“The Most Celebrated Day In Mollywood” ; മോഹൻലാൽ മുതൽ എല്ലാവരും മമ്മൂക്കയ്ക്ക് ജന്മദിനാശംസകൾ നേരാൻ മുൻപന്തിയിൽ ! “സർവ്വം മമ്മൂട്ടി മയം” ! #HappyBirthdayMammookka

68-ന്റെ നിറവിൽ എത്തിനിൽക്കുന്ന മലയാളത്തിന്റെ നടനവസന്തം മമ്മൂട്ടിയുടെ ജന്മദിനം മോളിവുഡിലെ ഏറ്റവും വലിയ ആഘോഷമാക്കി തീർത്തുക്കൊണ്ട് സെലിബ്രിറ്റികളും പ്രേക്ഷകരും മമ്മൂട്ടിക്ക് ആശംസകൾ നേരുന്ന പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയ്ക്കുകയാണ്. മത്സരിച്ചാണ് ഓരോരുത്തരും മലയാളത്തിന്റെ മഹാനടന് ജന്മദിനാശംസകൾ നേരുന്നത്. മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, നിവിൻ പൊളി, ആസിഫ് അലി, റഹ്മാൻ, ശ്രീനാഥ് ഭാസി തുടങ്ങിയ മുൻനിര നായകന്മാരും, മഞ്ജു വാര്യർ, നയൻതാര, അനു സിത്താര, മീന എന്നിവരടങ്ങിയ നായികമാരുടെ നിരയും, പിന്നെ പറഞ്ഞു തുടങ്ങിയാൽ തീരാത്തത്ര താരങ്ങളും ആസ്വാദകരും മമ്മൂട്ടിക്ക് ആശംസകൾ അറിയിക്കുന്ന തിരക്കിലാണ്. മമ്മൂട്ടി ആരാധകർ ഇന്ന് ഏറെ ആവേശം കൊള്ളുന്ന ദിവസമാണ്. കൗതുകകരമായ കാര്യം എന്തെന്നാൽ സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും സർവ്വം മമ്മൂട്ടി മയം. മോളിവുഡ് സാക്ഷ്യം വഹിച്ചിട്ടുള്ള ഏറ്റവും വലിയ ആഘോഷ ദിവസമായി മാറുകയാണ് സെപ്റ്റംബർ 7 എന്ന മമ്മൂട്ടി പിറന്ന മെഗാ ദിവസം.

മമ്മൂട്ടിക്ക് നേരിട്ട് ജന്മദിനാശംസകൾ നേരാൻ ആരാധകർ മമ്മൂട്ടിയുടെ വസതിക്ക് വെളിയിൽ എത്തി ആശംസകൾ നേർന്നുകൊണ്ട് ആരവം മുഴക്കിയിരുന്നു. കൊച്ചു കുട്ടിയെ വരെ തോളത്തിട്ട് അമ്മമാരും മറ്റു പെൺകുട്ടികളുമടക്കം ഒരു വലിയ ജനാവലി തന്നെയുണ്ടായിരുന്നു. വെളുപ്പിന് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ ഇത്ര വലിയ ഒരുകൂട്ടം കാത്തുനിന്ന വീഡിയോ സമൂഹമാധ്യമങ്ങളിൽ വൈറലാണ്. അതോടൊപ്പം മമ്മൂട്ടിയുടെ പുതിയ ചിത്രം ഗാനഗന്ധർവന്റെ ട്രെയിലർ വെളുപ്പിന് തന്നെ പുറത്തിറങ്ങി. മാമാങ്കം സിനിമയുടെ അപ്ഡേറ്റുകളും വരുന്നുണ്ട്. പുറത്തുവന്ന ഷൈലോക്ക് ലുക്ക്‌ ട്രെൻഡിങ് ആവുകയാണ്. അങ്ങനെ എല്ലാം കൊണ്ടും ഇന്നത്തെ ദിവസം മമ്മൂട്ടി അദ്ദേഹത്തിന്റെ പേരിൽ തീറെഴുതി വച്ചിരിക്കുന്ന പ്രതീതിയാണ്. മലയാളികൾക്ക് മമ്മൂട്ടി എന്ന നടൻ എത്രത്തോളം വിലമതിക്കാനാവാത്ത സമ്പത്താണ് എന്നതിന്റെ നേർ സാക്ഷ്യമാവുകയാണ് ഇന്നീ ദിവസം സെപ്റ്റംബർ 7.