ഈ ഓണത്തിന് റോഡിൽ പൂ’കുളം’ !! ; കൊച്ചിയിലെ കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ പൂക്കളമിട്ട് സുന്ദരി ; ഒരു ഫോട്ടോഗ്രാഫറുടെ പ്രതിഷേധം അങ്ങനെ.. #വൈറൽ

കൊച്ചി നഗരത്തിലെ റോഡുകളുടെ ശോചനീയാവസ്ഥ തുറന്നുകാട്ടി ക്യാമറ കണ്ണുകളിലൂടെ ക്രിയാത്മകമായി പ്രതിഷേധവുമായി ഫോട്ടോഗ്രാഫർ അനുലാൽ.കുണ്ടും കുഴിയും നിറഞ്ഞ റോഡിൽ ഇത്തവണ ഓണമാഘോഷിച്ചു പൂക്കളം ഇടുന്ന സുന്ദരിയുടെ ചിത്രം പകർത്തിയാണ് ഈ ഫോട്ടോ ഗ്രാഫർ പ്രതിഷേധം അറിയിക്കുന്നത്.റോഡിൽ  പൂ ‘കുളം’ എന്ന തലക്കെട്ടോടെയാണ് അദ്ദേഹം ഈ ചിത്രം സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരിക്കുന്നത്.കൊച്ചിയിലെ റോഡുകളുടെ ശോചനീയാവസ്ഥ ഇപ്പോൾ സോഷ്യൽ മീഡിയയിലെ പ്രധാന ചർച്ചാ വിഷയമായി മാറികൊണ്ടിരിക്കുകയാണ്.കഴിഞ്ഞ ദിവസമാണ് കൊച്ചിയിലെ റോഡുകള്‍ നന്നാക്കാത്തതിന് ഹൈക്കോടതി സര്‍ക്കാരിനെതിരെ സ്വമേധയാ കേസെടുത്തത്. റോഡുകളുടെ ഈ ദുരവസ്ഥയിൽ നിരവധിപേരാണ് ട്രോളുകളും കുറിപ്പുകളുമായി സോഷ്യൽ മീഡിയ വഴിയും അല്ലാതെയും സർക്കാരിനെതിരെ പ്രതിഷധവും പരിഹാസവുമായി രംഗത്തു വരുന്നത്.സാധാരണഗതിയിൽ റോഡിലെ കുഴിയിൽ വാഴ വച്ചും തോണിയുണ്ടാക്കി ഒഴുക്കിവിട്ടുമാണ് പ്രതിഷേധമെങ്കിൽ ഇത്തവണ ഒരു ഫോട്ടോഗ്രാഫർ അദ്ദേഹത്തിന് കഴിയുന്ന രീതിയാണ് പശരീക്ഷിച്ചിരിക്കുന്നത്.പൊട്ടിപ്പൊളിഞ്ഞ റോഡിൽ അത്തപ്പൂക്കളമിടുന്ന ഒരു സുന്ദരിയുടെ ചിത്രമാണ് സൈബർ ലോകത്ത് ഇപ്പോൾ വൈറലായിരിക്കുന്നത്.

മോഡൽ നിയ ശങ്കരത്തിലാണ് ഫോട്ടോയിൽ അത്തപ്പൂക്കളം ഇടുന്ന സുന്ദരി.ഫോട്ടോഗ്രാഫർ അനുലാലിന്റെ ഈ ആശയത്തിന് നിറഞ്ഞ കൈയ്യടികൾ നൽകുകയാണ് പ്രേക്ഷകർ.ഇത്തരത്തിൽ റോഡുകളുടെ ശോചനീയാവസ്ഥയിൽ എതിരെ ജനങ്ങളുടെ പ്രതികരണം അനുദിനം ശക്തിപ്രാപിക്കുകയാണ്.