“മിസ്സ്‌ തൃശൂർ ആയി തിളങ്ങി നിന്നിരുന്ന ഡിനിയെ സധൈര്യം പ്രൊപ്പോസ് ചെയ്തു” ; പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ൽ കല്യാണം. രണ്ട് മക്കൾ : ഷാജോൺ പറയുന്നു..

മിമിക്രി പശ്ചാത്തലത്തിൽ നിന്ന് മലയാള സിനിമയിലെത്തി, പിന്നീട് സിനിമയിൽ ജൂനിയർ ആർട്ടിസ്റ്റായും ചെറിയ ചെറിയ വേഷങ്ങളിലൂടെയും വന്നു പോയിരുന്ന നടൻ,  ഇന്ന് മുഴുനീള കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന പ്രമുഖ നടനായി, മലയാളത്തിലെ മുൻനിര നായകൻ അഭിനയിക്കുന്ന ചിത്രം സംവിധാനം ചെയ്ത സംവിധായകനായി, ഏവരെയും ചിരിപ്പിച്ചും രസിപ്പിച്ചും വിസ്മയിപ്പിച്ചു മുന്നേറുന്ന ഷാജോൺ ആണ് താരം. ‘അപരന്മാർ നഗരത്തിൽ’ എന്ന ചിത്രത്തിലൂടെ തുടങ്ങി ഒരുപാട് സിനിമകളിൽ ഇപ്പോൾ സജീവ സാന്നിധ്യമായ ഷാജോൺ ഈ വർഷം സംവിധായകനായും മലയാള സിനിമയിൽ അരങ്ങേറ്റം കുറിച്ചു. ഷാജോൺ ആദ്യമായി സംവിധാനം ചെയ്ത പൃഥ്വിരാജ് സുകുമാരൻ നായകനായി അഭിനയിച്ച ‘ബ്രദേഴ്സ് ഡേ’ എന്ന ചിത്രം തിയേറ്ററുകളിൽ വിജയ കുതിപ്പിലാണ്. ഷാജോൺ പ്രമുഖ മാധ്യമം വനിതക്ക് ഓണപ്പതിപ്പിനു നൽകിയ അഭിമുഖത്തിൽ അദ്ദേഹത്തിന്റെ പ്രിയപത്നി ജീവിതത്തിലേക്ക് ഒരു പ്രണയമായി കടന്നുവന്നതിനെക്കുറിച്ചും മറ്റു കുടുംബ വിശേഷങ്ങളും പങ്കുവയ്ക്കുകയുണ്ടായി.

ഉണ്ണിബാലചന്ദ്രന്‍ വനിതക്ക് വേണ്ടി തയ്യാറാക്കിയ അഭിമുഖത്തിൽ നിന്നുള്ള ഒരു പ്രസക്ത ഭാഗം ചുവടെ..

ഷാജോണിനോടുള്ള ചോദ്യം : പ്രണയ വിവാഹമായിരുന്നോ?

പ്രണയത്തിലൂടെ വിവാഹിതരായവരാണ് ഞങ്ങൾ. ഞാനും ഡിനിയും ഒരുമിച്ച് ഒരു ഗൾഫ് ഷോയ്ക്ക് പോയതാണ്. കോട്ടയം നസീറിന്റെ കൂടെ ഞാനും ഡാൻസർ ടീമിനൊപ്പം ഡിനിയും. കക്ഷി അന്ന് മിസ് തൃശൂരായി തിളങ്ങി നിൽക്കുകയാണ്. ഒരു മിസ് തൃശൂരിനോട് എനിക്ക് ചോദിക്കാൻ പറ്റുന്ന ചോദ്യമായിരുന്നോ അതെന്ന് എനിക്ക് ഇപ്പോഴും അറിയില്ല. എങ്കിലും എനിക്ക് ഇഷ്ടമാണെന്ന് നേരെ ചെന്നു പറഞ്ഞു. പക്ഷേ, എന്നെ ഞെട്ടിച്ചത് അവളുടെ മറുപടിയാണ്. ‘വീട്ടുകാർക്ക് ഇഷ്ടമാണേൽ അവൾക്ക് കുഴപ്പമില്ലെന്ന്.’

അപ്പോൾ തന്നെ ഇച്ചായനെ വിളിച്ചു. ഇച്ചായൻ തന്ന ആത്മവിശ്വാസത്തിൽ അമ്മച്ചിയോട് കാര്യം പറഞ്ഞു. നാട്ടിൽ വന്നിട്ട് കൂട്ടുകാരൻ രമേശുമായി ഡിനിയുടെ വീട്ടിൽ പോയി. പിന്നെ, മൂന്നുമാസം പ്രണയകാലം. 2004 ൽ കല്യാണം. രണ്ട് മക്കളാണ് ഞങ്ങൾക്ക്. മകൾ ഹന്ന, മകൻ യൊഹാൻ.