“അഴകിന്റെ പര്യായം എന്നാൽ വാപ്പച്ചി” : മമ്മൂട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് ദുൽഖർ സൽമാൻ എഴുതുന്നു.. #HappyBirthdayMammookka

മലയാളത്തിന്റെ നിത്യവിസ്മയം മെഗാസ്റ്റാർ മമ്മൂട്ടിയുടെ ജന്മദിനമാണ് ഇന്ന്. ഈ ദിവസം മോളിവുഡിലെ ഏറ്റവും വലിയ ആഘോഷ ദിവസമാക്കി തീർത്തുക്കൊണ്ട് സെലിബ്രിറ്റികളും പ്രേക്ഷകരും മമ്മൂട്ടിക്ക് ആശംസകൾ നേരുന്ന പോസ്റ്റുകളും ചിത്രങ്ങളും വീഡിയോകളും സോഷ്യൽ മീഡിയയിൽ നിറയ്ക്കുകയാണ്.  മത്സരിച്ചാണ് ഓരോരുത്തരും മലയാളത്തിന്റെ മഹാനടന് ജന്മദിനാശംസകൾ നേരുന്നത്.  മോഹൻലാൽ, ദുൽഖർ സൽമാൻ, പൃഥ്വിരാജ്, സുരേഷ് ഗോപി, കുഞ്ചാക്കോ ബോബൻ, നിവിൻ പൊളി തുടങ്ങിയ മുൻനിര നായകന്മാരും അനു സിത്താര, മീന പോലുള്ള നായികമാരും എന്നിങ്ങനെ പറഞ്ഞാൽ തീരാത്തത്ര എല്ലാവരും തന്നെ മമ്മൂട്ടിക്ക് ആശംസകൾ നേർന്നതിന്റെ കൗതുകത്തിലാണ്. ആരാധകർ ഇന്ന് ഏറെ ആവേശം കൊള്ളുന്ന ദിവസമാണ്. സോഷ്യൽ മീഡിയയിൽ എവിടെ നോക്കിയാലും സർവ്വം മമ്മൂട്ടി മയം. ഇക്കൂട്ടത്തിൽ വാപ്പച്ചിക്ക് ജൻമദിനാശംസകൾ നേർന്നുള്ള മകനും യുവതാരവുമായ ദുൽഖർ സൽമാന്റെ ഹൃദ്യമായ ഫെയ്സ്ബുക്ക് കുറിപ്പും അതോടൊപ്പം പങ്കുവച്ച ചിത്രവും പ്രേക്ഷകർ ഏറ്റെടുത്തു വൈറൽ ആക്കിയിരിക്കുകയാണ്.

ദുൽഖർ വാപ്പച്ചിക്കൊപ്പമുള്ള നല്ലൊരു സ്റ്റൈലൻ ചിത്രം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചുക്കൊണ്ട് ഇങ്ങനെ കുറിച്ചു..

“എന്റെ എല്ലാമെല്ലാമായ, ജീവിതത്തിനു തന്നെ കാരണമായ ആള്‍ക്ക് സന്തോഷ ജന്മദിനം നേരുന്നു. ഞങ്ങള്‍ക്കെന്നും പ്രോത്സാഹനമായി, സ്നേഹമായി, എല്ലാറ്റിനും സമയം കണ്ടെത്തുന്ന ആള്‍. യു ആര്‍ ദി ഗ്രേറ്റസ്റ്റ്. ഇതിഹാസം. എന്റെ വാപ്പിച്ചി.”– ദുൽഖർ എഴുതി.

മമ്മൂട്ടിക്ക് നേരിട്ട് ജന്മദിനാശംസകൾ നേരാൻ ആരാധകർ മമ്മൂട്ടിയുടെ വസതിക്ക് വെളിയിൽ എത്തി അതിരാവിലെ 12 മണിക്ക് ആരവം മുഴക്കിയിരുന്നു. കൊച്ചു കുട്ടിയെ വരെ തോളത്തിട്ട് അമ്മമാർ പെൺകുട്ടികളടക്കം വെളുപ്പിന് മമ്മൂട്ടിക്ക് പിറന്നാൾ ആശംസകൾ നേരാൻ കാത്തുനിന്ന വീഡിയോ ഏറെ വൈറലാണ്.  അതോടൊപ്പം മമ്മൂട്ടിയുടെ പുതിയ ചിത്രം ഗാനഗന്ധർവന്റെ ട്രെയിലർ വെളുപ്പിന് തന്നെ പുറത്തിറങ്ങി. മാമാങ്കം സിനിമയുടെ അപ്ഡേറ്റുകളും വരുന്നുണ്ട്. പുറത്തുവന്ന ഷൈലോക്ക് ലുക്ക്‌ ട്രെൻഡിങ് ആവുകയാണ്. അങ്ങനെ എല്ലാം കൊണ്ടും ഇന്നത്തെ ദിവസം മമ്മൂട്ടി അദ്ദേഹത്തിന്റെ പേരിൽ തീറെഴുതി വച്ചിരിക്കുന്ന പ്രതീതിയാണ്.  മലയാളികൾക്ക് മമ്മൂട്ടി എന്ന നടൻ എത്രത്തോളം വിലമതിക്കാനാവാത്ത സമ്പത്താണ് എന്നതിന്റെ നേർ സാക്ഷ്യമാവുകയാണ് ഇന്നീ ദിവസം.