നന്മമരം ഫിറോസ്‌ കുന്നുംപറമ്പിലിന്റെ ജീവിതം അഭ്രപാളികളിലേയ്ക്ക് !! നായകനായി ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം സെന്തിൽ കൃഷ്ണ !! ‘ഫിറോസ്’എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് ഉടൻ ആരംഭിക്കും…

ഫിറോസ് കുന്നംപറമ്പിൽ എന്ന പേര് സോഷ്യൽ മീഡികൾ ഉപയോഗിക്കുന്നവർ ഒരിക്കലെങ്കിലും കേട്ടിട്ടുണ്ടാവും. സാമൂഹ്യമാധ്യമങ്ങളുടെ സേവനത്തിൽ ചാരിറ്റി പ്രവർത്തനങ്ങളുടെ സാധ്യതകൾ ലോകത്തിന് പരിചയപ്പെടുത്തിയ യഥാർത്ഥ മനുഷ്യസ്നേഹിയുടെ ആൾരൂപമാണ് ഫിറോസ് കുന്നംപറമ്പിൽ. സമൂഹത്തിന് വലിയ പാഠമായി മാറിയിട്ടുള്ള ഈ മനുഷ്യന്റെ ജീവിത യാത്ര ഒരു മുഴുനീള മലയാളചലച്ചിത്രമായി മാറാൻ പോകുന്നു. നന്മയുടെ ജീവിതങ്ങൾ അഭ്രപാളികളിൽ എത്തിക്കുമ്പോൾ അതിലും വലിയ സാമൂഹ്യപ്രതിബദ്ധത മറ്റെന്താണുള്ളത്. ജീവിച്ചിരിക്കുന്ന അതും നിലവിൽ പ്രവർത്തന സജ്ജനായിരിക്കുന്ന ഒരു വ്യക്തിയുടെ ജീവിതം സിനിമയാക്കുന്നത് ഇത് ആദ്യമായിട്ടാവും. നവാഗതരായ നിതീഷ്, വിവേക് എന്നിവർ ചേർന്ന് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ‘ചാലക്കുടിക്കാരൻ ചങ്ങാതി’ എന്ന ചിത്രത്തിലൂടെ നായകനിരയിലേക്ക് വന്ന സെന്തിൽ കൃഷ്ണയാണ് ഫിറോസ് കുന്നുംപറമ്പിലായെത്തുന്നത്. പ്രമുഖ സംവിധായകൻ വിനയൻ സംവിധാനം ചെയ്ത ചാലക്കുടിക്കാരൻ ചങ്ങാതി എന്ന ചിത്രത്തിന് ശേഷം സെന്തിൽ കൃഷ്ണ നായകനായെത്തുന്ന ചിത്രമെന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്. സെന്തിലിനെ കൂടാതെ നിരവധി താരങ്ങൾ അണിനിരക്കുന്ന ഈ ചിത്രത്തിന് ‘ഫിറോസ്’ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. മനുഷ്യന് മനുഷ്യൻ തന്നെയാണ് ഏറ്റവും വലിയ ആശ്രയം എന്ന് തെളിയിക്കുന്ന പ്രവർത്തനങ്ങൾ, രോഗശയ്യയിൽ ഉള്ള രോഗികളെ അവർ നേരിടുന്ന സാമ്പത്തിക പ്രതിസന്ധികളെ ജനങ്ങളുടെ മുൻപിലേക്ക് എത്തിച്ചേർന്നു ജനങ്ങളിൽ നിന്നു തന്നെ പണപ്പിരിവ് നടത്തി നിർധനരായ രോഗികൾക്ക് തന്നെ നൽകിക്കൊണ്ട് അവരുടെ ജീവിതത്തിൽ വലിയ കൈത്താങ്ങാണ് ഫിറോസ് നടത്തുന്നത്.ഉപജീവനമാർഗ്ഗമായി മൊബൈൽ ഷോപ്പ് നടത്തിക്കൊണ്ടിരുന്ന ഫിറോസ് സമൂഹമാധ്യമങ്ങളിൽ സജീവമാകുന്നതിന് മുമ്പ് തന്നെ ജീവകാരുണ്യ പ്രവർത്തനങ്ങളിൽ നിരവധി സംഭാവനകളാണ് ചെയ്തിട്ടുള്ളത്. ഫിറോസിനെ പോലെ നല്ല മനസ്സുള്ള മലയാളികൾ അകമഴിഞ്ഞ് സാമ്പത്തികമായി സഹായം നൽകിയതോടെ തന്റെ കർമമണ്ഡലം ഇതാണ് തിരിച്ചറിഞ്ഞ് ഫിറോസ് ജീവിതത്തിന്റെ ഭൂരിഭാഗം സമയവും തന്റെ ചാരിറ്റി ചാനൽ എന്നവണ്ണം തന്റെ ഫേസ്ബുക് പേജ് ഉപയോഗിച്ച് ഇരുൾ നിറഞ്ഞ മറ്റുള്ളവരുടെ ജീവിതത്തിലേക്ക് വെളിച്ചമായി വീശാൻ തീരുമാനിച്ചു.

മൂന്നര ലക്ഷത്തിലധികം ആളുകളാണ് ഫിറോസിന്റെ ഫേസ്ബുക്ക് പേജിനെ പിന്തുടരുന്നത്. എന്നാൽ അടുത്തിടെയായി ഈ മനുഷ്യ സ്നേഹിയുടെ പ്രവർത്തനങ്ങളെ വിമർശിച്ചുക്കൊണ്ടും ഗുരുതരമായ ആരോപണങ്ങൾ മുൻനിർത്തിക്കൊണ്ടും നിരവധി പേരാണ് രംഗത്തെത്തിയത്. എന്നാൽ അതിനെയൊക്കെ പൂർണ്ണമായും വിശദീകരിച്ച് ചർച്ച ചെയ്ത് എല്ലാ ആരോപണങ്ങളും നേരിട്ടുകൊണ്ട് ഫിറോസ് കുന്നംപറമ്പിൽ തന്റെ സേവന ജീവിതം തുടരുകയാണ്. എത്ര ആരോപണങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഒന്നു പോലും മുഖ്യധാരയിൽ തെളിയിക്കാൻ വിമർശകർക്ക് ഇതുവരെയും കഴിഞ്ഞിട്ടില്ല. അദ്ദേഹത്തിന്റെ ജീവിതം പറയുന്ന സിനിമ അഭ്രപാളികളിൽ എത്തുമ്പോൾ അദ്ദേഹത്തെ വിമർശിക്കുന്നവർക്കും മറ്റും തക്കതായ മറുപടി ഉണ്ടാകുമെന്ന് പ്രതീക്ഷിക്കുന്നു. അടുപുലിയാട്ടം തോപ്പിൽ ജോപ്പൻ, ഉട്ടോപ്യയിലെ രാജാവ് തുടങ്ങിയ ബിഗ് ബജറ്റ് ചിത്രങ്ങളുടെ നിർമ്മാതാവ് നൗഷാദ് ആലത്തൂരാണ് സിനിമ നിർമ്മിക്കുന്നത്. മനുഷ്യത്വം തന്നെ ആൾരൂപമായ ഫിറോസ് കുന്നംപറമ്പിൽ ജീവിതത്തിൽ തീർത്തും ഒരു നന്മമരം തന്നെയാണെന്ന് ഈ ചിത്രം പുറത്തിറങ്ങുമ്പോൾ വിമർശകർക്ക് പോലും ഈ ചിത്രം പുറത്തിറങ്ങുമ്പോൾ വിമർശകർക്ക് പോലും മനസ്സിലാകും എന്നാണ് അണിയറ പ്രവർത്തകരുടെ വിശ്വാസം.