ഇന്‍സ്ടാഗ്രാമില്‍ ദുല്‍ഖറിനൊപ്പം ഒരു ഫോട്ടോ അപ്ലോഡ് ചെയ്താല്‍ പിന്നെ ആര്‍ക്കും എന്നെ വേണ്ട…!!! കുഞ്ഞിക്കക്കയുടെ ജനപ്രീതി വെളിപ്പെടുത്തി സോനം കപൂര്‍

ബോളിവുഡിലും വലിയ സ്വീകാര്യതയാണ് മലയാളത്തിന്റെ സ്വന്തം കുഞ്ഞിക്കകയ്ക്ക് ലഭിക്കുന്നത്. പുതിയ ചിത്രം സോയ ഫാക്ടറിന്റെ ട്രെയ്‌ലറിനും, ഗാനങ്ങള്‍ക്കും ലഭിക്കുന്ന സ്വീകാര്യതയും ഇതു തന്നെയാണ് തെളിയിക്കുന്നത്. ഇപ്പോഴിതാ സോനം കപൂറും ഇക്കാര്യം തുറന്നു സമ്മിതിച്ചിരിക്കുകയാണ്. ദുല്‍ഖറിന് പ്രത്യേകിച്ച് പെണ്‍കുട്ടികള്‍ ഒട്ടേറെ പേര്‍ ആരാധകരായിട്ടുണ്ടെന്ന് സോനം സാക്ഷ്യപ്പെടുത്തുന്നു. ഇതിനായി ഇവര്‍ ചൂണ്ടിക്കാട്ടുന്നത് സ്വന്തം ഇന്‍സ്ടാഗ്രാം തന്നെയാണ്. എന്റെ ഇന്‍സ്ടാഗ്രാം തന്നെ എടുത്തു നോക്കു..ദുല്‍ഖറുമൊത്ത് ഒരു ഫോട്ടോ ഇട്ടാല്‍ പിന്നെ അതില്‍ വരുന്ന കമന്റുകള്‍ മുഴുവന്‍ ദുല്‍ഖറിനെപ്പറ്റി തന്നെയാണ്. ചിലപ്പോള്‍ തനിക്ക് തോന്നും ഇത് എന്റെ അക്കൗണ്ടാണോ, ദുല്‍ഖറിന്റെ അക്കൗണ്ടാണോ എന്ന്-സോനം പറഞ്ഞു. സോയ ഫാക്ടറിന്റെ പ്രെമോഷനുമായി ബന്ധപ്പെട്ട് പുറത്തിറങ്ങിയിരിക്കുന്ന വീഡിയോകളിലെ കമന്റ് ബോക്‌സില്‍ പോലും ഇതേ അവസ്ഥയാണ്.

ദുല്‍ഖറിന്റെ രണ്ടാമത് ബോളിവുഡ് ചിത്രമാണ് സോയ ഫാക്ടര്‍. ആദ്യ ചിത്രമായ കാര്‍വാന്‍ മികച്ച പ്രേക്ഷക നിരൂപക പ്രശംസ നേടിയിരുന്നു. അനൂജ ചൗഹാന്‍ എഴുതിയ പുസ്തകത്തിന്റെ സിനിമ ആവിഷ്‌കാരമായ ചിത്രം അഭിഷേക് ഷര്‍മ്മയാണ് സംവിധാനം ചെയ്തിരിക്കുന്നത്.