“എന്താണെന്ന് അറിയില്ല, കറുത്തവരെ എന്റെ കുഞ്ഞിന് ഇഷ്ടമല്ല” ; ഈ നിലയില്‍ ആയിട്ടും ഇങ്ങനെ കേള്‍ക്കേണ്ടി വരുന്നു.. ; വേദനയോടെ ‘സയനോര’ !

മലയാളത്തിന്റെ അഭിമാനമായ പ്രശസ്ത ഗായികയാണ് സയനോര ഫിലിപ്പ്. എ.ആർ റഹ്മാൻ, ഹാരിസ് ജയരാജ്‌ ഉൾപ്പടെയുള്ള വലിയ വലിയ സംഗീത സംവിധായകരുടെ സിനിമകളിൽ പാടാൻ അവസരം ലഭിച്ച സയനോര ആരാധകർക്ക് സുപരിചിതയാണ്. സുരാജ് വെഞ്ഞാറമൂട് നായകൻ ആയ ‘കുട്ടന്‍പിള്ളയുടെ ശിവരാത്രി’ എന്ന ചിത്രത്തിലൂടെ സംഗീത സംവിധാന രംഗത്തേക്കും സയനോര ചുവടുവച്ചിരിക്കുകയാണ്. ഇപ്പോൾ മ്യൂസിക് മോജോ സീസൺ – 6ൽ സയനോര പാടിയ ബെൻകി ബൂം എന്ന പാട്ട് ഏറെ വൈറൽ തരംഗം സൃഷ്ടിച്ചിരുന്നു. ഇക്കഴിഞ്ഞ ഒരു അഭിമുഖത്തിൽ ഒരു പരിപാടിക്കിടെ തനിക്കു നേരിടേണ്ടി വന്ന മോശം അനുഭവത്തെക്കുറിച്ച് സയനോര മനസ്സ് തുറന്നത് സോഷ്യൽ മീഡിയയിൽ ചർച്ചയാവുകയാണ്. തന്നെ അറിയുന്നവരും മലയാളികളും തീര്‍ച്ചയായും ഈ സംഭവം അറിഞ്ഞിരിക്കണം എന്നതിനാലാണ് ഇക്കാര്യം സയനോര അഭിമുഖത്തിൽ തുറന്നു പറയുന്നത് എന്ന് പറയുന്നു. ഒരു പരിപാടിയിൽ പങ്കെടുത്തപ്പോൾ അവിടെ ഒരു ഒരു കുഞ്ഞുവാവയെ കണ്ടു. സ്നേഹത്തോടെ സയനോര കുഞ്ഞിനെ കൊഞ്ചിക്കാന്‍ തുടങ്ങിയെങ്കിലും കുഞ്ഞ് സയനോരയെ ശ്രദ്ധിക്കാതെ കരച്ചിലോടു കരച്ചിൽ. എന്താണ് കുഞ്ഞിങ്ങനെ കരയുന്നതെന്നു ചോദിച്ചപ്പോൾ അമ്മയുടെ മറുപടി ഞെട്ടിക്കുന്നതായിരുന്നു. എന്താണെന്ന് അറിയില്ല കറുത്തവരെ അവന് ഇഷ്ടമല്ലത്രേ. ആ ഒരു സംഭവം തന്നെ വളരെയധികം വേദനിപ്പിച്ചെന്ന് സയനോര പറയുന്നു.

അവരുടെ മറുപടി കേട്ടതും എന്ത് ചെയ്യണമെന്നറിയാതെ സയനോര ഒരു നിമിഷം പകച്ചു നിന്നു. ഒരിക്കലും ഒരാളോടും പറയാന്‍ പാടില്ലാത്തതാണ് അപമാനിക്കുന്ന രീതിയില്‍ അവർ പറഞ്ഞതെന്നും അത് ജീവിതത്തില്‍ ഒരിക്കലും മറക്കാന്‍ കഴിയില്ലെന്നും സയനോര പറയുന്നു.‘‘കുട്ടിക്കാലം മുതല്‍ കറുത്തതായതിനാൽ ഞാന്‍ ഒരുപാട് വേദനകള്‍ സഹിച്ചിട്ടുണ്ട്. ഇപ്പോള്‍ ഈ നിലയില്‍ ആയിട്ടു പോലും ഇങ്ങനെ ഒരുപാട് കാര്യങ്ങള്‍ കേള്‍ക്കേണ്ടി വരുന്നു. എനിക്ക് കുഞ്ഞു പിറന്നപ്പോള്‍ ഞാന്‍ ആദ്യം ചോദിച്ചത് കുഞ്ഞു ആണാണോ പെണ്ണാണോ എന്നല്ല, കുഞ്ഞു ആരെ പോലെയാണ് കാണാന്‍ എന്നാണ്’’. – സയനോര പറയുന്നു. തന്റെ ജീവിതത്തില്‍ ഉണ്ടായ ദുരനുഭവം ഒരിക്കലും തന്റെ കുട്ടികള്‍ക്ക് ഉണ്ടാവരുതെന്നായിരുന്നു ആഗ്രഹം എന്നും സയനോര പറഞ്ഞു.