെ ശ്രദ്ധിക്കപ്പെട്ടു. പിന്നീട് നായകനായി മുൻനിരയിലേക്ക് അദ്ദേഹം തന്റെതായ സ്ഥാനമുറപ്പിച്ചു. പിന്നീട് നല്ല സിനിമകൾ തിരഞ്ഞെടുക്കുന്നതിൽ വന്ന പിഴവ് കൊണ്ട് മിക്ക ആസിഫലി ചിത്രങ്ങളും തിയേറ്ററുകളിൽ പരാജയം ഏറ്റുവാങ്ങി. എങ്കിലും പുതിയ പ്രമേയങ്ങൾ പരീക്ഷിച്ചു കൊണ്ട് വലിയ തിരിച്ചു വരവുകൾ നടത്തി അദ്ദേഹം മലയാളികളുടെ പ്രിയപ്പെട്ട നായക നടന്മാരിൽ ഒരാളായി.

ഒരു സാധാരണക്കാരനിൽ ഉണ്ടാവുന്ന സിനിമ മോഹമായിരുന്നു ആസിഫ് അലിയിലും ഉണ്ടായിരുന്നത്. ചെറുപ്പം മുതലേ ധാരാളം സിനിമകൾ കണ്ടിരുന്ന ആസിഫിനെ സിനിമകൾ തന്നെയായിരുന്നു പ്രചോദനം. ബിരുദ പഠനം പാതിവഴിയിൽ ഉപേക്ഷിച്ച് പരസ്യ ചിത്രങ്ങളിലെ മോഡലായും വീഡിയോ ജോക്കിയായും അദ്ദേഹം തന്റെ സിനിമയെ സ്വപ്നങ്ങൾക്ക് വേണ്ടി പരിശ്രമിച്ചുകൊണ്ടിരുന്നു. ഇതിനിടയിൽ ആൽബം ചിത്രങ്ങളിൽ അഭിനയിക്കുകയും നിരവധി പരിശ്രമങ്ങൾ നടത്തിക്കൊണ്ടിരുന്നു അദ്ദേഹം. ഒടുവിൽ ശ്യാമപ്രസാദ് എന്ന സംവിധായകൻ കണ്ടെത്തുന്നതുവരെയെ അത്തരം പ്രശ്നങ്ങൾ ഉണ്ടായിരുന്നുള്ളൂ. പിന്നീട് പ്രതിഭാധനന്മാരായ സിബി മലയിൽ, സത്യൻ അന്തിക്കാട്, ആഷിക് അബു, തുടങ്ങി പ്രമുഖ സംവിധായകരുടെ ബെസ്റ്റ് സെലക്ഷനായി ആസിഫ് അലി മാറി.

ഇന്ന് ആസിഫ് അലി യുവാക്കളുടെ ഹരമാണ് എന്നുതന്നെ വിശേഷിപ്പിക്കാം. അദ്ദേഹത്തിന്റെതായി പുറത്തിറങ്ങുന്ന ഓരോ ചിത്രങ്ങൾക്കും പ്രത്യേക ഫാൻസ് ഷോകളും ഊർജ്ജസ്വലതയോടെ പ്രവർത്തിക്കുന്ന ആസിഫ് അലി ഫാൻസ് അസോസിയേഷനുകളും ആസിഫ് അലി എന്ന നടനെ ഒരു താരം ആക്കിയിരിക്കുന്നു എന്നതിന്റെ തെളിവാണ്. പെരുമാറ്റത്തിലെ ലാളിത്യവും അഭിനയത്തിന്റെ സ്വാഭാവികതയും കൊണ്ട് അദ്ദേഹം മറ്റുള്ള നടന്മാരിൽ നിന്നും വേറിട്ടുനിൽക്കുന്നു. വീഴ്ച കാഴ്ചകളിൽ നിന്ന് വലിയ പാഠങ്ങൾ ഉൾക്കൊണ്ട് അദ്ദേഹം മലയാള സിനിമയിൽ സജീവ സാന്നിധ്യമായി വിജയകരമായി സിനിമ ജീവിതം മുന്നോട്ടു കൊണ്ടു പോകുന്നു. അണ്ടർവേൾഡ്, കെട്ട്യോളാണെന്റെ മാലാഖ, കുഞ്ഞെൽദോ എന്നീ ചിത്രങ്ങളാണ് ആസിഫ് അലി നായകനായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങൾ. പത്തുവർഷങ്ങൾ 65 പരം സിനിമകൾ ആസിഫ് അലി എന്ന നടൻ ഇപ്പോൾ പ്രേക്ഷകരുടെ പ്രിയപ്പെട്ട താരമായി ശോഭിക്കുകയാണ്. ആ പ്രഭ എന്നും നിലനിൽക്കട്ടെ ആശംസിക്കുന്നു…